ലെവി ഇനി വർദ്ധിക്കാതിരിക്കുമോ? പ്രതീക്ഷ നൽകി ശൂറ
സൗദിയിലെ വിദേശ തൊഴിലാളികളെയും തൊഴിലുടമകളേയും സാരമായി ബാധിച്ച ലെവിയുടെ കാര്യത്തിൽ ചെറിയ ആശ്വാസം നൽകുന്ന നടപടികൾക്കായി ബന്ധപ്പെട്ടവരെ പ്രേരിപ്പിക്കുന്നതിന് ശൂറയുടെ നീക്കം.
നിലവിൽ വിദേശികൾക്ക് നൽകേണ്ട ലെവി തുക ഇനിയും വർധിപ്പിക്കാതെ അടുത്ത വർഷവും ഇപ്പോൾ നൽകുന്ന അതേ തുക മാത്രം നൽകുന്നതിന് ബന്ധപെട്ടവരെ പ്രേരിപ്പിക്കാനാണ് ശൂറ പദ്ധതി.
ഇങ്ങനെ നിലവിലുള്ള ലെവി തുകയിൽ നിന്ന് ഇനിയൊരു വർദ്ധനവ് ഇല്ലാതെ മുന്നോട്ട് പോകുന്നതിനുള്ള സാധ്യതാ പഠനം നടത്താൻ ശൂറ കൗൺസിൽ ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
ശൂറയുടെ നിർദ്ദേശം മാനിച്ച് പഠനം നടത്തി അധികൃതർ ലെവി തുക നിലവിൽ ഉള്ളതിൽ നിന്ന് വര്ധിപ്പിക്കാതിരുന്നാൽ അത് പ്രവാസികൾക്കും സ്ഥാപനങ്ങൾക്കും സൗദിയിലെ വാണിജ്യ മേഖലക്കും വലിയ ആശ്വാസം നൽകും.
കാരണം നിലവിൽ 50 ശതമാനം സൗദികൾ ഉള്ള സ്ഥാപനങ്ങൾക്ക് ഒരു വിദേശിക്ക് നൽകേണ്ട ലെവി തുക 500 റിയാൽ ആണ്. 50 ശതമാനത്തിൽ താഴെ സൗദികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്കാണെങ്കിൽ ഒരു വിദേശിക്ക് 600 റിയാൽ ആണ് ലെവി തുക അടക്കേണ്ടത്.
ഇത് 2020 ജനുവരി ആകുമ്പോൾ യഥാക്രമം 700 റിയാലും 800 റിയാലും ആയി ഉയരും. അതായത് 200 റിയാൽ വീതം ഒരു വിദേശിക്ക് അധികം ആയി ലെവി ഇനത്തിൽ ചെലവാകുമെന്ന് സാരം.
നിരവധി തൊഴിലാളികളുള്ള കമ്പനികൾക്ക് ഈ ചെറിയ വർദ്ധനവ് ഒഴിവാക്കികിട്ടിയാൽ തന്നെ പ്രവർത്തന ചെലവിൽ വലിയ ഒരു തുക ലാഭിക്കാൻ സാധിക്കും. വ്യവസായ ലൈസൻസ് ഉള്ള സ്ഥാപനങ്ങൾക്ക് അടുത്ത 5 വർഷത്തേക്ക് ലെവി ഒഴിവാക്കിയത് പോലെ ഇക്കാര്യത്തിലും അനുകൂല തീരുമാനം ഉണ്ടായാൽ അത് വാണിജ്യ മേഖലക്ക് വലിയ ആശ്വാസം നൽകുമെന്ന് തീർച്ചയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa