മോഷ്ടാവിന്റെ വെട്ടേറ്റ് മലയാളി യുവാവിന് പരിക്ക്
റിയാദ്: ബത്ഹയിൽ മോഷ്ടാവിന്റെ വെട്ടേറ്റ് മലയാളി യുവാവിന് പരിക്ക്. കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി ഷഫീക്കിനാണ് മോഷ്ടാവിന്റെ വെട്ട് കൊണ്ട് തലക്ക് ഗുരുതരമായ പരിക്കേറ്റത്. ശനിയാഴ്ച രാത്രി 12 മണിയോടെ മർഖബ് സ്ട്രീറ്റിലാണ് സംഭവം. ഇവിടെ ഒരു റെസ്റ്റോറന്റിൽ ജോലി ചെയ്യുന്ന ഷഫീഖ് രാത്രി ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോവുമ്പോൾ, മറഞ്ഞു നിന്ന അക്രമി വെട്ടുകത്തികൊണ്ട് ആക്രമിക്കുകയായിരുന്നു.
താമസിക്കുന്ന കെട്ടിടത്തിന്റെ പ്രധാന വാതിലിന് സമീപം മറഞ്ഞുനിന്ന അക്രമി ഷഫീഖ് അടുത്തെത്തിയ ഉടനെ കടന്നുപിടിച്ച് തള്ളിയിടുകയായിരുന്നു. പോക്കറ്റിൽ നിന്ന് നിന്ന് പഴ്സും ഇഖാമയും മൊബൈൽ ഫോണും കവർന്നെടുത്ത അക്രമി വലിയ വെട്ടുകത്തി കൊണ്ട് തലയ്ക്കുനേരെ ആഞ്ഞുവെട്ടുകയും ചെയ്തു. ശഫീഖിന്റെ നിലവിളികേട്ട് ആളുകൾ ഓടിക്കൂടുന്നത് കണ്ട് അക്രമി ഓടി മറഞ്ഞു.
ആളുകൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ചോരയൊലിപ്പിച്ചുകിടന്ന ശഫീഖിനെ ആംബുലൻസ് വരുത്തി അൽഈ മാൻ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിശോധനയിൽ ആഴത്തിൽ മുറിവേറ്റിട്ടില്ലെന്ന് മനസിലായി. എന്നാൽ നീളമുള്ള മുറിവിൽ 22 തുന്നലിടേണ്ടിവന്നു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പിറ്റേന്ന് രാവിലെ ഇഖാമ തിരിച്ചു കിട്ടി. വഴിയിൽ കിടന്ന് കിട്ടിയ ഇഖാമ ഒരു സ്വദേശി പൗരൻ റസ്റ്റോറൻറിൽ ഏൽപിക്കുകയായിരുന്നു. 10 വർഷമായി റിയാദിലുള്ള ശഫീഖ് അഞ്ചുവർഷം മുമ്പും സമാനമായി അക്രമിക്കപ്പെട്ടിരുന്നു. മൂന്നംഗ പിടിച്ചുപറി സംഘത്തിന്റെ അക്രമത്തിൽ അന്നും ഷഫീഖിന് മുഖത്ത് പരിക്കേറ്റിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa