Sunday, May 25, 2025
Saudi ArabiaTop Stories

ഈ വർഷത്തെ ഹജ്ജിന് ഇത് വരെ എത്തിയത് ഒൻപത് ലക്ഷത്തോളം തീർത്ഥാടകർ; വിസിറ്റ് വിസക്കാർക്ക് മുന്നറിയിപ്പ്

ജിദ്ദ:  ഈ വർഷത്തെ ഹജ്ജിനായി വെള്ളിയാഴ്ച വരെ സൗദി അറേബ്യയിൽ എത്തിയ അന്താരാഷ്ട്ര തീർത്ഥാടകരുടെ എണ്ണം 8,90,883 ആയി ഉയർന്നതായി ജനറൽ പാസ്‌പോർട്ട് ഡയറക്ടറേറ്റ് (ജവാസത്ത്) അറിയിച്ചു.

ഹജ്ജ് തീർത്ഥാടനത്തിനുള്ള തയ്യാറെടുപ്പിനായി വിമാനത്താവളങ്ങൾ, ലാൻഡ് ക്രോസിംഗുകൾ, തുറമുഖങ്ങൾ എന്നിവയിലൂടെ തീർത്ഥാടകർ രാജ്യത്തേക്ക് പ്രവേശിക്കുന്നത് തുടരുന്ന സാഹചര്യത്തിൽ തീർഥാടകരുടെ ആകെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വഴി 8,46,415 തീർത്ഥാടകരും കര അതിർത്തി ക്രോസിംഗുകൾ വഴി 41,646 പേരും തുറമുഖങ്ങൾ വഴി 2,822 പേരും രാജ്യത്ത് എത്തിയതായി ജവാസത്ത് റിപ്പോർട്ട് ചെയ്തു. എല്ലാ പ്രധാന പോർട്ടുകളിലും  നൂതന സാങ്കേതിക സംവിധാനങ്ങളും ബഹുഭാഷാ ജീവനക്കാരും ഉൾപ്പെടെ പ്രവേശന പ്രക്രിയ സുഗമമാക്കുന്നതിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന്‌ ഡയറക്ടറേറ്റ് വീണ്ടും സ്ഥിരീകരിച്ചു.

അതേ സമയം തീർത്ഥാടകരുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച്, സാധുവായ അനുമതിയില്ലാതെ ഹജ്ജ് നിർവഹിക്കാൻ ശ്രമിക്കുന്ന വ്യക്തികൾക്ക് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു മുന്നറിയിപ്പ് നൽകി.

ടൂറിസം, ബിസിനസ്, കുടുംബ സന്ദർശനങ്ങൾ എന്നിവയുൾപ്പെടെ ഏത് തരം സന്ദർശന വിസക്കാർക്കും ഹജ്ജ് നിർവഹിക്കാൻ അവകാശമില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.ദുൽഹിജ്ജ  14 ന് മുമ്പ് മക്കയിലോ പുണ്യസ്ഥലങ്ങളിലോ പ്രവേശിക്കുകയോ താമസിക്കുകയോ ചെയ്യുന്ന വിസിറ്റ് വിസയിലുള്ള ഏതൊരു വ്യക്തിക്കും 20,000 റിയാൽ വരെ പിഴ ചുമത്തുമെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു. പിടിക്കപെടുന്നവർക്ക് നാടുകടത്തലും രാജ്യത്തേക്ക് വീണ്ടും പ്രവേശിക്കുന്നതിന് 10 വർഷത്തെ വിലക്കും നേരിടേണ്ടിവരും എന്നും എല്ലാവരും ഹജ്ജ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു. 

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്