Sunday, November 24, 2024
GCCKeralaTop Stories

തെരെഞ്ഞെടുപ്പ്; പ്രവാസികൾ കൂട്ടത്തോടെ നാട്ടിലേക്ക്

രാജ്യത്തിന്റെ നിലനിൽപ്പിനെ ബാധിക്കുന്ന തെരഞ്ഞെടുപ്പിനെ നേരിടാൻ പ്രവാസികൾ കൂട്ടത്തോടെ നാട്ടിലേക്ക് തിരിച്ചു തുടങ്ങി. ഒരു ലക്ഷത്തോളം പ്രവാസികളാണ് ഇക്കുറി വോട്ടർ പട്ടികയിൽ ഇടം നേടിയിട്ടുള്ളത്. ഇവരെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ വിവിധ സംഘടനകൾ ആഴ്ചകൾക്ക് മുൻപേ തുടങ്ങിയിട്ടുണ്ട്. രാജ്യത്തിന്റെ ഓരൊ മിടിപ്പും ആകാംക്ഷയും ഉൽകണ്ഠയും നിറഞ്ഞ ഹൃദയത്തോടെ നോക്കിക്കാണുന്ന മലയാളികളാണ് പ്രവാസി വോട്ടർമാരിലെ 95 ശതമാനവും. 87500 പ്രവാസി വോട്ടർമാരാണ് ഇക്കുറി രാജ്യത്തുള്ളത്. സൗദി അറേബ്യ, യു എ ഇ, ഒമാൻ, ഖത്തർ എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ വോട്ടർമാരെത്തുക. 2012 ൽ അകെ പതിനായിരത്തിൽ താഴെ പ്രവാസി വോട്ടർമാരാണ് ഉണ്ടായിരുന്നത്.

പ്രവാസി വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് വേണ്ടി തെരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ച സമയപരിധിയിൽ പരമാവധി പ്രവാസികളെ പട്ടികയിൽ ചേർക്കുന്നതിന് സംഘടനകൾ ആവത് ശ്രമിച്ചിരുന്നു. 2018 ഒക്ടോബറിനും 2019 ജനുവരി 30 നുമിടയിൽ മാത്രം ഇതിന്റെ ഭാഗമായി 40000 പേരെ പട്ടികയിൽ ചേർക്കാൻ കഴിഞ്ഞു. മുക്ത്യാർ വോട്ട് സാധ്യമാകുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവാസികൾ. എന്നാൽ അത് സാധ്യമാക്കുന്നതിന് പ്രമുഖ രാഷ്ട്രിയ പാർട്ടികൾ ശ്രമിച്ചില്ല എന്ന പരാതിയും പ്രവാസികൾക്കിടയിലുണ്ട്. വികസിത രാജ്യങ്ങളിലെ പ്രവാസികൾക്ക് ഓൺലൈൻ വോട്ടും മുക്ത്യാർ വോട്ടും സാധ്യമാകുമ്പോൾ ഇന്ത്യൻ പ്രവാസികൾ സ്വന്തം നിലക്ക് ടിക്കറ്റെടുത്ത് നാട്ടിലെത്തേണ്ട അവസ്ഥയാണുള്ളത്.

കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്രവാസി വോട്ടുകളെ നിർണ്ണായകമായി രാഷ്ട്രീയ പാർട്ടികൾ കണ്ടിരുന്നു. എന്തും സഹിച്ചും നാട്ടിലെത്തി വോട്ടു ചെയ്യാനുള്ള തീരുമാനത്തിൽ തന്നെയാണ് പ്രവാസികൾ.

കുഞ്ഞിമുഹമ്മദ് കാളികാവ്

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa