സൗദിയിലേക്ക് മദ്യക്കടത്ത്;16 മലയാളികൾ പിടിയിൽ; പിറകിൽ വയനാട്, ആലപ്പുഴ സംഘമെന്ന് റിപ്പോർട്ട്
ബഹ്രൈൻ കോസ് വേ വഴി നടത്തുന്ന മദ്യക്കടത്തു കേസുകളിൽ മലയാളികളുടെ സാന്നിദ്ധ്യം വർധിക്കുന്നതായി സൂചന. മലയാളി കുടുംബം അടക്കം 16 പേരാണു കഴിഞ്ഞ ഒരു മാസത്തിനകം സൗദി കസ്റ്റംസിൻ്റെ പിടിയിൽ പെട്ടത്.
ബഹ്രൈനിൽ താമസിക്കുന്ന മലയാളി കുടുംബത്തിൻ്റെ സാംബത്തിക പരാധീനത മുതലെടുക്കുകയായിരുന്നു മദ്യക്കടത്ത് സംഘം. മദ്യക്കടത്ത് ലോബി നൽകുന്ന പെട്ടി സൗദിയിലെത്തിച്ചാൽ നാട്ടിലേക്കുള്ള യാത്രാ ചിലവ് അവർ വഹിക്കാമെന്ന വാഗ്ദാനത്തിൽ വീഴുകയായിരുന്നു എറണാകുളം സ്വദേശി. തുടർന്ന് ഭാര്യയോടും ഒന്നരയും ഏഴും വയസ്സുള്ള രണ്ട് കുട്ടികളോടുമൊത്ത് സൗദിയിലേക്ക് പെട്ടിയുമായി കടക്കുകയായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥർ ഇവരുടെ കാർ പരിശോധിച്ചപ്പോൾ 120 മദ്യക്കുപ്പികളാണു കണ്ടെത്തിയത്. ഭാര്യെയും കുട്ടികളെയും പിന്നീട് ബഹ്രൈനിലേക്ക് തിരിച്ചയച്ചെങ്കിലും ഭർത്താവ് ഇപ്പോഴും സൗദിയിൽ ജയിലിലാണു.
മാതാവിനു കാൻസറും സഹോദരിക്ക് മാനസികാസ്വസ്ഥതയും ഉള്ള ഒരു വയനാട് സ്വദേശിയെയും മദ്യ ലോബി കുടുക്കി. ഇയാളുടെ പരാധീനത മുതലെടുത്ത സംഘം ടാക്സി ഡ്രൈവറായി ജോലി നൽകുകയും ബഹ്രൈനിൽ നിന്ന് തിരിച്ച് ദമാമിലേക്കുള്ള യാത്രയിൽ സിഗരറ്റ് പെട്ടികൾ നൽകുകയും ചെയ്യുകയായിരുന്നു പതിവ്. കഴിഞ്ഞയാഴ്ച നടന്ന പരിശോധനയിൽ കസ്റ്റംസ് അധികൃതർ സിഗരറ്റ് പെട്ടിക്കുള്ളിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തപ്പോൾ മാത്രമാണു താൻ വഞ്ചിക്കപ്പെട്ടത് യുവാവ് അറിഞ്ഞത്.
കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് യുവാക്കളെ നല്ല ശംബളം ഓഫർ ചെയ്ത് ടാക്സി ഡ്രൈവർമാരായി റിക്രൂട്ട് ചെയ്യുകയും ബഹ്രൈനിലേക്ക് പോയി തിരികെ ദമാമിലേക്ക് വരുംബോൾ അവരറിയാതെ മദ്യക്കുപ്പുകൾ വാഹനത്തിൽ ഒളിപ്പിക്കുകയും ചെയ്യുക ഈ സംഘത്തിൻ്റെ പതിവാണു. മലപ്പുറ തിരൂർ സ്വദേശിയായ ഒരാൾ അങ്ങനെ ഒരു ചതിക്കുരുക്കിൽ പെട്ട് ജയിലിലായിരുന്നു.
ഇങ്ങനെ പലരും അറിയാതെ പെടുന്നുണ്ടെങ്കിലും എല്ലാം അറിഞ്ഞിട്ടും അതി വേഗം പണക്കാരനാകാനുള്ള മോഹവും പല യുവാക്കളെയും മദ്യക്കടത്തിനു പ്രേരിപ്പിക്കുന്നുണ്ടെന്നതാണു വസ്തുത.
വയനാടും ആലപ്പുഴയും ഉള്ള ചില സംഘങ്ങളാണു ഈ മദ്യക്കടത്തിനു പിറകിലെന്നാണു റിപ്പോർട്ട്. യുവാക്കളുടെ കുടുംബങ്ങളുടെ പരാധീനതകൾ മുതലെടുത്ത് അവരെ ചൂഷണം ചെയ്യുകയാണു ഈ സംഘം ലക്ഷ്യമാക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa