ഫിഫ 2022; ഖത്തറിനെതിരെയുള്ള ഉപരോധം ഒഴിവാക്കാൻ കാരണമാകുമോ ?
ഖത്തറിനെതിരെയുള്ള ഉപരോധം ഒഴിവാക്കാൻ അറബ് രാജ്യങ്ങളെ പ്രേരിപ്പിക്കുന്നതിനു 2022 ഫിഫ ലോകക്കപ്പ് ഒരു കാരണമായേക്കുമെന്ന ചർച്ച അന്താരാഷ്ട്ര തലത്തിൽ പുരോഗമിക്കുന്നു.
ഫിഫ പ്രസിഡൻ്റിൻ്റെ ആഗ്രഹ പ്രകാരം 2022 ലോകക്കപ്പിൽ 48 ടീമുകൾ മത്സരിക്കുകയാണെങ്കിൽ 16 ടീമുകളുടെ മത്സരങ്ങൾക്ക് ഖത്തറിനു പുറമെ മറ്റു ഗൾഫ് രാജ്യങ്ങൾ ആതിഥേയത്വം വഹിക്കേണ്ടി വരും.
നിലവിൽ സൗദി, യു എ ഇ, ബഹ്രൈൻ എന്നീ ഗൾഫ് രാജ്യങ്ങൾ ഖത്തറുമായുള്ള ബന്ധങ്ങൾ വിച്ഛേദിച്ചതിനാൽ കുവൈത്തിനും ഒമാനുമായിരിക്കും ആതിഥേയത്വത്തിനു നറുക്ക് വീഴുക.
ഈ സന്ദർഭത്തിൽ ഉപരോധ പ്രഖ്യാപിച്ച രാജ്യങ്ങൾ തീരുമാനത്തിൽ നിന്ന് അയഞ്ഞാൽ മികച്ച സൗകര്യങ്ങളുള്ള സൗദിക്കും യു എ ഇക്കുമെല്ലാം സഹ ആതിഥേയത്വത്തിനു അവസരം ലഭിക്കാൻ സാധ്യതയുണ്ടെന്നാണു സൂചന. ആതിഥേയത്വ രാജ്യത്തിൻ്റെ അഭിപ്രായം കൂടി പരിഗണിച്ചാണു ഫിഫ വേദികളുടെ വിപുലപ്പെടുത്തൽ തീരുമാനിക്കുക എന്നതിനാൽ ഖത്തറിൻ്റെ തീരുമാനം അതി പ്രധാനമാണു. ഉപരോധം നീക്കാതെ ഖത്തർ ഒരിക്കലും ഉപരോധം പ്രഖ്യാപിച്ച രാജ്യങ്ങളിൽ കളി നടത്താൻ പിന്തുണ നൽകില്ലെന്നാണു അസോസിയേറ്റഡ് പ്രസ് റിപ്പോർട്ടിൽ പറയുന്നത്.
ഫിഫ റൂളിംഗ് കൗൺസിലിൻ്റെ ഫെസബിലിറ്റി റിപ്പോർട്ട് അടിസ്ഥാനമാക്കിയാണു അസോസിയേറ്റഡ് പ്രസ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa