മരണാനന്തര ചടങ്ങുകൾ നടത്തുന്നതിനിടെ മരിച്ച യുവാവ് തിരിച്ചെത്തി
മരിച്ച യുവാവിന്റെ മരണാനന്തര ചടങ്ങുകൾ നിർവ്വഹിച്ച കുടുംബം മൂന്നാം ദിവസം യുവാവ് വീട്ടിൽ തിരിച്ചെത്തിയത് കണ്ട് ഞെട്ടി.
ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്റോക്ക് സമീപമുള്ള ഹൽവാനിലായിരുന്നു സംഭവം നടന്നത്. റമളാൻ അലാഉദ്ദീൻ എന്ന പേരുള്ള 30 വയസ്സുകാരനായ യുവാവാണു തൻ്റെ പേരിലുള്ള മരണാനന്തര ചടങ്ങുകൾ നടത്തി മൂന്നാം ദിവസമായപ്പോൾ വീട്ടിൽ തിരിച്ചെത്തിയത്.
പാചക്കാരനായിരുന്ന അലാഉദ്ദീനെ കാണാതായതായി കുടുംബം പരാതിപ്പെട്ടിരുന്നു. വൈകാതെ നൈൽ നദിയിൽ ഒരു മൃതദേഹം കണ്ടെത്തുകയും പോലീസ് അത് അലാഉദ്ദീൻ്റെതാണെന്ന് കരുതി കുടുംബത്തെ വിവരമറിയിക്കുകയും ചെയ്തു. മൃതദേഹം തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിലായതിനാൽ കുടുംബം മൃതദേഹം ഏറ്റ് വാങ്ങുകയും മറവ് ചെയ്യുകയും ചെയ്തു.
മറവ് ചെയ്ത ശേഷം കുടുംബം അലാഉദ്ദീൻ്റെ പേരിൽ മരണാനന്തര ചടങ്ങുകൾ നടത്തി. ചടങ്ങിൻ്റെ മൂന്നാം ദിവസം അലാഉദ്ദീൻ വീടിൻ്റെ വാതിലിൽ മുട്ടുന്നതാണു ബന്ധുക്കൾ കണ്ടത്. താൻ അലക്സാണ്ട്രിയയിൽ ജോലി അന്വേഷിച്ച് പോയതായിരുന്നുവെന്നും പത്രത്തിലും മറ്റും തൻ്റെ മരണ വാർത്ത കണ്ട് തിരിച്ചെത്തിയതാണെന്നും അലാഉദ്ദീൻ കുടുംബത്തെ അറിയിച്ചു.
ഏതായാലും വാർത്ത അറബ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധേയമായിരിക്കുകയാണു. അലാഉദ്ദീൻ്റെ പേരിൽ ഡെത്ത് സർട്ടിഫിക്കറ്റ് ഇഷ്യു ചെയ്തതിനാൽ പിന്നീട് അത് കാൻസൽ ചെയ്യുന്നതിനായി കുടുംബം ഉടൻ അധികൃതരെ സമീപിക്കുകയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa