സൗദിയിൽ മലയാളി യുവാവിന് ലഭിച്ച ശിക്ഷയിൽ നിന്ന് പ്രവാസികൾ പാഠമുൾക്കൊള്ളുക
തനിക്ക് തൊഴിലവസരം നൽകുകയും ജീവിത സാഹചര്യം മെച്ചപ്പെടുത്താൻ തുണയാകുകയും ചെയ്ത രാജ്യത്ത് നിന്ന് റിയാലുകൾ സമ്പാദിക്കുകയും, എന്നാൽ തരം കിട്ടുമ്പോൾ അന്നം നൽകുന്ന അതേ രാജ്യത്തെയും ആ നാടിൻ്റെ ആശയാദർശങ്ങളെയും പരിഹസിക്കുകയും ചെയ്യുന്നവർക്ക് മലയാളി യുവാവിന് ലഭിച്ച ഈ ശിക്ഷ പാഠമാകണം.
ആലപ്പുഴ സ്വദേശി വിഷ്ണു ദേവാണു ട്വിറ്ററിൽ നടത്തിയ ഒരു ചാറ്റിങ്ങിനിടെ സൗദി അറേബ്യയെയും പ്രവാചകനെയും അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയതിന്റെ പേരിൽ ദഹ്റാൻ പോലീസിന്റെ പിടിയിലായത്. സൗദി ആരാംകോക്ക് കീഴിലെ ഒരു കോൺട്രാക്ടിംഗ് കംബനിയിൽ മെച്ചപ്പെട്ട ശമ്പളം വാങ്ങുന്ന ഒരു പ്ളാനിംഗ് എഞ്ചിനീയറായിരുന്നു വിഷ്ണു ദേവ്.
നേരത്തെ 5 വർഷവും പിഴയുമായിരുന്നു ഇയാൾക്ക് ശിക്ഷയായി കോടതി വിധിച്ചിരുന്നത്. എന്നാൽ ശിക്ഷ പുന:പരിശോധിക്കാൻ അപ്പീൽ കോടതി ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ ക്രിമിനൽ കോടതി ശിക്ഷാ കാലാവധി 10 വർഷമായി ഉയർത്തുകയായിരുന്നു. തടവിനോടൊപ്പം ഒന്നര ലക്ഷം റിയാൽ പിഴയും ഇയാൾ അടക്കേണ്ടതുണ്ട്.
പ്രതി മുസ്ലിം ആയിരുന്നെങ്കിൽ വധ ശിക്ഷയായിരുന്നു വിധിക്കുക എന്ന് വിധി പ്രസ്താവിച്ച ഡിവിഷൻ ബെഞ്ചിലെ തലവൻ പറഞ്ഞത് ഇയാൾ ചെയ്ത പ്രവൃത്തിയുടെ ഗൗരവം വ്യക്തമാക്കുന്നതാണ്.
സോഷ്യൽ മീഡിയയിലൂടെ വ്യക്തികളെ അധിക്ഷേപിക്കുന്നത് പോലും ഗൾഫ് രാജ്യങ്ങളിൽ വലിയ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഈയിടെ വിവാഹം കഴിക്കാൻ പോവുന്ന യുവതിയെ വാട്ട്സാപ്പിലൂടെ വിഡ്ഢി എന്ന് വിളിച്ചതിന് യു എ ഇ യിൽ ഇരുപതിനായിരം രൂപ പിഴ ചുമത്തിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa