തോറ്റാലും ജയിച്ചാലും ലാഭക്കച്ചവടം.ഇന്ത്യൻ തിരഞ്ഞെടുപ്പ് രാഷ്ടീയത്തിന്റെ കൗതുകക്കാഴ്ചകൾ
ഇന്ത്യാ മഹാരാജ്യം ഒരു തിരഞ്ഞെടുപ്പിന്റെ ചൂടിലാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ പാർലിമെന്റ് തിരഞ്ഞെടുപ്പിന്റെ ഗതിവിഗതികൾ ആകാംക്ഷയോടെ ലോകം ഉറ്റുനോക്കുകയും ചെയ്യുന്നു. ജനാധിപത്യം അതിന്റെ സർവ്വപ്രതാപത്തിലും നിലനിൽക്കുമോ സങ്കുചിത മത രാഷ്ട്രവാദം മേൽക്കൈ നേടുമൊ എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ പ്രധാന ചോദ്യം.ലോകത്തെവിടെയുമില്ലാത്ത അടിയൊഴുക്കുകളും അട്ടിമറികളും പണമൊഴുക്കും നമ്മുടെ രാജ്യത്തിന്റെ മാത്രം പ്രത്യേകതയുമാണ്.
പറഞ്ഞു വരുന്നത് മറ്റൊന്നാണ്. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട നിയമസഭാ പ്രതിനിധികൾ ആ സ്ഥാനം നിലനിർത്തിക്കൊണ്ട് പ്രമോഷനു വേണ്ടി വീണ്ടും മത്സരിക്കുന്ന കൗതുകക്കാഴ്ച്ചയും നമുക്ക് സ്വന്തമാണ്. രണ്ടു രാജ്യസഭാ എം പിമാരും ഒമ്പത് നിയമസഭാ അംഗങ്ങളുമാണ് ഇക്കുറി പാർലിമെന്റിലേക്ക് മത്സരിക്കുന്നത്. ഇവർക്കാകട്ടെ തോറ്റാലും ജയിച്ചാലും ലാഭക്കച്ചവടം മാത്രമാണിത്. ജയിച്ചാൽ പ്രമോഷനോടെ എംപിയാകാം. തോറ്റാൽ വീണ്ടും എം എൽ എ ആയി തുടരുകയും ചെയ്യാം.
ഇടതു വലതു മുന്നണികളും എൻ ഡി എ യും ഇക്കാര്യത്തിൽ പിന്നിലല്ല. ഇവർ ജയിച്ചാൽ ഒമ്പതു മണ്ഡലങ്ങളിൽ ആറു മാസത്തിനുള്ളിൽ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വരും. ഇതിനു വേണ്ട പണച്ചെലവും മാനവശേഷിയും നമ്മുടെ ഖജനാവു തന്നെ വഹിക്കണം. എന്നാൽ ഇക്കാര്യത്തിൽ യാതൊരു ധാർമ്മിക വശവും ആരെയും അലട്ടുന്നില്ല. ജന ലക്ഷങ്ങൾ ഒരു നേരത്തെ അന്നത്തിനും കുടിവെള്ളത്തിനും യാചിക്കുന്ന അവസ്ഥയിലാണിതെന്നോർക്കണം. മേപ്പടി മണ്ഡലങ്ങളിൽ മത്സരിക്കാൻ യോഗ്യരായ സ്ഥാനാർത്ഥികൾ വേറെയില്ല എന്ന പാപ്പരത്തം വിളിച്ചു പറയുകയാണ് പാർട്ടികൾ ഇതിലൂടെ ചെയ്യുന്നത്.
രാജ്യസഭാ എംപിമാർ വിജയിച്ചാൽ അവർക്ക് ഉപരിസഭയിൽ കയറിയിരിക്കാം എന്ന ഗുണമാണ് ലഭിക്കുന്നത്. ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയിലെ പല വ്യവസ്ഥകളും പലപ്പോഴും രാജ്യത്തിനു തന്നെ ദോശം വരുത്തുന്നതാണ് എന്ന് മറ്റൊരു കാര്യം.
ഇടതു മുന്നണിയുടെ ആറ് എം എൽ എ മാരും യു ഡി എഫിന്റെ മൂന്ന് എം എൽ എ മാരും എൻ ഡി എ യുടെ രണ്ടു രാജ്യസഭാ എംപിമാരുമാണ് ഇക്കുറി മത്സര രംഗത്തുള്ളത്. സി ദിവാകരൻ (തിരുവനന്തപുരം) അടൂർ പ്രകാശ് (ആറ്റിങ്ങൽ) വീണ ജോർജ്ജ് (പത്തനംതിട്ട) ചിറ്റയം ഗോപകുമാർ (മാവേലിക്കര) എ എം ആരിഫ് (ആലപ്പുഴ) ഹൈബി ഈഡൻ (എറണാകുളം) പി.വി അൻവർ ( പൊന്നാനി) പ്രതീപ് കുമാർ (കോഴിക്കോട്) കെ.മുരളീധരൻ (വടകര) എന്നീ എം എൽ മാരും അൽഫോൺസ് കണ്ണന്താനം (എറണാകുളം) സുരേഷ് ഗോപി (തൃശൂർ) എന്നീ എം പി മാരുമാണ് മത്സരിക്കുന്നത്.
രാഷ്ടീയക്കച്ചവടത്തിൽ ഇറങ്ങിക്കളിച്ചവർക്ക് ആർക്കും ഇതുവരെ നഷ്ടം സംഭവിച്ച മഹാത്ഭുതം ഇതിനു മുമ്പ് കേട്ടുകേൾവിയില്ലാത്തതാണ് താനും. ആയതിനാൽ ഈ കുളിമുറിയിൽ എല്ലാവരും നഗ്നരാണ്.
കുഞ്ഞിമുഹമ്മദ് കാളികാവ്
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa