Friday, March 13, 2026
IndiaMiddle EastTop Stories

ഇറാൻ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിലും സാധാരണക്കാരുടെ ജീവൻ നഷ്ടമാകുന്നതിലും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി ഫോണിലൂടെ സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ആഴത്തിലുള്ള ആശങ്ക രേഖപ്പെടുത്തി.

മേഖലയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്ത മോദി, സമാധാനവും സുസ്ഥിരതയും പുനഃസ്ഥാപിക്കാനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത ആവർത്തിച്ചു.

സംഘർഷങ്ങൾ ഒഴിവാക്കാൻ നയതന്ത്ര ചർച്ചകളുടെയും വിട്ടുവീഴ്ചകളുടെയും പാത സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ഇറാൻ പ്രസിഡന്റിനോട് ആവശ്യപ്പെട്ടു.

സമാധാനപരമായ അന്തരീക്ഷം മേഖലയുടെ നിലനിൽപ്പിന് അനിവാര്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. എക്സിലൂടെയാണ് പ്രധാനമന്ത്രി ഈ വിവരങ്ങൾ പങ്കുവെച്ചത്.

മേഖലയിലെ നിലവിലെ സാഹചര്യത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ മുൻഗണന അവിടെയുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കൂടാതെ, ചരക്ക് നീക്കവും ഊർജ്ജ വിതരണവും തടസ്സമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ആഗോള വിപണിയെയും ഇന്ത്യയുടെ വ്യാപാര മേഖലയെയും ബാധിക്കാതിരിക്കാനുള്ള നടപടികൾക്ക് ഇന്ത്യ പ്രാധാന്യം നൽകുന്നുണ്ട്.

നേരത്തെ ഇസ്രായേൽ പ്രധാനമന്ത്രിയുമായും മോഡി സമാനമായ രീതിയിൽ ചർച്ചകൾ നടത്തിയിരുന്നു. മേഖലയിൽ സമാധാനം കൊണ്ടുവരാൻ സാധ്യമായ എല്ലാ നയതന്ത്ര ഇടപെടലുകളും ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa