Sunday, November 24, 2024
Dammam

ശമ്പളമില്ലാതെ ദുരിതത്തിലായ പഞ്ചാബ് സ്വദേശിനി നാട്ടിലേയ്ക്ക് മടങ്ങി.

ദമ്മാം: ശമ്പളം കിട്ടാത്തത് മൂലം ജോലി ഉപേക്ഷിച്ച് വനിതാ അഭയകേന്ദ്രത്തിൽ എത്തപ്പെട്ട പഞ്ചാബ് സ്വദേശിനിയായ വീട്ടുജോലിക്കാരി, നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി സൗദിയിൽ നിന്നും നാട്ടിലേയ്ക്ക് മടങ്ങി.

പഞ്ചാബ് ജലന്ധർ സ്വദേശിനിയായ കശ്മീർ കൗർ എട്ടു മാസങ്ങൾക്ക് മുൻപാണ് ദമ്മാമിലെ ഒരു സൗദി ഭവനത്തിൽ വീട്ടുജോലിയ്ക്ക് എത്തിയത്. ഏഴുമാസം ജോലി ചെയ്തിട്ടും, രണ്ടു മാസത്തെ ശമ്പളം മാത്രമാണ് കിട്ടിയത്. അതിന്റെ പേരിൽ ആ വീട്ടുകാരുമായി വഴക്കിട്ട കശ്മീർ കൗർ, ജോലി ഉപേക്ഷിച്ചു, അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി പരാതി പറഞ്ഞു. പോലീസുകാർ അവരെ ദമ്മാം വനിതഅഭയകേന്ദ്രത്തിൽ എത്തിച്ചു.

അഭയകേന്ദ്രത്തിൽ എത്തിയ നവയുഗം ജീവകാരുണ്യ പ്രവർത്തക മഞ്ജു മണിക്കുട്ടനോട് കശ്മീർ കൗർ തന്റെ പ്രശ്നങ്ങൾ പറഞ്ഞു, നാട്ടിലേയ്ക്ക് തിരികെ പോകാൻ സഹായം അഭ്യർത്ഥിച്ചു. മഞ്ജു മണിക്കുട്ടൻ ഫോണിൽ കശ്മീരിന്റെ സ്‌പോൺസറെ വിളിച്ചു സംസാരിച്ചെങ്കിലും, അയാൾ സഹകരിയ്ക്കാൻ തയ്യാറായില്ല. തനിയ്ക്ക് കുടിശ്ശിക ശമ്പളം കിട്ടിയില്ലെങ്കിലും വേണ്ട, നാട്ടിലേയ്ക്ക് മടങ്ങിയാൽ മതി എന്ന നിലപാടാണ് കശ്മീർ കൗർ എടുത്തത്. തുടർന്ന് മഞ്ജു മണിക്കുട്ടൻ ഇന്ത്യൻ എംബസ്സി വഴി കാശ്മീരിന് ഔട്ട്പാസ് എടുത്തു കൊടുക്കുകയും, അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനൽ എക്സിറ്റ് അടിച്ചു നൽകുകയും ചെയ്തു. നവയുഗത്തിന്റെ അഭ്യർത്ഥന അനുസരിച്ച്, പഞ്ചാബ് സാമൂഹ്യപ്രവർത്തകൻ ലോവെൽ വാഡൻ, വിമാനടിക്കറ്റ് നൽകി.

നിയമനടപടികൾ പൂർത്തിയായതോടെ, എല്ലാവർക്കും നന്ദി പറഞ്ഞ്, കശ്മീർ കൗർ നാട്ടിലേയ്ക്ക് മടങ്ങി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa