Friday, April 4, 2025
FeaturedGCCPravasi Voice

ന്യൂസിലാന്റ്, നീ എന്നെ വല്ലാതെ മോഹിപ്പിക്കുന്നു..

തെക്കു-പടിഞ്ഞാറേ ശാന്തസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ദ്വീപുരാഷ്ട്രമായ ന്യൂസീലൻഡിനെ കുറിച്ച് കൂടുതലൊന്നും പഠിച്ചിട്ടുണ്ടായിരുന്നില്ലാത്ത ഞാൻ പോലും ഇപ്പോൾ മനസ്സിലെവിടെയോ ആ രാജ്യത്തെ അറിയാതെ പ്രണയിക്കുന്നു.

ന്യൂസിലാന്റ് മുസ്ലിം പള്ളിയിൽ 50 പേരെ വെടിവെച്ചുകൊലപ്പെടുത്തുകയും ഇരുപതിൽ അധികംപേരെ പരിക്കേൽപ്പിക്കുകയുംചെയ്ത ഭീകരന്റെ കിരാതവൃത്തി കൊണ്ട് തല താഴ്‌ത്തേണ്ടിയിരുന്ന ഒരു രാജ്യം, ഭരണാധികാരിയുടെയും ജനതയുടെയും അസാമാന്യ മാനവിക പ്രവർത്തികൊണ്ട് ചരിത്രം തീർക്കുകയാണ്. ഒരു രാജ്യത്തെ പ്രധാനമന്ത്രിക്ക്, തന്റെ ജനതക്ക് കൊടുക്കാവുന്ന ഉദാത്തമായ സന്ദേശങ്ങളായിരുന്നു സ്ഫോടനം നടന്ന അടുത്ത നിമിഷം മുതൽ മാധ്യമങ്ങളിൽ നാം വായിച്ചതും കണ്ടതും. ഉറ്റവർ നഷ്ടപ്പെട്ട ആ നിഷ്കളങ്ക ഹതഭാഗ്യരെ, അവരിലൊരാളായി ചേർത്ത് നിർത്തിയുള്ള വിതുമ്പൽ, ഒറ്റപ്പെട്ടുപോയ ഒരു വിഭാഗം മനുഷ്യർക്ക് നൽകിയ ആത്മവിശ്വാസം എത്ര വലുതായിരിക്കും?

കൃത്യം നടന്ന ശേഷം “ഈ ക്രൂരത ചെയ്തവൻ ഞങ്ങളിൽ പെട്ടവനല്ല” എന്ന പ്രഖ്യാപനം മുതൽ ലോകം പ്രധാനമന്ത്രി ജസീന്ത ആർഡനെ കാതോർക്കുകയാണ്. കൊല്ലപ്പെട്ടവരോടുള്ള അനുഭാവം എന്ന നിലയിൽ മുസ്‌ലിം വേഷമണിഞ്ഞു ബന്ധുക്കളെ ആശ്വസിപ്പിക്കാൻ എത്തിയപ്പോൾ ലോകം ഒന്നടങ്കം കയ്യടിച്ചു. പള്ളിയിൽ പ്രാർത്ഥിക്കാനെത്തിയ മുസ്‌ലിം സുഹൃത്തുക്കൾക്ക് സ്നേഹത്തിന്റെ കവചമൊരുക്കിയ ആ നാട്ടുകാർ അർഹിക്കുന്ന ഭരണാധികാരി തന്നെയാണ് അവിടുത്തെ പ്രധാനമന്ത്രിയും.

54515105_2215654425416097_6943590236358180864_n.jpg

കൊല്ലപ്പെട്ടവന്റെ വേഷം നോക്കി പോലും “അവൻ അനുഭവിക്കേണ്ടവനാണ്” എന്ന് കൺക്ലൂഡ് ചെയ്യുന്നവർക്കിടയിൽ മനുഷ്യത്വം സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്തു എന്നത് തന്നെയാണ് ഈ വനിതാ പ്രധാനമന്ത്രിയെ സമാധാനകാംക്ഷികൾക്ക് പ്രിയപ്പെട്ടതാക്കിയത്.

ഇനി പറയാം…. നിങ്ങളെയോ നിങ്ങളുടെ രാജ്യത്തെയോ ഒരുപക്ഷെ ജീവിതത്തിൽ ഒരിക്കലും കാണില്ലെങ്കിൽ പോലും, ഞാനും പ്രണയിച്ചു പോകുന്നു …. സ്ഫോടന ശേഷം പ്രാർത്ഥനക്കെത്തിയ ന്യൂനപക്ഷമായ വിശ്വാസികൾക്ക് ആത്മവിശ്വാസത്തിന്റെ കവചമൊരുക്കിയ നാട്ടുകാരെ….. ഒരാശ്വാസ വാക്ക് പറഞ്ഞില്ലെങ്കിൽ പോലും, ലോകം നിങ്ങളിൽ ഒരു കുറ്റവും ചാർത്തില്ലെന്നിരിക്കെ, ആ നിരപരാധികളുടെ ബന്ധുക്കളെ നെഞ്ചോട് ചേർത്ത് പിടിച്ച നിങ്ങളുടെ പ്രധാനമന്ത്രിയെ….ആ പ്രധാനമന്ത്രിക്ക് ഒപ്പം നിന്ന ജനപ്രതിനിധികളെ….

പ്രധാനമന്ത്രി ജസിന്ത ആർഡേണിന്റെ പാർലമെന്റ് പ്രഭാഷണത്തിലെ അവസാനത്തിൽ നിന്നുള്ള വാചകം ഇങ്ങനെയാണ്.

“മുസ്ലിം സമൂഹം വെള്ളിയാഴ്ച പ്രാർഥനക്കായി വീണ്ടും ഒത്തുകൂടും. നമുക്കവരുടെ ദുഖത്തിൽ പങ്ക് ചേരാം. അവരെ പിന്തുണക്കാം. നമ്മളൊന്നാണ്. അവരെന്നാൽ നമ്മൾ തന്നെയാണ്. അസ്സലാമു അലൈകും വറഹ്മതുല്ലാഹ്.”

“ഹലോ ബ്രദർ”….ന്യൂസിലാന്റ്…. സത്യം…..നീയും നിന്റെ ജനതയും, നിങ്ങളുടെ പ്രധാനമന്ത്രിയും, അവരുടെ നിലപാടുകളും മനുഷ്യ സ്നേഹികളെ വല്ലാതെ മോഹിപ്പിക്കുന്നു.

ഷബീർ ചാത്തമംഗലം
ദമ്മാം, സൗദി അറേബ്യ

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa