റിയാദിലെ പ്രധാന റോഡുകളിലൊന്ന് ഇനി കിരീടാവകാശിയുടെ പേരിൽ അറിയപ്പെടും
റിയാദിലെ പ്രധാന റോഡുകളിലൊന്നിന് ഇനി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ പേരിൽ അറിയപ്പെടും. സൽമാൻ രാജാവാണു ഇതിനു നിർദ്ദേശം നൽകിയത്.
കിംഗ് ഖാലിദ് റോഡിന്റെ പടിഞ്ഞാറു ഭാഗവും ജനാദ്രിയ റോഡിൻ്റെ കിഴക്ക് ഭാഗവും സന്ധിക്കുന്ന 30 കിലോമീറ്റർ റോഡായിരിക്കും ഇനി മുതൽ പ്രിൻസ് മുഹമ്മദ് ബിൻ സല്മാൻ റോഡ് ആയി അറിയപ്പെടുക.
റിയാദിൽ 23 ബില്ല്യൻ ഡോളറിൻ്റെ (86 ബില്ല്യൻ റിയാൽ) 4 വിനോദ പദ്ധതികൾ ഇന്ന് സൗദി ഭരണാധികാരി സല്മാൻ രാജാവ് ഉദ്ഘാടനം ചെയ്ത വേളയിലായിരുന്നു റോഡ് നാമകരണ പ്രഖ്യാപനം ഉണ്ടായത്.
സ്വദേശികൾക്ക് പുതിയ 70,000 തൊഴിലവസരങ്ങൾ ലഭ്യമാക്കുന്ന കിംഗ് സല്മാൻ പാർക്ക്, റിയാദ് ഗ്രീൻ, സ്പോർട്സ് ട്രാക്ക്, റിയാദ് ആർട്ട് എന്നിവയാണു രാജാവ് ഉദ്ഘാടനം ചെയ്തത്. സ്വദേശികൾക്കും വിദേശികൾക്കും 50 ബില്ല്യൻ റിയാലിൻ്റെ നിക്ഷേപാവസരമാണു ഈ പദ്ധതികൾ വഴി സാധ്യമാകുക. ലോകത്തെ ഏറ്റവും വലിയ പാർക്കായിരിക്കും ഇതെന്നാണു റിപ്പോർട്ടുകൾ
മരുഭൂമി ഹരിത ഭൂമിയാകുന്ന കിംഗ് സല്മാൻ പാർക്ക് പദ്ധതി വഴി റിയാദ് നിലവിലുള്ളതിനേക്കാൾ 16 മടങ്ങ് ഹരിതാഭമാകും. 75 ലക്ഷത്തിലധികം വൃക്ഷങ്ങൾ പാർക്കിൽ നടുന്ന ബൃഹത് പദ്ധതിയാണു കിംഗ് സല്മാൻ പാർക്ക് വഴി ആവിഷ്ക്കരിക്കുന്നത്.
വാദി ഹനീഫയിൽ നിന്ന് വാദി സുലൈ വരെ നീളുന്ന 135 കിലോമീറ്റർ നീളം വരുന്ന സ്പോർട്സ് ട്രാക്ക് പ്രധാൻ ആകർഷണമാണു. സൈക്ക്ളിംഗ്, കുതിര സവാരിക്കുള്ള ട്രാക്ക്, ജോഗിംഗ് ട്രാക്ക്, സ്പോർട്സ് ആൻ്റ് കൾച്ചറൽ സെൻ്ററുകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും.
റിയാദിനെ ഒരു ഓപ്പൺ എക്സിബിഷൻ സെൻ്റർ ആക്കി മാറ്റുന്ന മ്യൂസിയം , തീയേറ്റർ, ഗാലറി എന്നിവയടങ്ങുന്നതാണു റിയാദ് ആർട്ട്. സ്വദേശികളും വിദേശികളുമായി 1000 കലാകാരന്മാരുടെ സാന്നിദ്ധ്യം ഇവിടെയുണ്ടാകും.
2019 അവസാന പാദത്തോടെ പദ്ധതികൾ നടപ്പിലാക്കിത്തുടങ്ങുമെന്നാണു കരുതുന്നത്. പദ്ധതികളെക്കുറിച്ച് മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ രാജാവിനു വിശദീകരിച്ച് കൊടുത്തു
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa