Monday, September 23, 2024
Jeddah

“പ്രവാസി; നിലപാടും നിർദേശങ്ങളും” ടോക് ഷോ സംഘടിപ്പിച്ചു

ജിദ്ദ: സൈൻ ജിദ്ദ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ പ്രവാസി; നിലപാടും നിർദേശങ്ങളും എന്ന വിഷയത്തിൽ ടോക് ഷോ സംഘടിപ്പിച്ചു. സീസൺസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രമുഖ രാഷ്ട്രീയ പാർട്ടികളായ കോൺഗ്രസ്, സിപിഎം, മുസ്ലിം ലീഗ്, സിപിഐ എന്നിവരുടെയും മറ്റു 20 ഓളം പ്രവാസി സംഘടനകളുടെയും പ്രതിനിധികൾ പങ്കെടുത്തു. സാമൂഹ്യം, സാമ്പത്തികം, വിദ്യാഭ്യാസം, രാഷ്ട്രീയം, പ്രവാസി ക്ഷേമം എന്നീ മേഖലകൾ തിരിച്ച് പ്രവാസിയുടെ നിലപാടുകളും നിർദേശങ്ങളും ടോക് ഷോ ചർച്ച ചെയ്തു. പ്രവാസികൾ നാടിൻറെ പുരോഗതിയിൽ നിർണായകമായ പങ്കു വഹിക്കുന്നു എന്ന് അംഗീകരിക്കുന്നവർ തന്നെ തങ്ങളുടെ ക്ഷേമത്തിന് വേണ്ടി കാര്യമായി ഒന്നും ചെയ്യാത്തവരാണെന്നും രാജ്യത്തെ ഏറ്റവും അവഗണിക്കപ്പെട്ട ജനവിഭാഗമായി പ്രവാസികൾ മാറിയെന്നും ടോക് ഷോ വിലയിരുത്തി. എയർപോർട്ട് വിഷയങ്ങൾ, വർധിച്ച വിമാനക്കൂലി, മൃതദേഹം നാട്ടിലെത്തിക്കൽ, നോർക്ക അടക്കമുള്ള ഏജൻസികളുടെ വിവിധ ക്ഷേമപദ്ധതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എൻ.ആർ.ഐ ക്വാട്ട, പ്രവാസി വോട്ട് എന്നിവയിലെല്ലാമുള്ള പോരായ്മകൾ പരിപാടിയിൽ ചർച്ചയായി.

പ്രവാസികൾ പൊതുവായി നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നിച്ച് നിൽക്കണമെന്നും അവരവരുടെ സംഘടനകളിലൂടെ സംഘശക്തി വർദ്ധിപ്പിച്ചു വില പേശാനുതകുന്ന വിധത്തിൽ ആയി തീരണമെന്നും വിലയിരുത്തി. പ്രവാസികളുടെ പണം നഷ്ടപ്പെടാത്ത രീതിയിൽ ഉപയുക്തമാവുന്ന മേഘലകളിൽ വിനിയോഗിക്കാൻ വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും ഇത്തരത്തിൽ നയം രൂപീകരിക്കുമ്പോൾ പ്രവാസലോകത്തെ തൊഴിലാളികളേയും ഉയർന്ന പ്രൊഫഷനലുകളെയും ബിസിനസ് രംഗത്തുള്ളവരെയും പരിഗണിക്കുമാറാവണമെന്നും നിർദ്ദേശിച്ചു.

എൻ.ആർ.ഐ. എന്ന ഓമനപ്പേരിൽ ലഭിക്കുന്ന വിദ്യാഭ്യാസ അവസരം പാവപ്പെട്ടവന് എത്തിപിടിക്കാൻ കഴിയാത്തതാണെന്നും അടിസ്ഥാന വർഗ്ഗമായ തൊഴിലാളികളുടെ മക്കൾക്ക് കൂടി അവസരം ലഭ്യമാവുന്ന രീതിയിൽ ഈ അവസരം പുനഃ ക്രമീകരിക്കണമെന്നും അല്ലാത്തപക്ഷം തൊഴിലാളി, പ്രൊഫഷനലുകൾ, ബിസിനസുകാർ എന്നിങ്ങനെ തരം തിരിച്ചു പ്രവാസികളുടെ ഇടയിൽ സാമ്പത്തിക സംവരണം ഏർപ്പെടുത്തണമെന്നും അഭിപ്രായപ്പെട്ടു.

പ്ലസ്‌ടു കഴിഞ്ഞാൽ ജി.സി.സി.രാജ്യങ്ങളിലെ പ്രവാസികളുടെ മക്കൾക്ക് പഠിക്കാൻ അവസരമില്ലെന്നും ഒരു പരീക്ഷാ കേന്ദ്രം ഇത്തരം രാജ്യങ്ങളിൽ ഉണ്ടാവേണ്ടത് അനിവാര്യമാണെന്നും പ്രവാസി കുടുംബങ്ങളിൽ രൂപപ്പെടുന്ന മോറൽ ഇഷ്യൂകൾ പരിഹരിക്കാൻ നോർക്കയുടെ കീഴിൽ കൗൺസിലിംഗ് കേന്ദ്രങ്ങൾ ഉണ്ടാവണമെന്നും അഭിപ്രായമുയർന്നു.

പ്രവാസി പ്രശ്നനങ്ങൾ കൈകാര്യം ചെയ്യാനായി കേന്ദ്രത്തിൽ പ്രവാസിയായ ഒരാളെ മന്ത്രിസഭയിൽ എടുക്കണമെന്നും സംസഥാന സർക്കാറുകളും ഈ മാർഗ്ഗം സ്വീകരിച്ചു പോരണമെന്നും അങ്ങനെ ത്രീ തല പഞ്ചായത്തുകളിലും പ്രവാസിക്ക് സംവരണം ഏർപ്പെടുത്തിയാലെ പ്രവാസി പ്രശ്നനങ്ങൾക്ക് പരിഹാരമാവൂ എന്ന് വിലയിരുത്തി. പ്രവാസിക്ക് വോട്ടവകാശം കൈവന്നാൽ ഒരു പരിധിവരെ ഒന്നിച്ചു നിന്നാൽ അവകാശങ്ങ്‌ൾ നേടിയെടുക്കാൻ ഉപയുക്തമാവുമെന്ന് അഭിപ്രായമുയർന്നു

പ്രാവാസിക്കും ആശ്രിതർക്കും പി.എസിയിൽ ക്വാട്ട അനുവദിക്കുക, നോർക്ക കാർഡുള്ള വ്യക്‌തി പ്രവാസ ലോകത്ത് നിന്ന് മരണപ്പെട്ടാൽ അവന്റെ മൃതദേഹം എംബാം ചെയ്യുന്നതിനും മോർച്ചറികളിൽ സൂക്ഷിക്കുന്നതിനും വിമാന യാത്രാ കൂലി ഉൾപ്പെടെ അനുവദിക്കുക നോർക്ക കാർഡുള്ള വ്യക്തി കുറഞ്ഞ അവധിക്ക് നാട്ടിലെത്തിയാൽ അവന് വിവിധ സർക്കാർ ഓഫിസുകളിൽ നിന്ന് ലഭ്യമാവേണ്ട സേവനങ്ങൾക്ക് മുൻഗണന നൽകുക, അപകട മരണത്തിന് നൽകുന്ന ഇൻഷുറൻസ് പരിരക്ഷ സാധാരണ മരണങ്ങൾക്കും നൽകുക, മടങ്ങി എത്തുന്ന പ്രവാസിക്ക് ആരോഗ്യം പരിരക്ഷ നൽകുക പ്രവാസി ക്ഷേമനിധിയിൽ 300 രൂപ അംശാദായം അടച്ചുകൊണ്ടിരിക്കുന്ന വ്യക്തിക്ക് നൽകുന്ന പെൻഷൻ 5000 ആയി ഉയർത്തുക, പ്രവാസ ലോകത്ത് നിന്ന് അപകടം സംഭവിച്ചാൽ ക്ഷേമനിധിയിൽ അംഗത്തിന് മക്കളുടെ വിദ്യാഭ്യാസ ചെലവ് സർക്കാർ വഹിക്കുക, അത്തരം ആളുകൾക്ക് സൗജന്യമായി വിമാന ടിക്കറ്റ് നൽകുക, മടങ്ങി എത്തിയ പ്രവാസിയെ ബി.പി.എൽ പട്ടികയിൽ ഉൾപ്പെടുത്തി അനുകൂലിങ്ങൾ നൽകുക എന്നിങ്ങനെ ഒട്ടനവധി നിർദ്ദേശങ്ങൾ വിവിധ അംഗങ്ങൾ രേഖപ്പെടുത്തി. ടോക് ഷോയിൽ ഉരുത്തിരിഞ്ഞ ആശയങ്ങളും നിർദേശങ്ങളും ക്രോഡീകരിച്ച് റിപ്പോർട്ടാക്കി ഭരണ-ഉദ്യോഗസ്ഥ തലങ്ങളിലെ പ്രമുഖർക്കും രാഷ്ട്രീയ പാർട്ടി നേതാക്കള്ക്കും പ്രവാസി സംഘടനാ പ്രതിനിധികൾക്കും തെരഞ്ഞെടുപ്പ് വേളകളിൽ സ്ഥാനാര്ഥികള്ക്കും സമർപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 2015 ൽ അബീർ ഗ്രൂപ്പിന്റെ സഹകരണത്തോടെ തിരിച്ചു വന്ന പ്രവാസികളെ കുറിച്ച് സൈൻ നടത്തിയ പഠന റിപ്പോർട്ട് അധികാരികൾക്ക് മുന്നിൽ സമർപ്പിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് ടോക്ക് ഷോ സംഘടിപ്പിച്ചത്. സൈൻ എക്സിക്യൂട്ടീവ് ഡയറക്ടർ റാഷിദ് ഗസ്സാലി മോഡറേറ്ററായി. പരിപാടിയിൽ വ്യവസായി ആലുങ്ങൽ മുഹമ്മദ്, വി.പി മുഷ്താഖ് , വിവിധ കക്ഷി നേതാക്കളായ അഹമ്മദ് പാളയാട്ട്, വികെ റഹൂഫ്, പി.പി.എ റഹീം, കെ.ടി.എ മുനീർ, മജീദ് നഹ, മാധ്യമ പ്രവർത്തകൻ ഹസ്സൻ ചെറൂപ്പ, നിരൂപകൻ ബഷീർ വള്ളിക്കുന്ന്, ടി.എം.എ റഹൂഫ് തുടങ്ങിയവർ സംസാരിച്ചു. സലാഹ് കാരാടൻ ഉദ്ഘാടനം നിർവഹിച്ചു. നോർക്കാ ഡി പ്പാർട്ടുമെൻറും പ്രവാസി ക്ഷേമനിധിയും എന്ന വിഷയത്തെക്കുറിച്ചു എം. ഉമ്മർകോയ സംസാരിച്ചു. സൈൻ ഇന്ത്യയെ സാബിത്ത് വയനാട് പരിചയപ്പെടുത്തി. മാസ്റ്റർ മുഹമ്മദ് ഹിഫ്സു ഖിറാഅത്ത് നിർവഹിച്ചു. സൈൻ ജിദ്ദാ ചാപ്റ്റർ എക്സിക്യൂട്ടീവ് ഡയറക്ടർ റഷീദ് വരിക്കോടൻ അധ്യക്ഷനായി. നാസർ വെളിയംകോട് സ്വാഗതവും ഹിഫ്‌സുറഹ്മാൻ നന്ദിയും പറഞ്ഞു. പരിപാടിക്ക് ചാപ്റ്റർ ഭാരവാഹികളായ അഷ്റഫ് പൊന്നാനി, എം. ഉമ്മർ കോയ, ജമാലുദ്ധീൻ, സി.ടി ശിഹാബ്, അഷ്റഫ് കോയിപ്ര, സാബിത്ത്, ഇർഷാദ് കെ.എം, റസാഖ് ചേലക്കോട്, ഷമീം, കെ.ടി ജുനൈസ് തുടങ്ങിയവർ നേതൃത്വം നൽകി.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു സവാദ് പേരാമ്പ്ര (ഇസ്ലാമിക് സെൻറർ) അജ്മൽ (ഫോക്കസ്) ഉസ്മാൻ പാണ്ടിക്കാട് ( പ്രവാസി സാംസ്കാരിക വേദി) മുഹമ്മദ് പൊന്നാനി (ഒ.ഐ.സി.സി) വർഗീസ് ഡാനിയൽ (പത്തനംതിട്ട വെൽഫയർ) അഡ്വ. ഷംസുദ്ധീൻ (മുൻ ചെയർമാൻ ഇൻറ്റർ നാഷണൽ ഇന്ത്യൻ സ്കൂൾ) സിഎം അഹ്മദ് ആക്കോട് (ഒ.ഐ.സി.സി) നൗഷാദ് (ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം) സംസാരിച്ചു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു കെഎൻ.എ. ലത്തീഫ് (ഒസീമിയ), അബ്ദുൽഗഫൂർ പൊന്നെങ്ങാടൻ (ജിദ്ദ ദാഹ് വാ സെന്റർ), കെ.എം.മുസ്തഫ (സിജി), ഷാജഹാൻ (പി.എം.എഫ്), സവാദ് പേരാമ്പ്ര (എസ്.ഐ.സി), നൗഷാദ് ചിറയിൻകീഴ് (ഐ.എഫ്.എഫ്), അബ്ദുൽ സലാം (കസവ്), അയ്യൂബ്ഖാൻ പി.ജെ.എസ്), മുഹമ്മദ് ബഷീർ (മേവ), അബ്ദുള്ള മൂക്കണ്ണി, പി.പി. റഹീം (ന്യൂ ഏജ് ), ജലീൽ മാടമ്പ്ര (ജാപ്പാ), അബ്ദുൽ ഗഫൂർ (സേവ), നാഷിരിഫ് (ടി.എം.ഡബ്ള്യു .എ), റിയാസ് അഹമ്മദ്‌ (ജീവ) ഷാജു അത്താണിക്കൽ (ഗ്രന്ഥപുര), ഖാസിം (ദയ) പരിപാടിയിൽ പങ്കെടുത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q