എയർ ഇന്ത്യയെ ബഹിഷ്കരിക്കുമെന്ന് ഏജൻസികൾ
കോഴിക്കോട്: ദുബായ് ഷാർജ മേഖലയിലേക്കുള്ള കയറ്റുമതി ഉത്പന്നങ്ങൾക്ക് സർചാർജ് ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് എയർ ഇന്ത്യയെ ബഹിഷ്കരിക്കുമെന്ന് ഏജൻസികൾ.
കരിപ്പൂർ എയർ പോർട്ടിൽ നിന്ന് ദുബായ്, ഷാർജ മേഖലയിലേക്ക് മാത്രമായാണ് കയറ്റുമതി ഉത്പന്നങ്ങൾക്ക് ഇന്ന് മുതൽ സർചാർജ് ഏർപ്പെടുത്തിയിരിക്കുന്നത്. കരിപ്പൂരിൽ നിന്ന് മാത്രം പതിനൊന്നു രൂപ സർചാർജ് ഈടാക്കാനുള്ള എയർഇന്ത്യയുടെ നീക്കത്തിൽ പ്രതിഷേധിച്ചാണ് നടപടി.
ഒരു കിലോ കാർഗോക്ക് 42 രൂപയാണ് ഇപ്പോൾ ഉള്ള നിരക്ക്. ഇതാണ് ഒറ്റയടിക്ക് 53 രൂപയാക്കി ഉയർത്തി എയർ ഇന്ത്യ സർക്കുലർ ഇറക്കിയത്. മറ്റു എയർ പോർട്ടുകളിൽ നിന്ന് അധികതുക ഏർപ്പെടുത്തിയിട്ടില്ല.
അതെ സമയം മറ്റു ഗൾഫ് രാജ്യങ്ങളിലെ വിവിധ സെക്ടറുകളിലേക്കും കരിപ്പൂരിൽ നിന്നും സർചാർജെന്ന പേരിൽ അധിക തുക ഈടാക്കുന്നില്ല. ഇതോടെ ഈ രണ്ടിടങ്ങളിലേക്ക് ഇന്നുമുതൽ എയർ ഇന്ത്യ വിമാനങ്ങളിൽ കാർഗോ കയറ്റുമതി നിർത്തിവെക്കാനാണ് ഏജൻസികളുടെ തീരുമാനം.
ദിവസവും അഞ്ച് വിമാനങ്ങളിലായി പതിനഞ്ച് ടൺ പഴം, പച്ചക്കറി ഉത്പന്നങ്ങൾ കയറ്റിയയക്കുന്നുണ്ട്. കാർഗോ കയറ്റുമതിക്കാർ പിന്തിരിയുന്നതോടെ ഇത് നിലക്കും.
കടുത്ത സാമ്പത്തിക നഷ്ടം സഹിച്ച് ഉയർന്ന നിരക്കുകളിൽ കാർഗോ കയറ്റി അയക്കുന്നതിനിടയിലാണ് എയർ ഇന്ത്യയുടെ ഈ പുതിയ നടപടി. തുടർന്നാണ് നഷ്ടം സഹിച്ച് ഇനി അയക്കേണ്ടതില്ലെന്നും എയർ ഇന്ത്യയെ ബഹിഷ്കരിക്കാമെന്ന നിലപാടിലും ഏജൻസികൾ എത്തിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa