Wednesday, November 27, 2024
Kerala

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കർശനം; മുട്ടുവിറച്ച് പാർട്ടികളും സ്ഥാനാർത്ഥികളും.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കർശനമാക്കി കമ്മീഷൻ. മുട്ടുവിറച്ച് പാർട്ടികളും സ്ഥാനാർത്ഥികളും. പരിസര മലിനീകരണത്തിനും പണത്തിന്റെ ദുർവിനിയോഗത്തിനുമാണ് ഇതിലൂടെ കമ്മീഷൻ കടിഞ്ഞാണിട്ടത്ത്. വോട്ടിംഗിന് ഇനി ആഴ്ചകൾ മാത്രം ബാക്കിയിരിക്കെ പ്രചാരണം മന്ദഗതിയിലാണ്.

ഫ്ളക്സ് ബോർഡുകൾ മഷിയിട്ട് നോക്കിയാലും എവിടെയും കാണാനില്ല. പൊതു സ്ഥലങ്ങളിൽ പോസ്റ്റർ ഒട്ടിക്കാനും ആർക്കും ധൈര്യമില്ല. ഇലക്ട്രിക് പോസ്റ്റിലും പൊതുകിണറിന്റെ പടവിൽ പോലും സ്ഥാനാർത്ഥിയുടെ തല കാണാനില്ല. എതിർ സ്ഥാനാർത്ഥികൾക്കെതിരെ അപകീർത്തിപരമൊ മത ജാതിയമോ ആയ പരാമർശങ്ങൾ നടത്തിയാൽ നടപടി ഉറപ്പ്. സോഷ്യൽ മീഡിയയും ഇക്കുറി കമ്മീഷന്റെ നോട്ടപ്പുള്ളിയാണ്. ചട്ടവിരുദ്ധമായ പരാമർശമൊ വ്യക്തിഹത്യകളാ പോസ്റ്റുചെയ്യുന്നവർ അഴിയെണ്ണേണ്ടി വരും.

സ്വകാര്യ വ്യക്തിയുടെ മതിലിൽ അനുവാദമില്ലാതെ പോസ്റ്റർ ഒട്ടിക്കുകയൊ എഴുതുകയോ ചെയ്താലും പണി കിട്ടും. ഓരോ വോട്ടർക്കും പരാതി ബോധിപ്പിക്കാനുള്ള സാഹചര്യവും ഇക്കുറി കമ്മീഷൻ ഒരുക്കിയിട്ടുണ്ട്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ സി വിജിൽ ആപ്പ് ആർക്കും ഉപയോഗപ്പെടുത്താം. പ്ലേ സ്റ്റോറിൽ നിന്ന് സൗജന്യമായി അപ്പ് ഡൗൺലോഡ് ചെയ്യാം. 100 മിനുട്ടിനുള്ളിൽ നടപടി കട്ടായം.

തിശ്ചിത തുകക്കപ്പുറം പ്രചാരണത്തിന് ചെലവഴിച്ചാലും സ്ഥാനാർത്ഥി വെട്ടിലാക്കും. കമ്മീഷന്റെ രഹസ്യ നിരീക്ഷകൾ എല്ലാ മണ്ഡലത്തിലും ജാഗ്രതയിലുണ്ട്. കള്ളപ്പണം കടത്തുന്നതും രേഖയില്ലാത്ത പണം കൈവശം വെക്കുന്നതും കണ്ടെത്താൻ കർശന പരിശോധന നടക്കുന്നുണ്ട്.
സംശയം തോന്നിയാൽ സ്ഥാപനങ്ങളിലും വീടുകളിലും കയറി പരിശോധിക്കുന്നതിനും കമ്മീഷന് അധികാരമുണ്ട്. ഇതിനകം രേഖകളില്ലാത്ത പണം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. അമ്പതിനായിരത്തോളം പോസ്റ്ററുകളും ഫ്ളക്സുകളും എടുത്ത് മാറ്റിയിട്ടുമുണ്ട്.

എല്ലാം വീഡിയോയിൽ പകർത്തുന്ന കമ്മീഷൻ ഉദ്യോഗസ്ഥർ ചെലവ് തെളിവ് സഹിതം സ്ഥാനാർത്ഥിയിൽ നിന്ന് ഈടാക്കും. ക്രമസമധാനം തകർക്കുന്നതോ മതവിദ്വേഷം വളർത്തുന്നതോ ആയ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ പാപഭാരം മുഴുവൻ അഡ്മിൻ ഏറ്റെടുക്കുകയും കോടതി കയറുകയും വേണ്ടിവരും. ടാറിംഗ് റോഡിലെ ചുണ്ണാമ്പെഴുത്ത് പോലും ഇക്കുറി കമ്മിഷൻ വിലക്കിയിട്ടുണ്ട്. തൊഴിലുറപ്പ് തൊഴിലാളികൾ പോലും ജോലി സമയത്ത് പ്രചാരണ രംഗത്ത് കണ്ടെത്തിയാൽ നടപടിയുണ്ടാവും.

വോട്ടിംഗ് മെഷീനിനെതിരെ തെളിവില്ലാത്ത പ്രചാരണം നടത്തിയാൽ ഇക്കുറി ആറു മാസത്തെ തടവും പിഴയും ലഭിക്കാനും കാരണമാകും. ഓരോ തെരഞ്ഞെടുപ്പ് കാലത്തും പ്രകൃതിക്കും പരിസ്ഥിതിക്കും ഏൽപ്പിക്കുന്ന നഷ്ടം ഇല്ലാതാക്കി ഹരിതവിപ്ളവമാണ് ഇക്കുറി കമ്മീഷൻ ലക്ഷ്യമാക്കുന്നത്.

കുഞ്ഞിമുഹമ്മദ് കാളികാവ്

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa