Monday, September 23, 2024
Saudi ArabiaTop Stories

ബന്ധുക്കൾക്കാവശ്യമില്ലാത്ത പ്രവാസിയുടെ മൃതദേഹം ഒടുവിൽ റിയാദ് നഗരസഭ മറവ് ചെയ്തു

റിയാദ്: രണ്ട് വർഷത്തോളം റിയാദ് മോർച്ചറിയിൽ കിടന്ന പ്രവാസിയുടെ മൃതദേഹം നാട്ടിലെ ബന്ധുക്കൾക്കാവശ്യമില്ലാത്തതിനാൽ അവസാനം റിയാദ് നഗരസഭ തന്നെ മറവ് ചെയ്തു.

2017 മാർച്ച് 21നായിരുന്നു തമിഴ്നാട് തിരുനൽവേലി സ്വദേശി സീലൻ സെബാസ്റ്റ്യൻ (52) വീഴ്ചക്കിടെ തലക്ക് പരിക്കേറ്റ് രക്തം വാർന്ന് മരിച്ചത്. ഇന്ത്യൻ എംബസിയും മലയാളി സാമൂഹ്യ പ്രവർത്തകൻ സിദ്ദീഖ് തുവ്വുരുമെല്ലാം മൃതദേഹം നാട്ടിലേക്കയക്കാനായുള്ള രേഖകൾക്കായി നാട്ടിലുള്ള ബന്ധുക്കളുമായി ബന്ധപ്പെട്ടെങ്കിലും അവർ വിവിധ കാരണങ്ങാൾ പറഞ്ഞ് രേഖകൾ നൽകാൻ മന:പൂർവ്വം വൈകിപ്പിക്കുകയായിരുന്നു.

25 വർഷമായി നാട്ടിൽ പോകാതിരുന്ന സീലൻ വിവാഹം കഴിച്ചിരുന്നില്ല. അമ്മയും സഹോദരിയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. സീലൻ്റെ അമ്മക്ക് മൃതദേഹം അവസാനമായി ഒരു നോക്ക് കാണാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലു മറ്റു ബന്ധുക്കളായിരുന്നു മൃതദേഹം അയക്കുന്നതിനു തടസ്സമായത്. സഹോദരീ പുത്രനായിരുന്നു പ്രധാന തടസ്സം.

അവർ ആവശ്യപ്പെട്ടത് പ്രകാരം സീലൻ്റെ സർവീസ് മണിയും മറ്റു കുടിശ്ശികകളും അടക്കം 4 ലക്ഷത്തോളം രൂപ നാട്ടിലേക്ക് അയച്ച് കൊടുത്തിട്ടും മൃതദേഹം നാട്ടിലേക്കെത്തിക്കുന്നതിനു ബന്ധുക്കൾ സഹകരിച്ചില്ല. മരണ കാരണം അറിയണമെന്ന് ആവശ്യപ്പെട്ടപ്പൊൾ പോലീസ് രേഖകൾ നാട്ടിലേക്കയച്ച് കൊടുത്തു. എന്നാൽ മൃതദേഹം അങ്ങോട്ടയക്കേണ്ടതില്ല എന്നായിരുന്നു അവസാനം മറുപടി ലഭിച്ചത്.

ഏതായാലും കുടുംബത്തിനു വേണ്ടി കടൽ താണ്ടി വന്ന് അവസാനം കുടുംബത്തിനു ആവശ്യമില്ലാതായ ആ പ്രവാസിയുടെ ഭൗതിക ശരീരം സൗദിയുടെ മണ്ണിൽ അന്ത്യ വിശ്രമം കൊണ്ടു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്