അമേരിക്കൻ നിർദ്ദേശം അംഗീകരിച്ച് ഹമാസ്; ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് സാധ്യത
ഗാസയിൽ ദീർഘകാലമായി തുടരുന്ന സംഘർഷത്തിന് അറുതി വരുത്താൻ ലക്ഷ്യമിട്ടുള്ള അമേരിക്കയുടെ വെടിനിർത്തൽ നിർദ്ദേശം ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ടുകൾ.
ഖത്തർ തലസ്ഥാനമായ ദോഹയിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് ഈ സുപ്രധാന നീക്കം. യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ഹമാസ് പ്രതിനിധികളും തമ്മിലാണ് ചർച്ചകൾ നടന്നത്.
കരടുരേഖ പ്രകാരം, 60 ദിവസത്തെ വെടിനിർത്തലാണ് വിഭാവനം ചെയ്യുന്നത്. ഇതിൽ രണ്ട് ഘട്ടങ്ങളിലായി തടവുകാരെ കൈമാറും. ആദ്യഘട്ടത്തിൽ അഞ്ച് ഇസ്രായേലി ബന്ദികളെ ഹമാസ് മോചിപ്പിക്കും.
60 ദിവസത്തിന് ശേഷം ശേഷിക്കുന്ന അഞ്ച് ബന്ദികളെയും, കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളും ഹമാസ് വിട്ടയക്കും. ഇതിന് പകരമായി പലസ്തീൻ തടവുകാരെ ഇസ്രായേൽ മോചിപ്പിക്കും.
വെടിനിർത്തൽ ചർച്ചകൾക്കിടയിലും ഗാസയിൽ ഇസ്രായേലിന്റെ ആക്രമണങ്ങൾ തുടരുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. ഗാസ നഗരത്തിലെ ഒരു സ്കൂൾ ഷെൽട്ടറായി മാറ്റിയ സ്ഥലത്ത് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നിരവധി കുട്ടികളടക്കം കുറഞ്ഞത് 36 പലസ്തീനികൾ കൊല്ലപ്പെട്ടു.
ഈ സാഹചര്യത്തിൽ വെടിനിർത്തൽ കരാർ ഗാസയിലെ ജനങ്ങൾക്ക് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ കരാർ എത്രത്തോളം ഫലപ്രദമാകുമെന്ന് വരും ദിവസങ്ങളിൽ കണ്ടറിയണം. ഗാസയുടെ പുനർനിർമ്മാണവും സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം എന്ന ആവശ്യവും ഉൾപ്പെടെയുള്ള ദീർഘകാല പ്രശ്നങ്ങളിൽ ഒരു സമവായം കണ്ടെത്തേണ്ടതുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa