Sunday, September 22, 2024
Dammam

മുഖ്യമന്ത്രിയുടെ യു.എ.ഇ പ്രഖ്യാപനങ്ങള്‍  നടപ്പിലാക്കണം: പ്രവാസി സാംസ്കാരിക വേദി

ദമ്മാം: പ്രവാസി വിഷയങ്ങളില്‍ മുഖ്യമന്ത്രി യു.എ.ഇയില്‍ നടത്തിയ പ്രഖ്യാപനങ്ങളും പദ്ധതികളും പൂര്‍ണവും ഫലപ്രദവുമായി  നടപ്പിലാക്കുന്നതിന് സത്വര നടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് പ്രവാസി സാംസ്കാരിക വേദി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. കിഴക്കന്‍ പ്രവിശ്യ സന്ദര്‍ശിക്കാനെത്തിയ ഇടത് പക്ഷ ജനാധിപത്യ മുന്നണി  കണ്‍വീനര്‍ എ.വിജയരാഘവൻ നിവേദനം ഏറ്റുവാങ്ങി.

പ്രവാസികാര്യ വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പ്രവാസി വിഷയങ്ങളില്‍ ഏറെ തല്‍പരനാണെന്നും ഈ ആവശ്യങ്ങള്‍ നടപ്പിലാക്കുന്നതിന് അടിയന്തിരമായിത്തന്നെ ശ്രമിക്കുമെന്നും നിവേദകസംഘത്തിന്  അദ്ദേഹം മറുപടി നല്‍കി. നിലവിലെ സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ വന്ന വേളയില്‍ തന്നെ  പ്രവാസികളുടെയും നാടിന്‍റെയും ക്ഷേമവും സമഗ്ര വളര്‍ച്ചയും ലക്ഷ്യമാക്കി സംസ്ഥാനാധികാര പരിതിയില്‍ നിന്നുകൊണ്ട് നടപ്പിലാക്കുന്നതിന് ഊര്‍ജിത നടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട്, പ്രവാസി സാംസ്കാരിക വേദി, പത്തൊമ്പതിന ആവശ്യങ്ങള്‍ ഉന്നയിച്ച്, ഇടത് എം.എല്‍.എ. മാരായ റസാക് കാരാട്ട്, പി.ടി.എ. റഹീം എന്നിവര്‍ മുഖാന്തിരം മുഖ്യമന്ത്രിക്ക് 2016 ഡിസംബറില്‍ നിവേദനം സമര്‍പ്പിച്ചിരുന്നു. അത് സ്വീകരിച്ച്, വേണ്ട പഠനം നടത്തി  നടപടികള്‍ കൈക്കൊള്ളുന്നതിനായി നോര്‍ക്ക വകുപ്പിനെ ചുമതലപ്പെടുത്തിയതായി അറിയിച്ച് റഫറന്‍സോടെ, പി.ടി.എ. റഹീം എംഎല്‍എ മുഖാന്തിരം തന്നെ പ്രവാസി സാംസ്കാരിക വേദിക്ക്  മുഖ്യമന്ത്രിയുടെ മറുപടിയും ലഭിച്ചിരുന്നു. അതിന്‍റെ ഫോളോഅപ്പ്‌ നിവേദനമാണ് എ. വിജയ രാഘവൻ പ്രവാസി കിഴക്കന്‍ പ്രവിശ്യാ കമ്മിറ്റിയില്‍ നിന്നും ഏറ്റുവാങ്ങിയത്.

നിവേദനം മുഖ്യമന്ത്രി ഉടന്‍ ഗൌരവത്തിലെടുത്തതിലും, അതിലെ ഒട്ടു മിക്ക ആവശ്യങ്ങളും മുഖ്യമന്ത്രിയുടെ യു.എ.ഇ . സന്ദര്‍ശനവേളയില്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചതിലും ഭാഗികമായി പലതിലും നടപടികള്‍ കൈക്കൊണ്ടതിലും പ്രവാസികളുടെ സന്തോഷം ഈ കൂടിക്കാഴ്ചയില്‍ പങ്കു വെച്ചു. കക്ഷി രാഷ്ട്രീയ ഭേദം മറന്ന് പ്രവാസി വിഷയങ്ങളില്‍ പ്രവാസി സംഘടനകളും പ്രവാസികളും കൈകോര്‍ക്കുന്നതില്‍ അദ്ദേഹം വിസ്മയവും സന്തോഷവും പ്രകടിപ്പിച്ചു. പ്രവാസി കിഴക്കന്‍ പ്രവിശ്യാ പ്രസിഡന്റ് എം കെ ഷാജഹാൻ, ജനറൽ സെക്രട്ടറി ഷബീർ ചാത്തമംഗലം, സാബിഖ് കെ എം, കിരൺ, നവീൻ  അനസ് മാള, ഷമീർ കാരാട്ട് തുടങ്ങിയവർ നിവേദകസംഘത്തെ നയിച്ചു. നവോദയ നേതാക്കളും സന്നിഹിതരായിരുന്നു

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q