പ്രവാസി മലയാളികൾക്കഭിമാനം; മഞ്ജു മണിക്കുട്ടന് “നാരി ശക്തി പുരസ്‌കാരം”
ദമ്മാം: ഇന്ത്യയിൽ വനിതകൾക്ക് നൽകുന്ന ഏറ്റവും പരമോന്നതബഹുമതിയായ “നാരി ശക്തി പുരസ്‌കാരം”, ജീവകാരുണ്യപ്രവർത്തകയും നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റുമായ മഞ്ജു മണിക്കുട്ടന് ലഭിച്ചു. സൗദി അറേബ്യയയുടെ കിഴക്കൻ പ്രവിശ്യയിൽ ഇന്ത്യക്കാരായ വനിതകൾക്കും, വീട്ടുജോലിക്കാരികൾക്കും വേണ്ടി നടത്തിയ ജീവകാരുണ്യപ്രവർത്തനങ്ങളെ പരിഗണിച്ചാണ് അവാർഡ്.
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു എല്ലാ വർഷവും മാർച്ച് 8ന്, കേന്ദ്ര വനിതാ,ശിശുക്ഷേമ മന്ത്രാലയമാണ് “നാരി ശക്തി പുരസ്‌കാരം” നൽകുന്നത്. സ്ത്രീ ശാക്തീകരണത്തിനായി വ്യത്യസ്ത മേഖലകളിൽ പ്രവർത്തിച്ചു കഴിവ് തെളിയിച്ച ഇന്ത്യൻ വനിതകൾക്കാണ് ഈ അവാർഡ് നൽകുന്നത്. സർട്ടിഫിക്കറ്റും ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസും ഉൾപ്പെടുന്നതാണ് അവാർഡ്. ഡല്‍ഹിയില്‍ വെച്ച് മാര്‍ച്ച് 8 ന് ഇന്ത്യന്‍ രാഷ്ട്രപതിയുടെ കൈയ്യില്‍ നിന്നും മഞ്ജു മണിക്കുട്ടന്‍ അവാര്‍ഡ് ഏറ്റു വാങ്ങും.
എറണാകുളം പെരുമ്പാവൂർ സ്വദേശിനിയായ മഞ്ജു മണിക്കുട്ടൻ എട്ടു വർഷങ്ങൾക്ക് മുൻപാണ് ഭർത്താവും, നവയുഗം ജീവകാരുണ്യപ്രവർത്തകനുമായ പദ്മനാഭൻ മണിക്കുട്ടന്റെ കൂടെ കഴിയാൻ, അഭിജിത്ത്, അഭിരാമി എന്നീ രണ്ടു മക്കളുമൊത്ത് സൗദി അറേബ്യയിൽ എത്തിയത്. ദമാമിലെ ഒരു ബ്യൂട്ടിപാർലറിൽ ബ്യൂട്ടീഷ്യനായി ജോലിയ്ക്ക് കയറിയ മഞ്ജു ഒരു സാധാരണ വീട്ടമ്മയായി കഴിയുകയായിരുന്നു.
എന്നാൽ വിധിയുടെ തീരുമാനം മറ്റൊന്നായിരുന്നു. നവയുഗം ജീവകാരുണ്യ പ്രവർത്തകയും, കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റും ആയിരുന്ന സഫിയ അജിത്തുമായി പരിചയപ്പെടാൻ ഇടയായതാണ് മഞ്ജുവിന്റെ ജീവിതത്തെ മാറ്റി മറിച്ചത്. സഫിയയുമായി ഉണ്ടായ സൗഹൃദമാണ് മഞ്ജു മണിക്കുട്ടനെ ജീവകാരുണ്യരംഗത്ത് എത്തിച്ചത്.
ദമ്മാം വനിതാ അഭയകേന്ദ്രത്തിലെ അശരണരായ വനിതകളുടെ പ്രശ്നങ്ങളിൽ നിരന്തരമായി ഇടപെട്ടു കൊണ്ടിരുന്ന സഫിയാ അജിത്തിന്റെ വലംകൈയായി മഞ്ജു മാറി. ക്യാൻസർ രോഗബാധിതയായിരുന്ന സഫിയ അജിത് അപ്രതീക്ഷിതമായി 2016ൽ മരണമടഞ്ഞതോടെ, സഫിയയ്ക്ക് പൂർത്തിയാക്കാനാകാതെ പോയ കേസുകളുടെ ചുമതല മഞ്ജു ഏറ്റെടുക്കുകയായിരുന്നു. അത്തരം കേസുകൾ വളരെ പെട്ടെന്നു തന്നെ അവർ പൂർത്തീകരിച്ചു. തുടർന്ന് വനിതാ അഭയകേന്ദ്രത്തിലെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പൂർണ്ണചുമതല നവയുഗം ജീവകാരുണ്യവിഭാഗം മഞ്ജു മണിക്കുട്ടന് നൽകി. ബ്യൂട്ടിപാര്‍ലറിലെ ജോലിയും, വീട്ടുജോലികളും കഴിഞ്ഞാല്‍ പൂര്‍ണ്ണമായും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി അവര്‍ മാറ്റി വെച്ചു.
കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കിടയിൽ ആയിരത്തിലധികം സ്ത്രീകളെ വനിതാ അഭയകേന്ദ്രത്തിൽ നിന്നും രക്ഷപ്പെടുത്തി നാട്ടിലേയ്ക്ക് അയയ്ക്കാൻ മഞ്ജു മണിക്കുട്ടന് കഴിഞ്ഞു. നിരന്തരമായ പരിശ്രമത്താലും, ആത്മാർത്ഥമായ സേവനമനോഭാവത്താലും, സൗദി അറേബ്യയുടെ പുരുഷകേന്ദ്രീകൃതസമൂഹത്തിൽ ഒരു സ്ത്രീയ്ക്ക് ഇത്രയധികം സാമൂഹ്യസേവനരംഗത്ത് നിറഞ്ഞു നിൽക്കാൻ കഴിയുമെന്ന് മഞ്ജു തെളിയിച്ചു.
ഭർത്താവും ജീവകാരുണ്യ പ്രവർത്തകനുമായ പത്മനാഭൻ മണിക്കുട്ടന്റെ പ്രോത്സാഹനവും, നവയുഗം സാംസ്ക്കാരികവേദിയുടെ പിന്തുണയും കൊണ്ട് മഞ്ജുവിന് ജീവകാരുണ്യ രംഗത്ത് ഏറെ മുന്നോട്ടു പോകാൻ കഴിഞ്ഞു. എംബസ്സി വോളന്റീർ എന്ന നിലയിൽ ഇന്ത്യൻ എംബസ്സിയുടെ അംഗീകാരവും, സൗദി അധികാരികളുടെ പിന്തുണയും നേടിയെടുക്കാൻ കഴിഞ്ഞത് മഞ്ജുവിന് ഏറെ സഹായകമായി..
സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മഞ്ജുവിന് പലപ്പോഴും ഏറെ വെല്ലുവിളികളും, ഭീക്ഷണികളും, നിയമനടപടികളും ഒക്കെ ഒക്കെ നേരിടേണ്ടി വന്നിട്ടുണ്ട്. നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെയും, ഇന്ത്യന്‍ സമൂഹത്തിന്റെയും, എംബസ്സിയുടെയും ഉറച്ച പിന്തുണയോടെ അവയെ മറികടന്ന് ഒരുപാട് പ്രവാസികളെ നിയമക്കുരുക്കുകളില്‍ നിന്നും രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ പേരില്‍ വിവിധ പ്രവാസി സംഘടനകള്‍ നല്‍കിയ ഒട്ടേറെ പുരസ്ക്കാരങ്ങള്‍ മഞ്ജുവിനെ തേടിയെത്തിയിട്ടുണ്ട്.
നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് എന്ന നിലയില്‍ സജീവമായി പ്രവര്‍ത്തിയ്ക്കുന്ന മഞ്ജു മണിക്കുട്ടന്‍, നവയുഗം നടത്തിയ സാമൂഹിക സാംസ്ക്കാരികപരിപാടികളില്‍ സംഘാടകയായും കഴിവ് തെളിയിച്ചിട്ടുണ്ട്. നിസ്വാര്‍ത്ഥമായ ജീവകാരുണ്യപ്രവര്‍ത്തനത്തിലൂടെ രാജ്യത്തിൻറെ പരമോന്നത വനിത ബഹുമതി നേടിയ മഞ്ജു മണിക്കുട്ടനെ നവയുഗം കേന്ദ്രകമ്മിറ്റി അഭിനന്ദിച്ചു.. നവയുഗം ജീവകാരുണ്യവിഭാഗം പന്ത്രണ്ടു വര്‍ഷത്തിലേറെയായി ഒറ്റക്കെട്ടായി നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായി മഞ്ജുവിന്റെ ഈ നേട്ടത്തെ കാണുന്നതായും നവയുഗം കേന്ദ്രകമ്മിറ്റി പത്രപ്രസ്താവനയില്‍ പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa