Sunday, September 22, 2024
GCCHealth

ഏറ്റവും ആരോഗ്യപരമായ അത്താഴ വിഭവങ്ങൾ പരിചയപ്പെടാം

ഗൾഫ് നാടുകളിലുള്ളവർക്കും നാട്ടിലുള്ളവർക്കും റമളാൻ മാസത്തിൽ ഏറ്റവും ആരോഗ്യപരവും പകൽ സമയം വലിയ ക്ഷീണം അനുഭവിക്കാതിരിക്കുന്നതിനും സഹായിക്കുന്ന അത്താഴ മെനുവാണ്‌ ഇവിടെ പരിചയപ്പെടുത്താൻ ഉദ്ദേശിക്കുന്നത്.

ആദ്യമായി നോംബ് തുറക്കുന്ന സമയത്ത് തന്നെ ഇതിനുള്ള തയ്യാറെടുപ്പ് നടത്തണം എന്നോർക്കുക. നോംബ് തുറ മൂന്ന് ഈത്തപ്പഴം അല്ലെങ്കിൽ കാരക്ക കൊണ്ടായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇത് ശരീരത്തിനു വലിയ എനർജി നൽകുന്നതാണെന്ന് അനുഭവത്തിൽ നിന്ന് മനസ്സിലാക്കാം.

നോംബ് തുറന്ന ശേഷം പഴവും ജ്യുസും മറ്റു എണ്ണക്കടികളുമെല്ലാം കഴിക്കുക. എണ്ണക്കടികൾ ഒഴിവാക്കണമെന്ന് പറയാറുണ്ടെങ്കിൽ അത് ഒരിക്കലും നടപ്പാകാൻ പോകുന്നില്ലെന്നതിനാൽ ഇത്തരം ഭക്ഷണ പദാർഥങ്ങളെല്ലാം മഗ്രിബ് നമസ്ക്കാരത്തിനു മുംബ് കഴിക്കുക. മഗ്രിബ് നമസ്ക്കരിച്ച ശേഷം അല്പം കനം കൂടിയ ഭക്ഷണം കഴിക്കുക. അത് നിങ്ങൾക്ക് ഇഷ്ടമുള്ളതെന്തുമാകാം.

പിന്നീട് തറാവീഹ് നമസ്ക്കാര ശേഷം വെള്ളമോ അല്പം ഫ്രൂട്സോ നാട്ടിലാണെങ്കിൽ വളരെ കുറച്ച് കഞ്ഞിയോ മറ്റോ കഴിക്കുക.(ഇത് പരാമാവധി അളവ് ചുരുക്കാൻ സാധിക്കുമെങ്കിൽ അതാണു നല്ലത്).

ശേഷം ഉറങ്ങി അത്താഴത്തിനായി എണീൽക്കുന്ന സമയത്ത് ഗൾഫിലുള്ളവരാണെങ്കിൽ ചുരുങ്ങിയത് 7 ഈത്തപ്പഴവും ഒരു ചെറിയ ബോട്ടിൽ ലബനും (മോരും) കഴിക്കുക. ശേഷം ഒന്നോ രണ്ടോ ഗ്ളാസ് വെള്ളവും കുടിക്കുക. അത്താഴം അത്ര മതി. ഈത്തപ്പഴത്തിൻ്റെ എണ്ണം വർധിപ്പിക്കുന്നത് കൊണ്ട് പ്രശനങ്ങളൊന്നും ഇല്ല.

ലബൻ ഗൾഫിലെ പോലെ ലഭ്യമല്ലാത്തതിനാൽ നാട്ടിലാണെങ്കിൽ ഈ അത്താഴക്രമത്തിൽ ലബനു പകരം വെള്ളമോ വത്തക്ക വെള്ളമോ ഒക്കെ ചേർക്കാം. ഈ ഭക്ഷണ ക്രമം പിന്തുടർന്നാൽ ശരീരത്തിനു യാതൊരു ക്ഷീണവുമുണ്ടാകില്ലെന്നാണു അനുഭവസ്ഥർ പറയുന്നത്.

അതോടൊപ്പം ശരീരത്തിൻ്റെ അമിത വണ്ണവും ദുർമ്മേദസ്സുമെല്ലാം ഇല്ലാതാക്കാൻ ഈ അത്താഴക്രമം സഹായിക്കും. പകൽ കഠിനമായ ജോലികളുള്ളവരാണെങ്കിൽ ഒന്നോ രണ്ടൊ ഓംലറ്റ് കൂടി ഇതോടൊപ്പം ഒരു വിഭവമായി ചേർക്കുന്നത് നല്ലതാണ്.

ഇവയ്ക്കൊപ്പം ബദാം കഴിക്കുന്നതും വളരെ നല്ലതാണെന്ന് അനുഭവസ്ഥർ പറയുന്നു. ബദാം കഴിക്കുന്നതിനനുസരിച്ച് ഭക്ഷണത്തിനോടുള്ള ആഗ്രഹം കുറഞ്ഞ് വരുന്നതായി കാണാൻ സാധിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ ഇത് അമിത വണ്ണം കുറക്കുന്നവർക്ക് ഏറെ ഉപകാരപ്പെടും.

പ്രധാനമായും ശ്രദ്ധിക്കേണ്ടത്, ഈത്തപ്പഴത്തിലും വത്തക്ക യിലുമെല്ലാം ഉള്ള നാച്ചുറൽ മധുരം ഉപയോഗിക്കുമ്പോഴും പഞ്ചസാര ചേർത്ത ഒരു പാനീയവും അത്താഴ സമയത്ത് കഴിക്കാതിരിക്കണം എന്നതാണ്. കാരണം നമ്മുടെ ശരീരം ആർജ്ജിച്ച പല ഗുണങ്ങളും പഞ്ചസാര ചേർക്കുന്നത് മൂലം ഇല്ലാതാകാൻ സാധ്യതയുണ്ട്.

കഠിന ജോലികൾ ചെയ്യുന്നവർക്ക് ഓംലറ്റിനോടൊപ്പം കുക്കുമ്പർ(ഖിയാർ), കക്കരി, എന്നിവയെല്ലാം ഭക്ഷണമെനുവിൽ ചേർക്കാം. എങ്കിലും ഓഫിസ് ജോലികൾ പോലുള്ളവ ചെയ്യുന്നവർക്ക് അത്താഴത്തിനു ഈത്തപ്പഴവും ലബനും വെള്ളവും തന്നെ ധാരാളമാണെന്നതിന് അനുഭവങ്ങൾ സാക്ഷിയാണ്.

ഈത്തപ്പഴം സബാദിയയിൽ (തൈര്) മുക്കിക്കഴിക്കുന്നത് പലരും പതിവായി ചെയ്യുന്നത് കാണാറുണ്ട്. അല്പം വില കൂടുമെങ്കിലും സബാദിയക്ക് പകരം ഖിഷ്ത (ക്രീം) ഉപയോഗിക്കുന്നത് അത്താഴം ഗ്രാന്റ് ആക്കുമെന്നതിൽ സംശയമില്ല.

ഏതായാലും അത്താഴത്തിന് ചോറ് തന്നെ തിന്നണമെന്നുള്ള നമ്മുടെ പതിവ് വാശി ഉപേക്ഷിച്ച് ഈ ഭക്ഷണക്രമം ഒന്നോ രണ്ടോ ദിവസം പരീക്ഷണാർത്ഥം ശ്രമിച്ച് നോക്കുക. നമ്മുടെ ശരീരം നമ്മുടെ തിരുമാനത്തിനനുസരിച്ച് സഹകരിക്കുന്നത് കാണാൻ സാധിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്