Sunday, April 27, 2025
KuwaitTop Stories

നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി യുവാവ് വിമാനത്തിൽ വെച്ച് മരണപ്പെട്ടു

കുവൈത്തിൽ നിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്ന മലയാളി യുവാവ് വിമാനത്തിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഫോർട്ട് കൊച്ചി പള്ളുരുത്തി ബിന്നി കമ്പനി റോഡ് അറക്കൽ വീട്ടിൽ അനൂപ് ബെന്നി (32) ആണ് മരണപ്പെട്ടത്.

ഹൃദയസംബന്ധമായ അസുഖം ഉണ്ടായിരുന്ന അനൂപിന് വെള്ളിയാഴ്ച രാവിലെ കുവൈത്തിൽ വെച്ച് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. തുടർന്ന് ഒരു സ്വകാര്യ ക്ലിനിക്കിൽ പരിശോധന നടത്തുകയും ഹൃദയമിടിപ്പിൽ വ്യത്യാസം കാണിക്കുകയും ചെയ്തു.

തുടർന്ന് വൈകിട്ടത്തെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നാട്ടിലേക്ക് യാത്ര ചെയ്യവെ വീണ്ടും ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകുകയും, വിമാനത്തിൽ വെച്ച് തന്നെ മരണം സംഭവിക്കുകയുമായിരുന്നു.

വിമാനം ഉടൻതന്നെ അടിയന്തിരമായി മുംബൈ എയർപോർട്ടിൽ ഇറക്കുകയായിരുന്നു. മൃതദേഹം ഇപ്പോൾ മുംബൈയിലാണ് ശൂക്ഷിച്ചിട്ടുള്ളത്.

കഴിഞ്ഞ എട്ട് വർഷമായി കുവൈത്തിൽ ജോലി ചെയ്തുവരികയായിരുന്ന അനൂപ്, അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിലെ അക്കൗണ്ടന്റായിരുന്നു.

ഭാര്യ ഇലന്തൂർ പുതിയത്ത് വീട്ടിൽ ആൻസി സാമുവേലുമായി ആറ് മാസം മുൻപായിരുന്നു അനൂപിന്റെ വിവാഹം.

അനൂപിൻ്റെ സംസ്കാരം ഫോർട്ട്കൊച്ചി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് സിറിയൻ പള്ളി സെമിത്തേരിയിൽ നടക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa