Thursday, November 28, 2024
Kerala

പ്രവാസികളുടെ കൂട്ടമടക്കവും തൊഴില്ലായ്മയും കേരളത്തിൽ പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ

പെട്രോ ഡോളറിന്റെ ബലത്തിൽ പളപളപ്പ് കാണിച്ചിരുന്ന പ്രവാസി കുടുംബങ്ങളും സ്ഥാപനങ്ങളും ഇന്ന് നിലനിൽപ്പിന്നായി പൊരുതുകയാണ്. കേരളത്തിന്റെ സമ്പദ്ഘടനയുടെ ആണിക്കല്ലായ പ്രവാസികളുടെ കൂട്ടത്തോടെയുള്ള മടക്കം എല്ലാ മേഖലയിലും പ്രതിഫലിച്ചു തുടങ്ങി.
സംസ്ഥാനത്തെ നിലവിലെ തൊഴിലില്ലായ്മയും പുറമെ മടങ്ങി വന്ന പ്രവാസികളുടെ പ്രശ്നവും കൂടിയാവുമ്പോൾ അത് സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെ കാര്യമായി ബാധിക്കും.

പ്രളയവും സാമ്പത്തിക പ്രതിസന്ധിയും കടക്കെണിയും മൂലം സംസ്ഥാനം ഇഴഞ്ഞു നീങ്ങുന്നതിനിടെയാണ് ഗൾഫ് രാജ്യങ്ങളിലെ തൊഴിൽ നിയമങ്ങളും സ്വദേശിവൽക്കരണവും കേരളത്തെ പിടിച്ചുലച്ചത്. പ്രവാസികളുടെ കൂട്ടമടക്കം തൊഴിലില്ലായ്മ അധികരിപ്പിക്കുകയും സാമ്പത്തിക വളർച്ചയെ പിന്നോട്ടടിക്കുകയും ചെയ്യുമെന്നുറപ്പ്.

അഭ്യസ്തവിദ്യരായ ലക്ഷങ്ങൾ ജോലിക്കായി നെട്ടോട്ടമോടുന്നതിനിടെ തൊഴിൽ സംരംഭങ്ങളും നിയമനങ്ങളും അധികരിപ്പിക്കാതെ പരിഹാരം കാണാനാവില്ല. 2015-16 വർഷത്തിൽ തൊഴിൽ മന്ത്രാലയം നടത്തിയ സർവ്വേ പ്രകാരം തൊഴില്ലായ്മയുടെ നിരക്ക് കൂടിയ സംസ്ഥാനമാണ് കേരളം. 12.5 ശതമാനമാണ് കേരളത്തിന്റെ തൊഴിലില്ലായ്‌മ നിരക്ക്. പുതിയ കണക്കു പ്രകാരം കേരളത്തിലെ തൊഴിലന്വേഷകർ 35 ലക്ഷമാണ്. സംസ്ഥാനത്തെ പല സസ്തികകളിലും നിയമന നിരോധനം നിലനിൽക്കുന്നുമുണ്ട്. ഇതിനിടയിലേക്ക് വെറും കയ്യോടെയെത്തിയ പ്രവാസികൾ നിലയില്ലാ കയത്തിലാണ് അകപ്പെട്ടിട്ടുള്ളത്.

പ്രവാസികളുടെ പുനരധിവാസത്തിനും തൊഴിൽ ലഭ്യതക്കും പ്രഖ്യാപിച്ച പാക്കേജുകൾ വെറും ഭംഗിവാക്കായി മാറുകയാണ്. മടങ്ങിയെത്തിയ പ്രവാസികൾക്ക് തൊഴിൽ സംരംഭം തുടങ്ങാൻ 20 ലക്ഷം രൂപ വരെ കുറഞ്ഞ പലിശയിൽ വായ്പ അനുവദിക്കുമെന്നുള്ള പ്രഖ്യാപനം ഇപ്പോഴും ബാങ്കുകളുടെ നൂലാമാലകളിൽ കെട്ടുപിണഞ്ഞു കിടക്കുകയാണ്.

കിട്ടുന്ന അവസരങ്ങളിലൊക്കെ പ്രവാസികളെ പിഴിഞ്ഞ് റോഡും പാലവും വിമാനത്താവളവും പണിത ഭരണ വർഗ്ഗത്തിന് പ്രവാസികളുടെ കാര്യത്തിൽ യാതൊരു വേവലാതിയും കാണുന്നില്ല. നേരത്തെ സൗദി അറേബ്യയിൽ തുടങ്ങിയ സ്വദേശിവൽക്കരണവും തൊഴിൽ നിയമങ്ങളും മറ്റു ഗൾഫ് രാജ്യങ്ങളും ഏറ്റുപിടിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇതു വഴി ഇനിയും ലക്ഷങ്ങൾ നാട്ടിലേക്ക് തിരിച്ചു വരാനിരിക്കുകയാണ്.

പ്രവാസി ആയതിന്റെ പേരിൽ റേഷൻ പോലും തടയപ്പെട്ട ഈ ഹതഭാഗ്യരോട് അൽപ്പം കരുണയും കരുതലും ആകാമെന്നേ പറയാനുള്ളു.

കുഞ്ഞിമുഹമ്മദ് കാളികാവ്

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa