കുവൈത്തിൽ സ്വകാര്യ സ്കൂളുകളിലെ ഫീസ് വർദ്ധന; രക്ഷിതാക്കൾ പരാതി നൽകി
കുവൈത്ത് സിറ്റി: സ്വകാര്യ സ്കൂളുകൾ അനധികൃതമായി ഫീസ് വർധിപ്പിക്കുന്നുവെന്നാരോപിച്ച് ഒരുവിഭാഗം രക്ഷിതാക്കൾ കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിന് പരാതി നൽകി. വിവിധ ഇന്ത്യൻ, അറബ് സ്കൂളുകൾക്കെതിരെയാണ് രക്ഷിതാക്കൾ മന്ത്രാലയത്തിന് പരാതി നൽകിയിട്ടുള്ളത്. യൂനിഫോം, പുസ്തകങ്ങൾ, വിവിധ പാഠ്യേതര പ്രവർത്തനങ്ങൾ, വിനോദ യാത്രകാൾ, കലാകായിക പരിപാടികൾ എന്നിവയുടെ പേരിൽ വലിയ ചൂഷണം നടക്കുന്നതായി രക്ഷിതാക്കൾ ആരോപിച്ചു.
ട്യൂഷൻ ഫീസ് വർദ്ധിപ്പിക്കാൻ നിലവിൽ മന്ത്രാലയത്തിന്റെ നിയന്ത്രണമുണ്ട്. അതുകൊണ്ട് തന്നെ മറ്റു വഴികളിലൂടെയാണ് കുട്ടികളിൽനിന്ന് പണം ഈടാക്കുന്നതെന്ന് പരാതികളിൽ പറയുന്നു. ചില സ്കൂളുകൾ മന്ത്രാലയത്തിന്റെ നിയന്ത്രണം വകവെക്കാതെ ട്യൂഷൻ ഫീസും വർധിപ്പിച്ചിട്ടുണ്ട്. യൂനിഫോമുകളും പുസ്തകങ്ങളും വിദ്യാഭ്യാസ മന്ത്രാലയം നിശ്ചയിച്ച വിലയേക്കാൾ കൂട്ടിവിൽക്കാൻ പാടില്ലെന്നും നിർദേശമുണ്ട്. ഇന്റർനാഷണൽ സ്കൂളുകൾക്കും സ്വകാര്യ അറബ് സ്കൂളുകൾക്കുമെല്ലാം ഈ ഉത്തരവ് ബാധകമാണ്.
പരാതി ലഭിച്ചതിനെ തുടർന്ന് അന്വേഷണം നടത്തി വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa