Monday, September 23, 2024
Dammam

സ്‌പോൺസറുമായി ഒരു വർഷത്തിലധികം നീണ്ട നിയമപോരാട്ടം; ഒടുവിൽ അൻപഴകൻ നാട്ടിലേയ്ക്ക് മടങ്ങി.

അൽകോബാർ: അച്ഛന്റെയോ അമ്മയുടേയോ മൃതദേഹം പോലും കാണാൻ കഴിയാതെ, പ്രവാസജോലിയിൽ തളച്ചിടപ്പെട്ട തമിഴ്‍നാട് സ്വദേശി, സ്പോൺസറുമായി നടന്ന നീണ്ടനാളത്തെ നിയമപോരാട്ടം വിജയിച്ച് നാട്ടിലേയ്ക്ക് മടങ്ങി.

തമിഴ്‌നാട് തിരുച്ചി കള്ളക്കുറിച്ചി സ്വദേശിയായ അൻപഴകൻ ചന്ദിരൻ 2012 ലാണ് സൗദി അറേബ്യയിലെ അൽകോബാറിൽ ഒരു സ്വകാര്യവർക്ക്ഷോപ്പിൽ അലൂമിനിയം ഫാബ്രിക്കേറ്റർ ആയി ജോലിയ്ക്ക് എത്തുന്നത്. ആ കമ്പനിയിലെ ജോലി സാഹചര്യങ്ങൾ പ്രയാസമേറിയതായിരുന്നു.

അൻപഴകന് പ്രഭാകരൻ യാത്രാരേഖകൾ കൈമാറുന്നു. മഞ്ജു മണിക്കുട്ടൻ സമീപം

ആറു വർഷക്കാലം ജോലി ചെയ്‌തെങ്കിലും, ഒരിയ്ക്കലും ശമ്പളം സമയത്ത് ലഭിച്ചില്ല. ക്രമേണ എട്ടു മാസത്തോളം ശമ്പളം കുടിശ്ശികയായി. ഒരിയ്ക്കൽ പോലും നാട്ടിൽ വെക്കേഷന് വിട്ടില്ല. അച്ഛൻ മരിച്ചിട്ടു പോലും, നാട്ടിൽ പോകാൻ അനുവദിച്ചില്ല. പ്രശ്നങ്ങൾ സ്പോൺസറോട് പല തവണ സംസാരിച്ചെങ്കിലും, പരിഹാരമുണ്ടായില്ല.

തുടർന്ന് അൻപഴകൻ ചില സുഹൃത്തുക്കൾ വഴി, നവയുഗം തുഗ്‌ബ മേഖല ട്രെഷററായ പ്രഭാകരനെ ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ചു. തുടർന്ന് നവയുഗം ജീവകാരുണ്യവിഭാഗം ഈ കേസ് ഏറ്റെടുക്കുകയായിരുന്നു.

പ്രഭാകരന്റെയും, നവയുഗം ജീവകാരുണ്യപ്രവർത്തകരായ മഞ്ജു മണിക്കുട്ടന്റെയും, പദ്മനാഭൻ മണിക്കുട്ടന്റെയും സഹായത്തോടെ അൻപഴകൻ സ്പോണ്സർക്കെതിരെ കോബാർ ലേബർ കോടതിയിൽ കേസ് ഫയൽ ചെയ്തു. സ്പോൺസർ ദമ്മാമിൽ ആയതിനാൽ, കോടതി കേസ് പിന്നീട് ദമ്മാം ലേബർ കോടതിയിലേയ്ക്ക് മാറ്റി.

കോടതിയിൽ അൻപഴകന് വേണ്ടി മഞ്ജു ഹാജരായി വാദിച്ചു. മാസങ്ങൾ നീണ്ട കോടതി നടപടികൾക്ക് ശേഷം കേസിൽ അനുകൂലമായ വിധി ഉണ്ടായി. അൻപഴകന് കുടിശ്ശിക ശമ്പളവും, സർവ്വീസ് ആനുകൂല്യങ്ങളും, വിമാനടിക്കറ്റും നൽകി എക്സിറ്റിൽ നാട്ടിലേയ്ക്ക് അയയ്ക്കാൻ സ്പോൺസറോട് കോടതി ഉത്തരവിട്ടു.

എന്നാൽ സ്പോൺസർ കോടതി ഉത്തരവ് നടപ്പാക്കാതെ നീട്ടികൊണ്ടു പോയി. രണ്ടുമാസം മുൻപ് അൻപഴകന്റെ അമ്മയും മരണമടഞ്ഞു. നാട്ടിൽ പോകാൻ കഴിയാത്തതിനാൽ അമ്മയുടെ മൃതദേഹവും കാണാൻ അൻപഴകന് കഴിഞ്ഞില്ല.

തുടർന്ന് മഞ്ജു മണികുട്ടനും, മണിക്കുട്ടനും, പ്രഭാകരനും കൂടി അൽകോബാർ ലേബർ കോടതിയിലെ ഉയർന്ന ഉദ്യോഗസ്ഥനായ മൻസൂർ അലി അൽ ബിനാലിയുടെ സാന്നിദ്ധ്യത്തിൽ അൻപഴകന്റെ സ്‌പോൺസറെ നേരിട്ട് കണ്ട് ഒത്തുതീർപ്പ് ചർച്ചകൾ നടത്തി. ഏറെ തർക്കങ്ങൾക്ക് ഒടുവിൽ കുടിശ്ശിക ശമ്പളവും, വിമാനടിക്കറ്റും നൽകാമെന്ന് സ്പോൺസർ സമ്മതിച്ചു.

സ്പോൺസർ വാക്കു പാലിച്ചതോടെ, നിയമനടപടികൾ വേഗം പൂർത്തിയാക്കി, അൻപഴകൻ നാട്ടിലേയ്ക്ക് മടങ്ങി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q