സൗദിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സ്വദേശിയെ വധശിക്ഷക്ക് വിധേയനാക്കി
സൗദിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം ഇന്ന് (ചൊവ്വാഴ്ച) അറിയിച്ചു.
സൗദി അറേബ്യയിലെ ഹായിൽ മേഖലയിലാണ്, ഖാലിദ് ബിൻ മുബാറക് ബിൻ ഖാസി അൽ ഷംരി എന്ന സൗദി പൗരനെ വധശിക്ഷക്ക് വിധേയനാക്കിയത്.
സുരക്ഷാ അധികാരികൾ നടത്തിയ അന്വേഷണത്തിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും തുടർന്ന് പ്രതിക്കെതിരായ ആരോപണങ്ങൾ കോടതിയിൽ തെളിയിക്കപ്പെടുകയും ചെയ്തു.
പ്രതിയുടെ ക്രൂരമായ പ്രവൃത്തികൾ കണക്കിലെടുത്ത്, ഇയാൾക്കും സമാനമായ കുറ്റകൃത്യം ചെയ്യാൻ ധൈര്യപ്പെടുന്ന മറ്റുള്ളവർക്കും ഒരു പാഠമാകേണ്ട ശിക്ഷ നൽകേണ്ടത് അത്യാവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്ക് വധശിക്ഷ നൽകാൻ കോടതി ഉത്തരവിട്ടത്. വിചാരണ കോടതിയുടെ വിധിക്കെതിരെ പ്രതി നൽകിയ അപ്പീൽ പിന്നീട് സുപ്രീം കോടതി തള്ളുകയും, വിധി ശരിവയ്ക്കുകയും ചെയ്തു.
ഇതോടെ വിധി അന്തിമമാവുകയും ശരിയത്ത് നിയമപ്രകാരം ശിക്ഷ നടപ്പാക്കാൻ രാജകീയ ഉത്തരവ് പുറപ്പെടുവിക്കുകയുമായിരുന്നു.
പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരായ അതിക്രമങ്ങളെ സൗദി അറേബ്യ ഗൗരവമായി കാണുന്നുവെന്നും ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് കടുത്ത ശിക്ഷ നൽകുമെന്നുമുള്ള ശക്തമായ സന്ദേശമാണ് ഈ നടപടിയിലൂടെ അധികൃതർ നൽകുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa