പ്രവാസി ജിദ്ദ ഹെൽപ് ഡസ്ക് 26 ന് ആരംഭിക്കും
ജിദ്ദ: പ്രവാസി സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടത്താനുദ്ദേശിക്കുന്ന “പ്രവാസി ഹെൽപ്‌ഡെസ്‌ക്” ജൂൺ 26 ബുധനാഴ്ച ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഷറഫിയ ഹിൽടോപ് റെസ്റ്റോറന്റിൽ തയാറാക്കിയ ഹെൽപ്‌ഡെസ്‌ക് വേദിയിലെ സജ്ജീകരണങ്ങൾ വൈസ് പ്രസിഡണ്ട് ഇസ്മായിൽ കല്ലായിയുടെ നേതൃത്വത്തിലുള്ള ടീം വിലയിരുത്തുകയും പ്രവർത്തന രീതിക്കു അന്തിമ രൂപം നൽകുകയും ചെയ്തു.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപ്പാക്കി വരുന്ന വിവിധ ക്ഷേമ പദ്ധതികളിൽ അംഗമാവാൻ പ്രവാസികൾക്ക് സൗകര്യം ഒരുക്കുക എന്നതാണ് ഹെല്പ് ഡിസ്കിന്റെ പ്രധാന ഉദ്ദേശമെന്ന് പ്രവാസി സേവനവേദി കൺവീനർ കെ.എം. അബ്ദുൽകരീം അറിയിച്ചു.
അതോടൊപ്പം തൊഴിൽ നഷ്ടപ്പെടുന്നവരെ സഹായിക്കാനായി തൊഴിലവസരങ്ങൾ അറിയിക്കുവാനുള്ള സംവിധാനവും ഉണ്ടായിരിക്കും. സാധ്യമാകുന്ന മേഖലകളിൽ പരിശീലനം നൽകാനും ശ്രമിക്കും. പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ പോകേണ്ടി വരുന്നവർക്ക് കഴിയാവുന്ന സേവനങ്ങൾ നൽകുവാനും അടുത്ത ഘട്ടത്തിൽ വേദി ഒരുക്കും. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 8 മണി മുതൽ 10 മണി വരെ ആയിരിക്കും ഹെല്പ് ഡസ്കിന്റെ പ്രവർത്തന സമയം.
മുഹമ്മദലി ഓവിങ്ങൽ, റസാഖ് മാസ്റ്റർ, റഷീദ് എടവനക്കാട് എന്നിവർ ഹെല്പ് ഡസ്കിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ യുസുഫ് പരപ്പൻ നയിക്കും. കേരള സർക്കാരിന്റെ പ്രവാസി ക്ഷേമനിധിയിൽ ചേരാൻ ആഗ്രഹിക്കുന്നവർ സ്വയം ഒപ്പിട്ട പാസ്പോര്ട്ട് ഇക്കാമ കോപ്പികൾ, ഫോട്ടോ എന്നിവ കൊണ്ട് വരണമെന്ന് അദ്ദേഹം അറിയിച്ചു. ഉദ്ഘാടന ചടങ്ങിൽ ജിദ്ദയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa