Monday, November 25, 2024
DubaiTop Stories

ദുബായ് എക്സ്പോ 2020; മെസ്സിയുടെ കിടിലൻ പ്രോമോ വീഡിയോ പുറത്തിറങ്ങി

ദുബായ്: ദുബായ് എക്സ്പോ 2020 ന്റെ ഗ്ലോബൽ അംബാസഡർ ആയ മെസ്സിയുടെ കിടിലൻ വീഡിയോ പുറത്തിറങ്ങി. ലോക പ്രശസ്ത ഫുട്ബോൾ താരത്തെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങളെയും ഫുട്ബോൾ എന്ന ഭാഷകൊണ്ട് പരസ്പരം ബന്ധിപ്പിക്കുന്നതാണ് 60 സെക്കന്റ് നീണ്ടു നിൽക്കുന്ന വീഡിയോയുടെ ഇതിവൃത്യം. മെസ്സി കിക് ഓഫ് ചെയ്യുന്ന ബോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങളിൽ എത്തുന്നതാണ് വിഡിയോയിൽ കാണിച്ചിരിക്കുന്നത്. യു എ ഇ, ഇന്ത്യ, കെനിയ, യു കെ എന്നിവിടങ്ങളിൽ ചിത്രീകരിച്ച വീഡിയോ വിവിധ രാജ്യങ്ങളിലെ സാംസ്കാരിക വൈവിധ്യം നിറഞ്ഞു നിൽക്കുന്നതാണ്.

ഒരുമിച്ച് പ്രവർത്തിക്കുന്നതിലൂടെ മാത്രമേ ഒരു ഫുട്ബാൾ ടീമിന് വിജയിക്കാൻ കഴിയുകയുള്ളൂ. അതുപോലെതന്നെയാണ് മനുഷ്യത്വവും. വിവിധ രാജ്യങ്ങളിൽ നിന്നും, സംസ്കാരങ്ങളിൽ നിന്നും, ചുറ്റുപാടുകളിൽ നിന്നുമുള്ള ജനങ്ങൾ ഒരുമിച്ച് കൂടുമ്പോൾ, ആഗോള വെല്ലുവിളികളെ നേരിടാനും, ഇനി വരാനിരിക്കുന്ന തലമുറക്ക് തിളക്കമാർന്ന ഒരു ഭാവി നൽകാനും കഴിയുമെന്ന് മെസ്സി പറഞ്ഞു. 2016 ലാണ് ദുബായ് എക്സ്പോയുടെ ഗ്ലോബൽ അംബാസഡറായി മെസ്സിയെ തിരഞ്ഞെടുത്തത്.

വിവിധ രാജ്യക്കാരായിട്ടുള്ള ആളുകൾ ചേർന്നാണ് വീഡിയോ ഒരുക്കിയിട്ടുള്ളത്. ആഫ്രിക്കൻ ഭാഷയിൽ ചിത്രീകരിച്ചിട്ടുള്ള വീഡിയോക്ക് അറബിക് മെലഡിയിലാണ് പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുള്ളത്. എക്സ്പോ 2020 ന്റെ ഭാഗമായി കെനിയ, ജോർദാൻ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലുള്ള കുട്ടികൾക്ക് 2020 വീതം ഫുട്ബാളുകൾ എത്തിച്ചുകൊടുക്കാൻ സംഘാടകർക്ക് പദ്ധതിയുണ്ട്.

മിന മേഖലയിൽ ആദ്യമായിട്ടാണ് ഇത്രയും വലിയ ഒരു ഇവന്റ് നടക്കാൻ പോകുന്നത്. 192 രാജ്യങ്ങൾ പങ്കെടുക്കുന്ന ദുബായ് എക്സ്പോ, 2020 ഒക്ടോബറിൽ ആരംഭിക്കുച്ച് ആറ് മാസം നീണ്ടു നിൽക്കും. കഴിഞ്ഞ ആഴ്ച എക്സ്പോയുടെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചിരുന്നു. ഒരു ദിവസം എക്സ്പോ സന്ദർശിക്കാൻ മുതിർന്നവർക്ക് 120 ദിർഹവും, ആറ് വയസ്സ് മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്ക് 60 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്. മൂന്ന് ദിവസത്തെ സന്ദർശനത്തിന് മുതിർന്നവർക്ക് 260 ദിർഹവും കുട്ടികൾക്ക് പകുതി നിരക്കുമാണ് ഈടാക്കുക. മൂന്ന് ദിവസത്തെ ടിക്കറ്റ് 173 ദിവസം നീണ്ടു നിൽക്കുന്ന എക്സ്പോ 2020 ൽ ഏതെങ്കിലും മൂന്ന് ദിവസങ്ങളിൽ ഉപയോഗിക്കാം. അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികൾക്കും, 65 വയസ്സിനു മുകളിലുള്ളവർക്കും പ്രവേശനം സൗജന്യമായിരിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa