Sunday, November 24, 2024
Dammam

ഒരു വർഷം ശമ്പളമില്ലാതെ വലഞ്ഞ മൽസ്യത്തൊഴിലാളികൾ നാട്ടിലേയ്ക്ക് മടങ്ങി.

ദമ്മാം: സ്പോൺസർ ഒരു വർഷമായി ശമ്പളം കുടിശ്ശിക വരുത്തിയത് മൂലം ജീവിതം ദുരിതത്തിലായ അഞ്ച് മൽസ്യത്തൊഴിലാളികൾ, നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ, നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

ഒരേ സ്പോൺസറിന്റെ കീഴിൽ ജോലി ചെയ്തിരുന്ന പ്രണോ ദിബൽഷ്‌, തൊമ്മയ് അഭിഷേക് സ്റ്റാനിസ്ലസ്, ലൂക്കാസ് ആന്റണി, ഗോൽബി ഫ്രാൻസിസ്, ശിവാനന്ദൻ സുബ്ബയ്യ എന്നീ തൊഴിലാളികളാണ് ദുരിതജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങിയത്. തമിഴ്‌നാട് മധുര സ്വദേശികളാണ് അഞ്ചു പേരും.

മൂന്നു വർഷമായി പ്രവാസജീവിതം നയിയ്ക്കുന്ന അവർക്ക് പലപ്പോഴും ശമ്പളം സമയത്ത് കിട്ടിയിരുന്നില്ല. ശമ്പളകുടിശ്ശിക ഒരു വർഷത്തോളമായപ്പോൾ, അവർ ശക്തമായി പ്രതിഷേധിച്ചെങ്കിലും സ്പോൺസർ വകവച്ചില്ല. കടം വാങ്ങിയും, സുഹൃത്തുക്കളുടെയും, ചില കച്ചവടക്കാരുടെയും സഹായത്തോടെയുമാണ് ഇവർ ആഹാരസാധനങ്ങൾ പോലും വാങ്ങിയിരുന്നത്. നാട്ടിലെ ബന്ധുക്കൾ തമിഴ്നാട് സർക്കാരിനും, അധികൃതർക്കും, കേന്ദ്രവിദേശകാര്യവകുപ്പിലും പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല.

ഇവരുടെ ദുരിതമറിഞ്ഞ രാജേന്ദ്രൻ എന്ന മലയാളി, ഇവർക്ക് നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗം കൺവീനർ ഷിബുകുമാറിന്റെ നമ്പർ നൽകി. ഫോണിൽ വിളിച്ചു സംസാരിച്ചപ്പോൾ കിട്ടിയ നിർദ്ദേശം അനുസരിച്ച്, നവയുഗം ഹെൽപ്പ് ഡെസ്ക്കിൽ എത്തിയ ഇവർ ഷിബുകുമാറിനെ നേരിട്ട് കണ്ട് സ്വന്തം അവസ്ഥ വിവരിച്ചു.

ഷിബുകുമാർ ഇന്ത്യൻ എംബസ്സിയുമായി ബന്ധപ്പെട്ട്, ഈ കേസിൽ ഇടപെടാൻ അനുമതിപത്രം വാങ്ങി. ഷിബുകുമാറിന്റെ സഹായത്തോടെ അഞ്ചുപേരും ദമ്മാം ലേബർ കോടതിയിൽ സ്പോൺസറിനെതിരെ കേസ് ഫയൽ ചെയ്തു. ഷിബുകുമാർ കോടതിയിൽ ഇവർക്കായി ഹാജരായി വാദിച്ചു.

ഇതറിഞ്ഞ സ്പോൺസർ, അന്ന് രാത്രി ഇവരുടെ റൂമിൽ എത്തുകയും, ഭീഷണിപ്പെടുത്തി ബലമായി ചില സാലറി സ്ലിപ്പുകളിൽ ഒപ്പിട്ടു വാങ്ങുകയും ചെയ്തു. എന്നാൽ മൽസ്യത്തൊഴിലാളികളിൽ ഒരാൾ, സ്‌പോൺസറുടെ ഈ അതിക്രമവും, സംസാരവും രഹസ്യമായി മൊബൈലിൽ റിക്കോർഡ് ചെയ്തിരുന്നു.

കോടതിയിൽ കേസിനായി വിളിച്ചപ്പോൾ, അവിടെ എത്തിയ സ്പോൺസർ, താൻ തൊഴിലാളികൾക്ക് ശമ്പളം മുഴുവൻ നൽകിയിട്ടുണ്ട് എന്ന് സാലറി സ്ലിപ്പ് കാണിച്ചു വാദിയ്ക്കാനാണ് ശ്രമിച്ചത്. എന്നാൽ റിക്കോർഡ് ചെയ്ത വീഡിയോ കണ്ടതോടെ ലേബർ ഓഫിസറിന് സത്യം മനസ്സിലായി. തൊഴിലാളികൾക്ക് കുടിശ്ശിക ശമ്പളം മുഴുവൻ നൽകി നാട്ടിലേയ്ക്ക് അയയ്ക്കാൻ കോടതി ഉത്തരവിട്ടു.

തുടർന്ന് കുറച്ചു ദിവസങ്ങൾക്ക് ശേഷം സ്പോൺസർ ഇവർക്ക് ശബളമൊക്കെ നൽകി, എയർപോർട്ടിൽ കൊണ്ടുപോയി കയറ്റി വിട്ടു. നവയുഗത്തിനും ഷിബുവിനും നന്ദി പറഞ്ഞ് അവർ നാട്ടിലേയ്ക്ക് മടങ്ങി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa