ജെറ്റുകളും ഹെലിക്കോപ്റ്ററുകളും തലങ്ങും വിലങ്ങും; ഇതിന്റെ ചെലവുകൾ ആരുടെ കണക്കിൽ പെടുത്തും.
ഇന്ത്യാ രാജ്യത്ത് ഇതുവരെ നടന്ന പാർലിമെന്റ് തിരഞ്ഞെടുപ്പുകളിൽ ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പായിരിക്കും 2019 ലേത്. രാജ്യം സ്വാതന്ത്ര്യം നേടിയ ശേഷം ആദ്യം നടന്ന തെരഞ്ഞെടുപ്പിൽ ഒരാൾക്ക് ആറ് രൂപയോളമാണ് ചെലവു വന്നത്. അത് 2014ൽ എത്തിയപ്പോൾ 46 രൂപയായി ഉയർന്നു. 2019ലെ കണക്കു വരുമ്പോൾ അത് ഞെട്ടിക്കുന്നതായിരിക്കും.ഇതൊക്കെ സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിച്ചതും രേഖയിലുള്ളതുമാണ്. അതേ സമയം ഓരോ സ്ഥാനാർത്ഥിക്കും സ്വന്തം നിലയിൽ നിശ്ചിത തുക ചെലവഴിക്കാൻ വേറെയും അനുമതിയുണ്ട്. ഇത് 2019ലെത്തിയപ്പോൾ ഒരു സ്ഥാനാർത്ഥിക്ക് 70ലക്ഷം രൂപ വരെ ചെലവഴിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷണറെ അനുമതിയുണ്ട്. ഇതിലാകട്ടെ കട്ടൻ ചായ കുടിപ്പിച്ചതും ബിരിയാണിപ്പൊതി നൽകിയതുൾപ്പെടെ പോസ്റ്ററിനും നോട്ടീസിനും പ്രചരണ വാഹനത്തിന് ചെലവഴിച്ചതും കണക്കപ്പിള്ള കൃത്യമായി കമ്മീഷനെ ബോധിപ്പിക്കണം.
എന്നാൽ ഈ കണക്കുകളിലൊന്നും ഉൾപ്പെടുത്താൻ കഴിയാത്ത കോടികൾ വേറെയുമുണ്ട്.
ആകാശത്ത് തലങ്ങും വിലങ്ങും പറക്കുന്ന പ്രൈവറ്റ് ജെറ്റുകളും ഹെലിക്കോപ്റ്ററുകളുമാണ് അതിലൊന്നാമത്.
ഇതിന്റെ ചെലവുകൾ ഏത് സ്ഥാനാർത്ഥിയുടെ കണക്കിലാണു് വരിക എന്നാണു് പൊതുജനം ചോദിക്കുന്നത്. BJP യാണ് ഇക്കാര്യത്തിൽ ഏറെ മുന്നിൽ. ആകാശവും ഭൂമിയും കീഴടക്കിയാണ് ഇവരുടെ പടയോട്ടം. 20 ജെറ്റുകളും 30 ഹെലിക്കോപ്റ്ററുകളുമാണ് BJP ക്കു വേണ്ടി ആകാശത്ത് വട്ടമിടുന്നത്. തുലോം കുറവെങ്കിലും കോൺഗ്രസ്സിനുമുണ്ട് അഞ്ച് ഹെലിക്കോപ്റ്റർ.
പ്രൈവറ്റ് എയർക്രാഫ്റ്റ് ഓണേഴ്സ് അസോസിയേഷന്റെ കണക്കനുസരിച്ച് ജെറ്റിന് മണിക്കൂറിനു് 5700 ഡോളറും ഹെലിക്കോപ്റ്ററിന് മണിക്കൂറിന് 7200 ഡോളറും വാടക നൽകണം. മോദിക്കും അമിത് ഷാക്കും രാഹുലിനും കാല് മണ്ണിൽ കുത്താൻ നേരമില്ല. രാവിലെ തിരുവനന്തപുരത്താണെങ്കിൽ ഉച്ചക്ക് വാരണാസിയിൽ വൈകുന്നരം വയനാട്ടിൽ എന്ന തോതിലാണ് ഇവരുടെ സഞ്ചാരം. കേന്ദ്ര മന്ത്രിമാരുടെ സഞ്ചാരവും ആകാശമാർഗ്ഗം തന്നെ. ഇതിന്റെ ചെലവ് പൊതുഖജനാവിൽ നിന്നല്ലെങ്കിലും തിരഞ്ഞെടുപ്പ് ചെലവിൽ വരണമെന്നാണ് നിയമം. പണത്തിന്റെ കുത്തൊഴുക്കിൽ അഭിരമിക്കുന്ന ഭരണകക്ഷി മൂന്ന് മാസം മുമ്പ് തന്നെ എയർക്രാഫ്റ്റുകളും ഹെലികോപ്റ്ററുകളും ബുക്ക് ചെയ്തിരിന്നു. കോൺഗ്രസ്സാകട്ടെ അകാശ യാത്രക്ക് പ്രയാസപ്പെടുക കൂടിയാണ്. പ്രചാരണത്തിലും മേൽക്കൈ നേടുക എന്നതന്ത്രമാണ് BJP പയറ്റിയത്. ഇക്കാര്യത്തിൽ അവരെ വെല്ലാൻ ആർക്കുമാവില്ല എന്നതാണ് സത്യം. കോൺഗ്രസ്സും BJP യും നടത്തുന്ന ഈ ആകാശയാത്രയുടെ ചെലവ് ഏത് സ്ഥാനാർത്ഥിയുടെ ചെലവിലാണു് വരിക എന്ന ചോദ്യത്തിന് ഉത്തരം പറയേണ്ട ബാധ്യത തെരഞ്ഞെടുപ്പ് കമ്മീഷനുണ്ട്.
കുഞ്ഞിമുഹമ്മദ് കാളികാവ്
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa