ഗൾഫിലെ ജോലി നഷ്ടപ്പെട്ടിട്ടും നാട്ടിലെ പിരിവുകാർ വിടുന്നില്ല; രക്ഷപ്പെടാൻ വീണ്ടും വിസിറ്റിംഗിൽ ഗൾഫിലേക്ക്
സഊദിയിലെ ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസി സഹോദരൻ , താൻ ജോലി നഷ്ടപ്പെട്ടവനാണെന്ന ബോധം നാട്ടുകാർക്ക് ഇല്ലാത്തതിനാൽ തന്നെ തേടിയെത്തിയ പല വിധത്തിലുള്ള പിരിവുകളിൽ നിന്നും രക്ഷപ്പെടാനായി ഒരു വിസിറ്റിംഗ് വിസയിൽ ദുബൈയിലെത്തിയ അനുഭവം ഒരു പ്രവാസി സഹോദരൻ കുറിച്ചത് ശ്രദ്ധേയമാകുന്നു. പോസ്റ്റ് ഇങ്ങനെ വായിക്കാം
”കുറേ കാലമായി നേരിട്ട് പരിചയമുള്ള സുഹൃത്തിനെ ഇന്ന് കണ്ടു… രണ്ടാമത്തെ വിസിറ്റ് വിസയിൽ വന്നതാണ്. സൗദിയിൽ ആയിരുന്നു..
ലോക്കലൈസേഷന്റെ ഭാഗമായി ജോലി നഷ്ടപ്പെട്ട് നാട്ടിൽ കുറെ നിന്നു,
റമദാൻ മാസം ജോലി അന്വേഷിച്ച് എന്തിനാ ചങ്ങായി വന്നത് നാട്ടിൽ കൂടിക്കൂടെ എന്ന് ചോദിച്ചപ്പോൾ പറഞ്ഞത്, ഗതികേട് കൊണ്ടാണ് വന്നത്!! ഇവിടെ ആകുമ്പൊൾ സുഹൃത്തിന്റെ റൂമും ഫുഡും ഫ്രീയുണ്ട്..
നാട്ടിൽ നിന്ന് റമദാൻ മാസം ഓടാൻ കാരണം ജോലി നഷ്ടപ്പെട്ട് നാട്ടിൽ നിന്നാലും ഗൾഫ്‌കാരൻ എന്ന ലേബൽ പോകുന്നില്ല. കഴിഞ്ഞ റമദാനിൽ കടം വാങ്ങി സഹായം ചെയ്യേണ്ടി വന്നു!!
ആ കടം ഈ റമദാൻ വരെ തീർന്നില്ല. ക്ലബ്ബും രാഷ്ട്രീയക്കാരും കാക്കതൊള്ളായിരം വാട്സപ്പ് ഗ്രൂപ്പും
അങ്ങനെ സകലർക്കും മത്സരിച്ച് സഹായിക്കണം!! അവർ കാണുന്നതൊ ഗൾഫുകാരായ ഞങ്ങളെ!!
അവരെ കുറ്റം പറയാൻ പറ്റില്ല,നാട്ടിലെ വേദനാജനകമായ അവസ്ഥ കണ്ട് അവരും ശ്രമിക്കുന്നതാണ് ,നന്മ ചെയ്യുന്ന അവരെ നിരുത്സാഹപ്പെടുത്തുന്നതുമല്ല
ഞങ്ങൾക്ക് ജോലി ഉണ്ടോ? ഞങ്ങൾക്ക് വീടുണ്ടോ? ഞങ്ങളുടെ മക്കൾ പഠിക്കുന്നുണ്ടൊ?
ഞങ്ങളുടെ മക്കൾ വിവാഹം പ്രായം കഴിഞ്ഞോ? എന്നൊന്നും അവർക്ക് അറിയേണ്ടതില്ല.
ഓരോരുത്തർ വന്ന് എന്തെങ്കിലും സഹായം ചെയ്യണം എന്ന് വന്ന് പറയുമ്പോൾ ഇല്ല എന്ന് പറഞ്ഞാലും വിശ്വസിക്കുന്നില്ല. പ്രതാപ കാലത്ത് പണിത വലിയ വീട്ടിൽ ദാരിദ്ര്യമോ എന്ന് അവർക്ക് വിശ്വസിക്കാനും മടി!!
അത് കൊണ്ട് റമദാൻ ഇവിടെ കൂടാം എന്ന് കരുതി എന്തെങ്കിലും ജോലി ശരിയായാൽ അതുമായല്ലൊ…
നാട്ടിൽ പിരിവിനു വരുന്നവരോട് ദാരിദ്ര്യം പറഞ്ഞ് അവരെ മുഷിപ്പിക്കണ്ടല്ലൊ…
സാമ്പത്തികമായി തകർന്ന, മറ്റുള്ളവരോട് ദാരിദ്ര്യം പറഞ്ഞ്, ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാൻ മടിയുള്ളവർ സമൂഹത്തിലുണ്ട്. അത്തരെക്കാരെ പരിഗണിക്കുക അവരുടെ കുടുംബത്തെ പരിഗണിക്കുക”.
ജോലി നഷ്ടപ്പെട്ട് നാട്ടിൽ എത്തിയിട്ടും അവരെ പഴയ ഗൾഫ് കണ്ണോടെ തന്നെ കാണുന്ന നാട്ടിലെ ഓരോ വ്യക്തികൾക്കും ഒരു പാഠമാണു പ്രവാസി സഹോദരൻ്റെ മുകളിലെ കുറിപ്പ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa