മലപ്പുറം ജില്ലാ സുവർണ ജൂബിലി; കെഎംസിസി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കുന്നു
September 13, 2019, 13:03 pm
ജിദ്ദ: മലപ്പുറം ജില്ലാ സുവർണ ജൂബിലിയോട് അനുബന്ധിച്ച് ഒരുവർഷം നീണ്ടു നിൽക്കുന്ന വ്യത്യസ്ഥസാമൂഹ്യ-ജീവ കാരുണ്യ പ്രവർത്തനങ്ങളുമായി ജിദ്ദ-മലപ്പുറം ജില്ലാ കെ.എം.സി.സി. ‘മലപ്പുറം @ 50 സാമൂഹിക മുന്നേറ്റത്തിന്റെ അൻപതാണ്ട്’ എന്ന പേരിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത് . ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി രജത ജൂബിലിയും ഇതോട് അനുബന്ധിച്ച് ആഘോഷിക്കുന്നുണ്ട്. വിവിധ ജീവകാരുണ്യ സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് രൂപം നൽകിയതായി ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി. ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.
പ്രകൃതി ദുരന്തത്തിനിടയാവരുടെ പുനരധിവാസം ഗവൺമെന്റിന്റെ ഉത്തരവാദിത്തമാണ്. നിലമ്പൂർ കവളപ്പാറ മേഖലയിൽ മഹാ പ്രളയത്തിൽ ഭവന രഹിതരായ, പുനരധിവാസത്തിന് സർക്കാർ മാനദണ്ഡം പാലിക്കപ്പെടാൻ കഴിയാത്ത അർഹരായവരെ സഹായിക്കുന്നതിന്, ജില്ലാ മുസ് ലിം ലീഗ് പ്രഖ്യാപിച്ച പുനരധിവാസ മേഖലയിൽ 10 വീടുകൾ നിർമിച്ചു നൽകുന്ന ‘ഹരിത ഭവനം’ പുനരധിവാസ പദ്ധതിക്ക് തുടക്കം കുറിച്ചതായും, തികച്ചും പരിസ്ഥിതി സൗഹൃദമായ രീതിയിൽ നിർമ്മിക്കപ്പെടുന്ന ഇത്തരം വീടുകൾ, മേഖലയിലെ ഏറ്റവും അർഹരായവർക്ക് നൽകുന്നതിന് ജില്ലാ കെ.എം.സി.സി പ്രതിജ്ഞാബദ്ധമാണെന്നും അറിയിച്ചു.
മലപ്പുറത്തിൻറെ വിജ്ഞാന ശേഖരത്തിന് ജിദ്ദ-മലപ്പുറം ജില്ലാ കെ.എം.സി.സിയുടെ കയ്യൊപ്പായി മലപ്പുറം നഗരത്തിൽ ജില്ലാ മുസ്ലിം ലീഗ് ഓഫീസ് ആസ്ഥാനമായ പാണക്കാട് പൂക്കോയ തങ്ങൾ സ്മാരക സൗധത്തിൽ 1400 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിൽ ചരിത്ര ഗവേഷണ വിദ്യാർത്‌ഥികൾക്കും പൈതൃക പഠിതാക്കൾക്കും അധിക പഠനത്തിന് ഉപയോഗപ്പെടുത്താവുന്ന സൗകര്യങ്ങളോട് കൂടിയതും മുസ്ലിം രാഷ്ട്രീയ പഠനത്തിന് സാധാരണക്കാർക്ക് അടക്കം ഉപയോഗപ്പെടുന്ന വിധം ലോകോത്തര നിലവാരത്തിൽ ഡിജിറ്റൽ-റഫറൻസ് പുസ്തക ലൈബ്രറി സ്ഥാപിക്കുന്നതാണ്.
പ്രവാസ ലോകത്തെ മദ്‌റസാ വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകളും ഇസ്ലാമിക് കലകളും പ്രോത്സാഹിപ്പിക്കുന്നതിനായി ജിദ്ദയിലെ വിവിധ മലയാളി മത സംഘടനകളാൽ നടത്തപ്പെടുന്ന മുഴുവൻ മദ്‌റസകളിലേയും മത്സരാർത്ഥികളെ ഒരേ വേദിയിൽ അണി നിരത്തികൊണ്ട്, സബ് ജൂനിയര്‍, ജൂനിയർ, സീനിയർ എന്നീ മൂന്ന് വിഭാഗങ്ങളിലായി ‘മദ്‌റസാ ഫെസ്റ്റ്’ ഒക്ടോബർ ആദ്യ വാരത്തിൽ നടത്തപ്പെടും. വിവിധ ഇനങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർതഥികൾക്ക് വ്യക്തിഗത ചാമ്പ്യൻ ഷിപ്പിനോടൊപ്പം മദ്‌റസകൾക്ക് ഓവറോൾ ചാമ്പ്യൻ ഷിപ്പ് എന്ന രീതിയിലാണ് മത്സരങ്ങൾ സംഘടിക്കപ്പെട്ടിട്ടുള്ളത്. ജിദ്ദ മലയാളി കുടുംബങ്ങളുടെ സ്നേഹബന്ധങ്ങൾ കൂടുതൽ ദൃഢമാകാനും കുട്ടികളുടെ മാനസിക പിരിമുറുക്കം കുറക്കുവാനും ഈ ഫെസ്റ്റ് ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുകയാണ്.
ഹയർ സെക്കണ്ടറി തല മലയാളീ വിദ്യാത്ഥികൾക്കായി, കേരളത്തിലേയും വിവിധ വിദേശ രാജ്യങ്ങളിലേയും പ്രമുഖ പ്രൊഫഷണൽ കോളേജുകളെ പരിചയപ്പെടുത്തുന്നതുൾപ്പെടെ പ്രഗൽഭരായ വിദ്യാഭ്യാസ ട്രൈനർമാർ നയിക്കുന്ന കരിയർ ഗൈഡൻസ് മീറ്റ് നവംബർ മാസത്തിൽ നടക്കും. തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസ ഗതി-വിഗതികൾ തെരഞ്ഞെടുക്കുന്നതിന് വൈഷമ്യം നേരിടുന്ന രക്ഷിതാക്കൾക്ക് ഏറെ പ്രയോജനകരമാകും വിധ ത്തിലാണ് പരിപാടി തയ്യാറാക്കിയിട്ടുള്ളത്.
ജില്ലയുടെ സാംസ്കാരിക പൗരാണിക പൈതൃകം വ്യക്തമാക്കുന്ന ഫോട്ടോ, കലാവസ്തു പ്രദർശനം,ജില്ലാ രൂപീകരണ-വികസന കാര്യങ്ങളിൽ മുസ്ലിം ലീഗിന്റെ പങ്ക് വ്യക്തമാക്കുന്ന വിവിധ ഡോക്യുമെന്ററികൾ, ജില്ലയുടെ രുചി ഭേദങ്ങളെ പരിചയപ്പെടുത്തുന്ന ഭക്ഷ്യമേള, സാംസ്‌കാരിക പൈതൃകം വ്യക്തമാക്കുന്ന വിവിധാനങ്ങളായ കലാ പരിപാടികൾ എന്നിവ ഉൾപ്പെടുത്തി ‘മലപ്പുറം ഫെസ്റ്റ്’ എന്ന പേരിൽ ജിദ്ദയിൽ എക്സിബിഷൻ നടത്തപ്പെടും.
മലപ്പുറം ജില്ലാ കെ.എം.സി.സി രൂപീകരണം തൊട്ട് ഇന്ന് വരെ കെ.എം.സി.സി പ്രവർത്തനങ്ങളിൽ സജീവമായവരേയും, പ്രവാസി കുടുംബ സുരക്ഷക്ക് ദിശാബോധം നൽകിയ ‘ജില്ലാ കെ.എം.സി.സി കുടുംബ സുരക്ഷാ പദ്ധതിയിൽ’ തുടർച്ചയായ 19 വർഷം അംഗങ്ങളായവരേയും ആദരിക്കുന്ന ‘തലമുറ സ്നേഹ സംഗമം’ ജിദ്ദയിൽ നടത്തപ്പെടും.
പരിപാടികളുടെ പരിപൂർണ്ണ വിജയത്തിനായി മുഴുവൻ കീഴ്ഘടകങ്ങളും കർമ്മ പരിപാടി തയ്യാറാകണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. പത്രസമ്മേളനത്തിൽ ജില്ലാ ഭാരവാഹികളായ ബാബു നഹ്ദി, ഇല്യാസ് കല്ലിങ്ങൽ, ഹബീബ് കല്ലൻ, മജീദ് അരിബ്ര, ജുനെസ് കെ.ടി എന്നിവർ സംബന്ധിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa