Sunday, November 24, 2024
QatarTop Stories

കൊച്ചിയിൽ ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ വിസ സെന്റർ തുറന്നു.

ദോഹ: ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിൽ കൊച്ചിയിൽ ഖത്തർ വിസ സെന്റർ (QVC) തുറന്നു. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്‌ മെട്രോ സ്‌റ്റേഷന്‌ സമീപം നാഷനൽ പേൾ സ്‌റ്റാർ ബിൽഡിങ്ങിന്റെ താഴത്തെ നിലയിലാണ്‌ (ഡോർ നമ്പർ 38-4111-ഡി) സെന്റർ തുറന്നിട്ടുള്ളത്. ഇതോടെ ഖത്തറിലെ സ്വകാര്യ കമ്പനികളിലേക്ക്‌ റിക്രൂട്ട് ചെയ്യപ്പെടുന്ന മലയാളികൾക്ക്‌ തൊഴിൽ വീസ സംബന്ധമായ എല്ലാ നടപടിക്രമങ്ങളും കേരളത്തിൽ വെച്ച് തന്നെ പൂർത്തിയാക്കാം.

ഇടനിലക്കാരുടെ ചൂഷണങ്ങളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുക, റിക്രൂട്ട്മെന്റ് നടപടികൾ സുതാര്യമാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് ഖത്തർ ആഭ്യന്തരമന്ത്രാലയവും ഭരണവികസന, തൊഴിൽ സാമൂഹികകാര്യ മന്ത്രാലയവും സംയുക്‌തമായി ഇന്ത്യ ഉൾപ്പെടെ 8 വിദേശരാജ്യങ്ങളിൽ ക്യുവിസികൾ തുറക്കുന്നത്‌. ഇന്ത്യയിൽ കൊച്ചിയിൽ ഉൾപ്പെടെ മൊത്തം 7 നഗരങ്ങളിൽ വിസ സെന്ററുകൾ തുറക്കുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

കേരളത്തിൽ നിന്ന് ഖത്തറിലെ സ്വകാര്യ കമ്പനികളിലേക്ക് റിക്രൂട്‌ ചെയ്യപ്പെടുന്ന മലയാളികളക്ക് ഇനി വൈദ്യപരിശോധന, ഐറിസ്‌ സ്‌കാനിങ്‌, വിരലടയാളം രേഖപ്പെടുത്തൽ, ഉൾപ്പെടെയുള്ള ബയോമെട്രിക്‌ വിവരശേഖരണം ഇനി കൊച്ചിയിലെ വിസ സെന്ററിൽ വെച്ച് പൂർത്തിയാക്കാം. ഇതിനായി തൊഴിലുടമ ആഭ്യന്തരമന്ത്രാലയത്തിന്റെ മൊബൈൽ ആപ്പായ മെട്രാഷ്‌2 മുഖേനയോ www.moi.gov.qa എന്ന വെബ്‌സൈറ്റ് മുഖേനയോ തൊഴിലാളിയുടെ പേര്‌ റജിസ്‌റ്റർ ചെയ്യണം. തുടർന്ന്‌ വീസ റഫറൻസ്‌ നമ്പർ സഹിതം വിവരങ്ങൾ അതാതു ക്യുവിസിക്ക്‌ ആഭ്യന്തരമന്ത്രാലയം കൈമാറും.

വിസ റഫറൻസ്‌ നമ്പർ ലഭിച്ചാൽ അതുപയോഗിച്ച് www.qatarvisacenter.com എന്ന വെബ്‌സൈറ്റിലൂടെ തൊഴിലാളിക്ക് ക്യുവിസിയിൽ അപ്പോയ്‌മെന്റ്‌ എടുക്കാം. അപ്പോയ്‌മെന്റ്‌ സമയത്തിന്‌ 20 മിനിറ്റ്‌ മുമ്പ്‌ ക്യുവിസിയിലെത്തിയിരിക്കണം. തൊഴിൽ കരാറിന്റെ പൂർണ രൂപം മലയാളത്തിൽ ലഭ്യമാകും. നടപടിക്രമങ്ങളെല്ലാം നാട്ടിൽ വെച്ച് തന്നെ പൂർത്തിയാവുന്നത് കൊണ്ട്, ഖത്തറിൽ എത്തിയാൽ ഉടൻ ജോലിയിൽ പ്രവേശിക്കാം. ഇതിനു പുറമെ ഖത്തറിൽ എത്തിയാലുടൻ ഉപയോഗിക്കാൻ 30 റിയാൽ കോൾ ബാലൻസുള്ള സിംകാർഡും ക്യുവിസിയിൽ നിന്നു ലഭിക്കും. തൊഴിലാളിയുടെ പേരിലാണ്‌ സിംകാർഡ്‌ ലഭിക്കുക. അതുകൊണ്ട് ഇത് തുടർന്നും ഉപയോഗിക്കാം. ഖത്തറിലെ കമ്പനി പ്രതിനിധിയുടെ മൊബൈൽ നമ്പറും സെന്ററിൽ നിന്നും നൽകും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa