Friday, March 6, 2026
Saudi ArabiaTop Stories

വിശുദ്ധ മണ്ണിലെ ഹൃദയസ്പർശിയായ കാഴ്ച; വൈറൽ വീഡിയോയിലെ നായകനെ തേടി മക്ക മുനിസിപ്പാലിറ്റിയുടെ ആദരമെത്തി (വീഡിയോ)

മസ്ജിദുൽ ഹറമിൽ കാരുണ്യത്തിന്റെയും സഹോദര്യത്തിന്റെയും മനോഹരമായ ചിത്രം വരച്ചുകാട്ടിയ ശുചീകരണ തൊഴിലാളിയെ മക്ക മുനിസിപ്പാലിറ്റി ആദരിച്ചു.

ഇദ്ദേഹം തീർത്ഥാടകനെ സഹായിക്കുന്ന ഹൃദയസ്പർശിയായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെത്തുടർന്നാണ് ഈ അംഗീകാരം.

മസ്ജിദുൽ ഹറമിൽ ഒരാൾ സൗജന്യമായി നിസ്കാര വിരിപ്പുകൾ വിതരണം ചെയ്യുകയായിരുന്നു. അവിടെ ജോലിയിലുണ്ടായിരുന്ന ഈ ശുചീകരണ തൊഴിലാളിക്കും ഒരു വിരിപ്പ് ലഭിച്ചു.

ആ സമയത്താണ് ഒരു തീർത്ഥാടകൻ വിരിപ്പിനായി കൈനീട്ടിയത്. എന്നാൽ വിതരണം ചെയ്തുകൊണ്ടിരുന്ന ആളുടെ അടുത്തുള്ള വിരിപ്പുകൾ അപ്പോഴേക്കും തീർന്നുപോയിരുന്നു.

നിരാശനായി മടങ്ങാൻ തുടങ്ങിയ തീർത്ഥാടകനെ കണ്ട ഉടനെ, തൊഴിലാളി ഒട്ടും ആലോചിക്കാതെ തനിക്ക് ലഭിച്ച വിരിപ്പ് അദ്ദേഹത്തിന് നേരെ നീട്ടുകയായിരുന്നു.

ഈ നിസ്വാർത്ഥമായ പ്രവൃത്തി കണ്ടുനിന്ന ആരോ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയതോടെ ആയിരക്കണക്കിന് ആളുകളാണ് ഇദ്ദേഹത്തെ പ്രശംസിച്ചത്.

ആബൂൻ അബൂബക്കർ എന്ന ബംഗ്ലാദേശി തൊഴിലാളിയെ ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുവന്നാണ് മക്ക മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ അദ്ദേഹത്തെ ആദരിച്ചത്. ത്യാഗത്തിന്റെയും സേവന സന്നദ്ധതയുടെയും ഉത്തമ ഉദാഹരണമാണ് ഈ തൊഴിലാളിയെന്ന് അധികൃതർ പറഞ്ഞു.

“അല്ലാഹുവിന്റെ അതിഥികളെ സേവിക്കാൻ നിയോഗിക്കപ്പെട്ടവർ പുലർത്തേണ്ട മാനുഷിക മൂല്യങ്ങളാണ് അദ്ദേഹം ഉയർത്തിപ്പിടിച്ചത്. ഇത് ഹറമിലെ മുഴുവൻ ജീവനക്കാർക്കും വലിയൊരു മാതൃകയാണ്,” മുനിസിപ്പാലിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി. വീഡിയോ കാണാം👇

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa