Sunday, November 24, 2024
KeralaSpecial Stories

നാടൊരുമിച്ചാൽ നേടാനാകാത്തതില്ല; ഒഴുകിയെത്തിയത് ലക്ഷങ്ങൾ, തണലായത് പത്തോളം രോഗികൾക്ക്

ഇരു വൃക്കകളും തകരാറിലായ എട്ടാം ക്‌ളാസ്സുകാരന് വൃക്ക മാറ്റിവെക്കാൻ ധനസഹായത്തിനായി നാട്ടുകാർ ഒരുമിച്ചു. പിരിഞ്ഞു കിട്ടിയത് പ്രതീക്ഷിച്ചതിലേറെ തുക. ഒടുവിൽ തണലായത് പത്തോളം രോഗികൾക്ക്.

മലപ്പുറം ജില്ലയിലെ കാളികാവ് പഞ്ചായത്തിൽ പെട്ട പള്ളിശ്ശേരിയിലെ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന നബീഹിന്റെ ഇരു വൃക്കകളും തകരാറിലായതിനെ തുടർന്ന്, വൃക്ക മാറ്റിവെക്കാൻ ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു. നിത്യജീവിതത്തിനു പാടുപെടുന്ന നബീഹിന്റെ കുടുംബത്തിന് ഊഹിക്കാൻ പോലും കഴിയാത്ത ചികിത്സാ ചെലവുകൾ. വൃക്ക മാറ്റിവെക്കാൻ 30 ലക്ഷം രൂപ വേണം.

ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ നാട്ടുകാർ രംഗത്തിറങ്ങി നബീഹ് സഹായ നിധി രൂപീകരിച്ചു. ലക്ഷ്യം വെച്ചത് 30 ലക്ഷം. എന്നാൽ നാട്ടുകാരുടെ നിശ്ചയദാർഢ്യം കൊണ്ടും വിശ്രമമില്ലാത്ത പ്രവർത്തനം കൊണ്ടും സ്വരൂപിക്കാനായത് ഇരട്ടിലയിലേറെ തുക. നാട്ടിലുള്ളവർക്ക് പുറമെ കാളികാവ് നിവാസികളുടെ വിവിധ പ്രവാസി കൂട്ടായ്മകൾ കൂടി അകമഴിഞ്ഞ് സഹായിച്ചതോടെ പിരിഞ്ഞു കിട്ടിയത് 88 ലക്ഷം. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ പൂർണ്ണ വിജയം. നബീഹ് കൂട്ടുകാരോടൊപ്പം സ്ക്കൂളിൽ പോകുന്നത് ചാരിദാർത്ഥ്യത്തോടെ നോക്കി നിൽക്കുകയാണ് നാട്ടുകാർ.

പിരിഞ്ഞു കിട്ടിയ പണത്തിൽ നിന്ന് നബീഫിന്റെ തുടർചികിത്സക്കും മറ്റു മാ യി 35 ലക്ഷം രൂപ നാട്ടുകാർ ബാങ്കിൽ നിക്ഷേപിച്ചു. ബാക്കി വന്ന തുക മറ്റു പാവപ്പെട്ട രോഗികൾക്ക് കഴിഞ്ഞ ദിവസം വിതരണം ചെയ്തു. നാടൊരുമിച്ചാൽ നേടാനാകാത്തതില്ല എന്ന ചരിത്രമാണ് പള്ളിശ്ശേരിയിൽ പിറന്നത്.

പള്ളിശ്ശേരി ഗ്രാമിക ഗായക സംഘം പാടി നടന്ന് പിരിച്ചത് മാത്രം 8 ലക്ഷത്തോളം രൂപയാണ്. കാപ്പ, കസവ്, മവാസ, ജിദ്ദ അഞ്ചച്ചവിടി ഏരിയാ, തുടങ്ങിയ പ്രവാസി സംഘടനകൾ അകമഴിഞ്ഞ് സഹായിച്ചു. നാട്ടിലെ മുഴുവൻ പള്ളികളിലും സ്കൂളുകളിലും മദ്‌റസ്സകളിലും കുട്ടികൾ നബീഹിനായി പണപ്പിരിവ് നടത്തി. പള്ളിശ്ശേരിയിലുള്ള വിവിധ രാഷ്ടീയ മത സംഘടനാ പ്രവർത്തകരാണ് കമ്മിറ്റിയിലുണ്ടായിരുന്നത്. നാടിനും നാട്ടാർക്കുമായി എന്തിനും തയ്യാറുള്ള ഒരു വിഭാഗം ഇവിടെ സജീവമാണെന്നുള്ള തോന്നൽ ഒരു ഗ്രാമത്തിന്റെ വിജയം തന്നെയാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa