Sunday, September 22, 2024
India

ഇലക്ട്രോണിക് വോട്ടിംഗ്‌ മെഷീനിനെതിരെ പ്രതിപക്ഷ കക്ഷികൾ വീണ്ടും സുപ്രീം കോടതിയിലേക്ക്

ഒന്നാം ഘട്ട വോട്ടെടുപ്പ് കഴിഞ്ഞതിനു പിറകെ വോട്ടിംഗ് മെഷീനിനെതിരെ വ്യാപക പരാതി. പ്രതിപക്ഷ കക്ഷികൾ വീണ്ടും സുപ്രീം കോടതിയെ സമീപിക്കുന്നു. ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്ന മണ്ഡലങ്ങളിൽ ക്രമക്കേടുകളും പോരായ്മകളും കണ്ടതാണ് കാരണം.
പല ബൂത്തുകളിലും ചിഹ്നംമാറി വോട്ടു പതിഞ്ഞതായി പരാതിയുണ്ട്. ഒട്ടേറെ ബൂത്തുകളിൽ ഇവിഎം തകരാറിലായതായും കണ്ടെത്തിയിട്ടുണ്ട്.
അതേ സമയം പരാതികൾ പരിഗണിച്ച് നടപടി സ്വീകരിക്കുന്നതിനൊ ക്രിയാത്മകമായി ഇടപെടുന്നതിനൊ കമ്മീഷൻ തയ്യാറാകുന്നില്ലെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.

നേരത്തെ പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിൽ ഒരു മണ്ഡലത്തിലെ ഒരു ബൂത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണാൻ കമ്മീഷൻ തീരുമാനിച്ചിരുന്നു. ഇതിനെതിരെ പ്രതിപക്ഷ കക്ഷികൾ സുപ്രീം കോടതിയെ സമീപിച്ചതിന്റെ ഫലമായി ഒരു മണ്ഡലത്തിലെ അഞ്ചു ബൂത്തുകളിലെ വിവി പാറ്റ്സ്ലിപ്പുകൾ എണ്ണാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ എല്ലാ ബൂത്തുകളിലെയും 50 ശതമാനം വിവി പാറ്റ്സ്ലിപ്പുകൾ എണ്ണണമെന്നായിരുന്നു പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇത് സുപ്രിം കോടതി തള്ളിയിരുന്നു.

വീണ്ടും പരാതിയുയർന്നതിന്റെ അടിസ്ഥാനത്തിലാണ് പുനപ്പരിശോധനാ ഹർജി നൽകാൻ തീരുമാനിച്ചത്.
വോട്ടിംഗ്‌ ബാലറ്റ് പേപ്പറിലേക്ക് തിരികെ കൊണ്ടുവരണമെന്നും പുതിയ ഹർജിയിൽ ആവശ്യമുന്നയിക്കുന്നുണ്ട്.
ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ 21 പ്രതി പക്ഷ കക്ഷികളാണ് രംഗത്ത് വന്നിട്ടുള്ളത്. കഴിഞ്ഞ ദിവസം മാധ്യമങ്ങളോടാണ് പ്രതിപക്ഷം ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രതിപക്ഷ ആവശ്യം പരിഗണിക്കുകയാണെങ്കിൽ ഫലപ്രഖ്യാപനം ആറ് ദിവസം വൈകാനിടയാക്കും എന്നാണു് കമ്മീഷൻ സുപ്രീം കോടതിയെ ബോധിപ്പിച്ചത്.

എന്നാൽ ബാലറ്റ് പേപ്പറിലൂടെ തിരഞ്ഞെടുപ്പ് നടന്നിരുന്ന കാലത്ത് പോലും 24 മണിക്കൂറിനുള്ളിൽ പൂർണ്ണ ഫലപ്രഖ്യാപനം നടന്നിരുന്നതായി പ്രതിപക്ഷം സുപ്രീം കോടതിയിൽ ബോധിപ്പിക്കും. പുറമെ ജർമ്മനി, നെതർലാന്റ്, തുടങ്ങിയ രാജ്യങ്ങൾ ഇവിഎം ഒഴിവാക്കി ബാലറ്റിലേക്ക് മടങ്ങിയതും തെളിവായിക്കൊണ്ടുവരും. തുടക്കത്തിലെ ഇവിഎം മ്മിനെതിരെ വ്യാപക പരാതി ഉയർന്നപ്പോൾ അതിനെ ശക്തിയായി നിഷേധിക്കുന്ന നിലപാടാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചിരുന്നത്. നീതിയുക്തവും സുതാര്യവുമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന ആവശ്യത്തിന് രാജ്യത്തെ എഴുപത് ശതമാനം ജനങ്ങളുടെ പിന്തുണയുണ്ടെന്ന് പ്രതിപക്ഷ കക്ഷികൾ അവകാശപ്പെടുന്നു.

ഇക്കാര്യങ്ങളൊക്കെ മുൻ നിർത്തി കോടതിയെ സമീപിക്കുമ്പോൾ സുപ്രിം കോടതിയിൽ നിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രതീക്ഷ. വോട്ട് ലഭിച്ച സ്ഥാനാർത്ഥിയുടെ ചിത്രം ഏഴ് സെക്കന്റ് വിവി പാറ്റ് ഡിസ്പ്ലെയിൽ വോട്ടർക്ക് കാണാനാകും എന്നായിരുന്നു കമ്മീഷന്റെ അവകാശവാദം. എന്നാൽ മൂന്ന് സെക്കന്റ് മാത്രമാണ് കാണാൻ കഴിയുന്നതെന്നും പരാതിയുണ്ട്. ഈ സമയം കൊണ്ട് സ്ഥാനാർത്ഥിയെ ഉറപ്പ് വരുത്താനാവില്ലെന്നും പ്രതിപക്ഷം വാദിക്കുന്നു. ഒട്ടേറെ പരാതികൾ ലഭിച്ചിട്ടും കമ്മീഷൻ എന്തുകൊണ്ട് കർശനമായ നടപടി എടുക്കുന്നില്ല എന്നും പ്രതിപക്ഷ പാർട്ടികൾ ചോദിക്കുന്നു

കുഞ്ഞിമുഹമ്മദ് കാളികാവ്

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q