കുടവയർ കുറയുന്നു; മെലിഞ്ഞു സുന്ദരന്മാരായി പ്രവാസികൾ
ഇത്രയും കാലം ഗൾഫിൽ അദ്ധ്വാനിച്ചിട്ട് നീ എന്ത് സമ്പാദിച്ചു എന്ന് ചോദിക്കുന്നവരോട് തന്റെ കുടവയർ തടവി ഇതാണ് ഞാൻ സമ്പാദിച്ചത് എന്ന് തമാശ രൂപേണ ഗൾഫ്‌കാർ പറയാറുണ്ട്. നാട്ടിൽ അത്തറിന്റെ മണമുള്ള, പളപളാ മിന്നുന്ന ഫുൾകൈ ഷർട്ട് ഇൻസൈഡ് ചെയ്ത് വയർ അല്പം പുറത്തേക്ക് തള്ളി നിൽക്കുന്നവരെ കണ്ടാൽ ഒറ്റയടിക്ക് അത് ഗൾഫ്‌കാരനാണെന്ന് നാട്ടുകാർ മനസ്സിലാക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു ആഹാരരീതി കാരണം ഈ വയറന്മാർ ഗൾഫിൽ കുറഞ്ഞു കൊണ്ടിരിക്കുകയാണ്.
എൽ സി എച് എഫ് എന്ന ചുരുക്കപ്പേരിൽ പേരിൽ അറിയപ്പെടുന്ന ഈ ഡയറ്റ് പ്രവാസികൾക്കിടയിൽ ഇന്ന് വളരെ പ്രചാരം നേടിയിരിക്കുന്നു. കീറ്റോജെനിക് ഡയറ്റ് എന്ന പേരിലും ഈ ആഹാരരീതി അറിയപ്പെടുന്നുണ്ട്. വളരെ വേഗത്തിൽ ശരീരഭാരം കുറക്കാൻ കഴിയും എന്നതാണ് ഈ ആഹാരരീതി തിരഞ്ഞെടുക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നത്. ഹോളിവുഡിലെയും ബോളിവുഡിലെയും പ്രമുഖ താരങ്ങളെല്ലാം പിൻതുടരുന്നത് ഈ ആഹാരരീതിയാണ്. ആദ്യത്തെ ഒരാഴ്ച കൊണ്ട് തന്നെ 2 മുതൽ 6 കിലോ വരെ കുറയാം. പാർശ്വഫലങ്ങൾ വളരെ കുറച്ചു മാത്രമുള്ള ഒരു ഭക്ഷണരീതി എന്ന നിലയിലാണ് ഇതിപ്പോൾ ഏറ്റവും പ്രചാരം നേടിയിരിക്കുന്നത്.
അരിയും പഞ്ചസാരയും, ചപ്പാത്തി പൊറോട്ട തുടങ്ങി സാധാരണ ആളുകൾ കഴിക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കി, കഴിക്കരുത് എന്ന് സാധാരണ പറയുന്ന കോഴിയും, ബീഫും, ആടും, മീനും, കൊഴുപ്പു കൂടിയ മറ്റു ഭക്ഷണങ്ങളും കഴിക്കാം എന്നതാണ് ഈ ഡയറ്റിന്റെ പ്രത്യേകത. മിതമായ അളവിൽ പ്രോട്ടീനുകളും വളരെ കുറച്ച് കാർബോഹൈഡ്രേറ്റും കൊഴുപ്പു കൂടിയ ഭക്ഷണത്തോടൊപ്പം കഴിക്കുകയാണ് ഈ ഡയറ്റിൽ ചെയ്യുന്നത്. അന്നജത്തെ (കാർബോഹൈഡ്രേറ്റ്) പാടെ ഒഴിവാക്കുകയോ അളവ് കുറയ്ക്കുകയോ ചെയ്യുമ്പോൾ കീറ്റോസിസ് എന്ന പ്രക്രിയ വഴി ശരീരത്തിലെ കൊഴുപ്പ് അലിയുകയും അതുമൂലം ശരീരഭാരം കുറയുകയും ചെയ്യുന്നു.
പല ആളുകളിലും പല രീതിയിലാണ് ഈ ഡയറ്റ് പ്രവർത്തിക്കുന്നത്. ശരീരഭാരം കുറയ്‌ക്കുക എന്നതിനപ്പുറം, പല അസുഖങ്ങൾക്കും ഒരു ചികിത്സയെന്ന രീതിയിലും ആളുകൾ ഈ ഡയറ്റ് പിന്തുടരുന്നുണ്ട്. പ്രത്ത്യേകിച്ചും ഷുഗർ, കൊളസ്‌ട്രോൾ എന്നീ അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർ. ഇവരിൽ ഡയറ്റ് തുടങ്ങി കുറച്ചു ദിവസങ്ങൾക്ക് ശേഷം തന്നെ കാലങ്ങളായി സ്ഥിരമായി കഴിച്ചിരുന്ന മരുന്നുകൾ ഒഴിവാക്കിയവർ വളരെയേറെയാണ്. അതുകൊണ്ട് തന്നെ ഷുഗർ കൊളസ്‌ട്രോൾ രോഗികളാണ് ഈ ഡയറ്റിന്റെ ഏറ്റവും വലിയ പ്രചാരകർ.
വളരെ കാലം മുന്പ് മുതൽക്ക് തന്നെ ഈ ഭക്ഷണരീതി ലോകത്ത് നിലവിലുണ്ടായിരുന്നെങ്കിലും 2016 മുതലാണ് ഇതിന് പ്രചാരം വർധിച്ചത്. എന്നാൽ മലയാളികൾക്കിടയിൽ ഈ അടുത്ത കാലത്താണ് ഇത് ചർച്ചയായത്. എൻ.വി ഹബീബുറഹ്മാൻ എഴുതിയ ‘പ്രമേഹം വരുന്ന വഴി’ എന്ന പുസ്തകമാണ് ഇതിന് തുടക്കം കുറിച്ചത്. 11 വർഷത്തോളമായി പ്രമേഹത്തിന് സ്ഥിരം മരുന്ന് കഴിച്ചുകൊണ്ടിരുന്ന അദ്ദേഹം പ്രമേഹരോഗത്തെ കുറിച്ച് ലോകത്തിൽ നടന്നിട്ടുള്ള പല പഠനങ്ങളും, വിദഗ്ധ ഡോക്ടർമാരുടെ അഭിപ്രായങ്ങളും വായിച്ചു മനസ്സിലാക്കുകയും, അത് എൽ സി എച് എഫ് എന്നറിയപ്പെടുന്ന കീറ്റോജെനിക് ഡയറ്റിലേക്ക് എത്തിച്ചേരുകയും ചെയ്യുകയായിരുന്നു. അത് സ്വന്തം ജീവിതത്തിൽ പകർത്തി വിജയിക്കുകയും, താൻ കണ്ടെത്തിയ വിവരങ്ങൾ അദ്ദേഹം പുസ്തകരൂപത്തിൽ ക്രോഡീകരിക്കുകയായിരുന്നു.
ഇത് തുടങ്ങാൻ ആഗ്രഹിക്കുന്നവർ നിലവിൽ ഈ ഭക്ഷണരീതി പിന്തുടരുന്നവരോടോ, അല്ലെങ്കിൽ ഇതിനെക്കുറിച്ചു ശെരിക്ക് പറഞ്ഞു തരാൻ കഴിയുന്നവരോടോ ചോദിച്ചതിന് ശേഷം മാത്രമേ ഇത് ചെയ്യാവൂ.
പ്രത്യേകിച്ചും സ്ഥിരം മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്നവർ. ഇവർ ഒറ്റയടിക്ക് മരുന്ന് നിർത്തുന്നത് വിപരീത ഫലം ഉണ്ടാക്കിയേക്കാം.
എൽ സി എച്ച് എഫ് ഡയറ്റിന്റെ ഗുണങ്ങളെ കുറിച്ചുള്ള ചർച്ചയേക്കാളേറെ ഇപ്പോൾ അതിന്റെ ദോഷങ്ങളെ കുറിച്ചുള്ള ചർച്ചകളും വ്യാപകമാവുന്നുണ്ട്. ഭാവിയിൽ ഇതുകൊണ്ട് പല ദോഷങ്ങളും വരാം എന്ന് ഒരു കൂട്ടർ വാദിക്കുന്നുണ്ട്. രണ്ടു കൂട്ടരും പല പഠനങ്ങളും നിരത്തി തങ്ങളുടെ വാദമാണ് ശെരി എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നു. ശരി ഏതു പക്ഷത്തായിരുന്നാലും, ധാരാളം ആളുകൾ ഇത് പരീക്ഷിക്കുകയും അതിന്റെ പ്രചാരം നാൾക്കുനാൾ വർദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.
ഗൾഫിൽ മിക്കവാറും എല്ലാ പട്ടണങ്ങളിലും കീറ്റോജെനിക് ഡയറ്റ് സെന്ററുകൾ കുറച്ചു കാലമായി തന്നെ നിലവിലുണ്ട്. പല അന്താരാഷ്ട്ര ബ്രാൻഡുകളും ഇപ്പോൾ കീറ്റോജെനിക് ഭക്ഷണയിനങ്ങൾ അവരുടെ മെനുവിൽ ഉൾപ്പെടുത്തി തുടങ്ങിയിരിക്കുന്നു.
ഗൾഫ് മലയാളികളുടെ ജീവിതരീതിയനുസരിച്ച് വളരെ എളുപ്പത്തിൽ പിന്തുടരാൻ പറ്റിയ ഒരു ആഹാരരീതിയാണ് ഇത്. മിക്കവാറും ഏത് ചെറിയ കടകളിലും ഈ രീതിയിലുള്ള ഭക്ഷണം ഉണ്ടാക്കാൻ ആവശ്യമായ സാധനനങ്ങൾ ലഭിക്കും. അത്‌കൊണ്ട് തന്നെ പ്രവാസി മലയാളികളിൽ നല്ലൊരു വിഭാഗം ഇപ്പോൾ ഈ ആഹാരരീതി പിന്തുടരുന്നുണ്ട്. പലരും പത്തോ പതിഞ്ചോ കിലോയോളം ശരീരഭാരം കുറയുന്നത് വരെ കണിശമായി ഇത് തുടരുകയും പിന്നീട് ഇടക്ക് എല്ലാ ഭക്ഷണവും കഴിച്ചുകൊണ്ട് കുറഞ്ഞ ഭാരം കൂടാതെ നിലനിർത്തുകയുമാണ് ചെയ്യുന്നത്. കൂടുതൽ പ്രവാസികൾ കീറ്റോ ഡയറ്റ് പിന്തുടരുകയും, ശരീരം മെലിയുകയും ചെയ്താൽ, നമ്മുടെ മനസ്സിലുള്ള പണ്ടത്തെ ഗൾഫുകാരന്റെ തുറിച്ചു നിൽക്കുന്ന വയർ വെറും ഓർമയായി മാറും.
സമീർ മാട്ടുമ്മത്തൊടി
കൂടുതൽ വാർത്തകളും വിശേഷങ്ങളും അറിയാൻ അറേബ്യൻ മലയാളി ഫേസ്ബുക് പേജ് ലൈക് ചെയ്യുക[FBW]
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa