ഇസ്ലാമിക രാജ്യങ്ങളുടെ സമ്മേളനത്തിനു ഇന്ത്യയും
അബുദാബി: ഇസ്ലാമിക രാജ്യങ്ങളുടെ ആഗോള കൂട്ടയ്മായായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്‍ (ഒഐസി) സമ്മേളനത്തിലേക്ക് ഇന്ത്യക്ക് പ്രത്യേക ക്ഷണം. അടുത്തമാസം ഒന്നിന് അബുദാബിയില്‍ വെച്ചാണ് നടക്കുന്ന ഒഐസി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തില്‍ അതിഥിയായാണ് ഇന്ത്യയെ ക്ഷണിച്ചിരിക്കുന്നത്.
ആതിഥേയ രാജ്യമായ യുഎഇയുടെ വിദേശകാര്യ – അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‍യാനാണ് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ ഒഐസി സമ്മേളനത്തിലേക്ക് ക്ഷണിച്ചത്.
സമ്മേളനത്തില്‍ സുഷമ സ്വരാജ് പങ്കെടുക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഒഐസി സമ്മേളനത്തിൽ അതിഥിയായി ഇന്ത്യ പങ്കെടുക്കുന്നത് ചരിത്രത്തിലിതാദ്യമായാണു. പാകിസ്ഥാന്‍ ഉള്‍പ്പെടെ 57 രാജ്യങ്ങളാണു ഒ ഐ സിയിലെ അംഗങ്ങൾ.
1969ല്‍ മൊറോക്കോയില്‍ വെച്ചുനടന്ന ഒഐസി സമ്മേളനത്തില്ലാണു ആദ്യമായി ഇന്ത്യയെ ഔദ്യോഗികമായി ക്ഷണിച്ചിരുന്നത്. അന്ന് ആദ്യ സെഷനില്‍ ഇന്ത്യന്‍ അംബാസഡര്‍ ഗർഭജൻ സിംഗ് പങ്കെടുത്തു. മുൻ രാഷ്ട്രപതി ഫഖ്റുദ്ദീന്‍ അലി അഹ്‍മദിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സംഘം സമ്മേളനത്തിൽ പങ്കെടുക്കാൻ മൊറോക്കോയിലെത്തിയെങ്കിലും ഒരു സെഷനില്‍ പോലും അവർക്ക് പങ്കെടുക്കാന്‍ സാധിച്ചില്ല.
അന്ന് പാകിസ്ഥാന്റെ ശാഠ്യത്തിന് വഴങ്ങി ഇന്ത്യയ്ക്കുള്ള ക്ഷണം പിന്‍വലിക്കുകയും പ്രതിഷേധ സൂചകമായി മൊറൊക്കോയിലെ ഇന്ത്യന്‍ സ്ഥാനപതിയെ ഇന്ത്യ തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു.
രാജ്യത്തെ 18.5 കോടി മുസ്ലിംകളുടെ പ്രാതിനിധ്യത്തിനും ഇന്ത്യന്‍ സമൂഹത്തിന്റെ വൈവിധ്യത്തിനും ഇസ്ലാമിക ലോകത്തിന് ഇന്ത്യ നൽകിയ സംഭാവനകള്‍ക്കുമുള്ള അംഗീകാരമായി ഇതിനെ കാണുന്നുവെന്നുമാണു വിദേശകാര്യ മന്ത്രാലയം ക്ഷണത്തിനു പ്രതികരണമായി അറിയിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa