Wednesday, September 25, 2024
Kerala

കരിപ്പൂരിന്റെ മാനത്ത് വീണ്ടും കരിമേഘം, ഗൂഡാലോചകർ വീണ്ടും കർമ്മഭൂമിയിൽ

ചതിയുടെയും വഞ്ചനയുടെയും കുതികാൽ വെട്ടിന്റെയും ചരിത്രമാണ് കരിപ്പൂർ വിമാനത്താവളത്തിന്റെത്. ഓരോ മലബാറുകാരന്റെ ഹൃദയതാളവും സ്വപ്നവുമായിരുന്നു അത്. കരുത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതിഷേധത്തിന്റെയും തീച്ചൂടിൽ പുതുജീവൻ നേടിയ കരിപ്പൂരിന്റെ മാനത്ത് വീണ്ടും കരിമേഘങ്ങൾ ഉരുണ്ടു കൂടുന്നുവോ.

കണ്ണൂർ എയർപോർട്ടിന്റെ പിറവിയോടെ കരിപ്പൂരിനെതിരെ കരുനീക്കം നടക്കുന്നതായി ആശങ്ക. മുതലാളിമാരാൽ നടത്തപ്പെടുന്ന നെടുമ്പാശ്ശേരിക്കും കണ്ണൂരിനുമിടയിൽ നാടിന്റെ പൊതു സ്വത്തായ കരിപ്പൂരിന് ഭരണകൂടത്തിന്റെ തിരു നോട്ടം പോലും അന്യമാണെന്നാണ് പുതിയ സംഭവ വികാസങ്ങൾ തെളിയിക്കുന്നത്. കണ്ണൂരിൽ വിമാന ഇന്ധനത്തിന് ജി എസ് ടി ഒരു ശതമാനം. എന്നാൽ പൊതു സ്വത്തായ കരിപ്പൂരിന് ജി എസ് ടി 28 ശതമാനവും.

എന്താണിങ്ങനെയെന്നാണ് വിറക് വെട്ടികളും വെള്ളം കോരികളുമായ മലബാരികൾ ചോതിക്കുന്നത്. കരിപ്പൂരിനെ തകർത്തെ അടങ്ങൂ എന്നു വാശി പിടിക്കുന്ന ചില വമ്പന്മാരും എയർപോർട്ട് അതോറിറ്റിയിലെ ചില കരിന്തേളുകളും ഉറക്കമിളച്ചിരിക്കുകയാണിപ്പോൾ. കഴിഞ്ഞ നാലുവർഷത്തിനിടെ ഇക്കൂട്ടർ ആവുന്ന കളിയെല്ലാം കളിച്ചിട്ടുണ്ട്. റൺവേ അപകടാവസ്ഥയിൽ എന്ന കള്ളക്കഥ ഇറക്കി 2015 മെയ് മാസത്തിൽ വലിയ വിമാനങ്ങളുടെ സർവ്വീസ് നിർത്തിവെപ്പിച്ചത്. പിന്നീടങ്ങോട്ട് മലബാറുകാരടെ കഷ്ടകാലം തുടങ്ങുകയായി. ഒട്ടേറെ സമയവും ധനവും പാവം മലബാരിയുടേത് ഇക്കൂട്ടർ കൊള്ളയടിക്കുകയായിരുന്നു. വിദേശത്ത് മരിക്കുന്ന ഒരു പ്രവാസിയുടെ മൃതദേഹം പോലും നെടുമ്പാശ്ശേരിയിറക്കി വീട്ടിലെത്തുമ്പോഴേക്ക് ചീർത്ത് വീർക്കാനിടയാക്കി. 2017ൽ റൺവേയുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കിയെങ്കിലും പരിശോധന നടത്തി റിപ്പോർട്ട് യഥാസമയം DGCA ക്ക് എത്തിക്കാതെ ഫയൽ മുക്കുകയാണ് എയർപോർട്ട് അതോറിട്ടി ചെയ്തത്. കാര്യങ്ങൾ കൊടും ചതിയാണെന്ന് ബോധ്യപ്പെട്ടിട്ടും കേരളത്തിലെ വിശിഷ്യാ മലപ്പുറം ജില്ലയിലെ രാഷ്ടീയ നേതൃത്വം ഉറക്കം നടിക്കുകയായിരുന്നു. 2019 ൽ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വലിയ വിമാനങ്ങളുടെ അനുമതിയുടെ പിതൃത്വം ഏറ്റെടുക്കാൻ മത്സരിക്കുന്ന കാഴ്ച ചിരിക്കു വക നൽകുന്നുണ്ട്‌.

കണ്ണൂരിനും നെടുമ്പാശ്ശേരിക്കും വേണ്ടി കരിപ്പൂരിനെ ഒറ്റുകൊടുക്കുകയാണെന്ന് പകൽ വെളിച്ചം പോലെ വ്യക്തം. കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെയൊക്കെയാണെന്ന് പ്രവാസികൾ മനസ്സിലാക്കിയിട്ടുണ്ട്‌. പ്രവാസിയെ വെറും കറവപ്പശുവായി കാണുന്ന ഭരണകൂടവും രാഷ്ട്രീയക്കാരും കൊടും വഞ്ചനയാണ് അവരോട് ചെയ്യുന്നതെന്നും അവർ തിരിച്ചറിഞ്ഞിട്ടുണ്ട്. രാജ്യത്ത് ഏറ്റവും ലാഭകരവും കൂടുതൽ അന്താരാഷ്ട്ര യാത്രക്കാരുമുള്ള കരിപ്പൂരിനെ നഷ്ടത്തിലെത്തിച്ച കരിനാഗങ്ങളെ ജനകീയ വിചാരണക്ക് വിധേയമാക്കണം.

ജിദ്ദ റിയാദ് റൂട്ടിലുള്ള ലാഭകരമായ സർവ്വീസ് കരിപ്പൂരിൽ നിന്ന് സാധ്യമായിട്ടും എയർ ഇന്ത്യയുടെ തമ്പ്രാക്കൾക്ക് മുതലാളിമാരുടെ കോന്തലയിലായിരുന്നു കണ്ണ്. കഴിഞ്ഞ നാലുവർഷം സാധാരണ പ്രവാസിക്ക് കരിപ്പൂരിന്റെ റൺവേയിൽ ഇറങ്ങാൻ സാധിക്കാതെ അവരെ നെടുമ്പാശ്ശേരിയിലേക്കും തിരുവനന്തപുരത്തേക്കും പാർസൽ ചെയ്യുന്നതിൽ സന്തോഷം കണ്ടെത്തുകയായിരുന്നു നമ്മുടെ മേലാളന്മാർ.

ഇനിയൊരു തിരിച്ചു പോക്കിന് കരിപ്പൂരിനെ അനുവദിച്ചുകൂടാ. അതിന് പ്രവാസികൾ കണ്ണും കാതും കൂർപ്പിച്ച് സർവ്വ സജ്ജരായി ഒരുങ്ങിയിരിക്കുക.

കുഞ്ഞിമുഹമ്മദ് കാളികാവ്

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q