21 വർഷത്തിന് ശേഷം വികാരനിർഭരമായ ഒരു ഒത്തുചേരൽ; ജീവിതം നൽകിയ സൗദിയോട് നന്ദി പറഞ്ഞ് ഓൾഗയും ദാരിയയും റിയാദിലെത്തി
റിയാദിലെ കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിൽ തിങ്കളാഴ്ച വികാരാധീനമായ ഒരു ഒത്തുചേരൽ നടന്നു.
21 വർഷങ്ങൾക്ക് ശേഷം, പോളിഷ് ഇരട്ട സഹോദരിമാരായ ഓൾഗയും ദാരിയ കൊളാച്ചും തങ്ങൾക്ക് പുതുജീവൻ നൽകിയതിന് നന്ദി അറിയിക്കാനാണ് റിയാദിലെത്തിയത്.
2005 ജനുവരി നാലിനായിരുന്നു, പരസ്പരം ഒട്ടിപ്പിടിച്ച നിലയിൽ സൗദിയിലെത്തിയ, അന്ന് പിഞ്ചുകുഞ്ഞുങ്ങളായിരുന്ന ഇവരെ വേർപെടുത്താനുള്ള സങ്കീർണ്ണമായ ശസ്ത്രക്രിയ റിയാദിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ വെച്ച് നടന്നത്.
ഡോ. അൽ-റബീഹയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം 15 മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിലാണ് ഇവരെ വിജയകരമായി വേർപെടുത്തിയത്.
കഴിഞ്ഞ 35 വർഷത്തിനിടെ 28 രാജ്യങ്ങളിൽ നിന്നുള്ള 155 ഇരട്ട കുട്ടികൾക്ക് ഈ പദ്ധതിയിലൂടെ സൗജന്യ പരിചരണം നൽകിയിട്ടുണ്ട്. ഇതിൽ 67 ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി.
സൗദി കോൺജോയിൻഡ് ട്വിൻസ് പ്രോഗ്രാമിന് അന്താരാഷ്ട്ര തലത്തിൽ ലഭിച്ച വലിയ അംഗീകാരം ഭരണാധികാരികളായ സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെയും അകമഴിഞ്ഞ പിന്തുണ മൂലമാണെന്ന് ഡോ. അൽ-റബീഹ ചടങ്ങിൽ പറഞ്ഞു.
തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായിരുന്നു ആ ശസ്ത്രക്രിയയെന്ന് ഓൾഗയും ദാരിയയും പറഞ്ഞു. മറ്റൊരാളുടെ സഹായമില്ലാതെ സ്വതന്ത്രമായി ജീവിക്കാനും സാധാരണ ജീവിതം നയിക്കാനും തങ്ങളെ പ്രാപ്തരാക്കിയ സൗദി അറേബ്യയോടും ഡോ. അൽ-റബീഹയോടും ഹൃദയംഗമമായ നന്ദി അവർ രേഖപ്പെടുത്തി.
ലോകമെമ്പാടുമുള്ള അവശത അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി മാറുന്ന സൗദിയുടെ മാനുഷിക മൂല്യങ്ങളുടെ ഉദാഹരണമാണ് ഈ പദ്ധതിയെന്ന് ഡോ. അൽ-റബീഹ കൂട്ടിച്ചേർത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
