തണൽ ചാരിറ്റി സാംസ്കാരിക സമ്മേളനത്തിൽ റഹ്മത്തുള്ളയ്ക്ക് യാത്ര അയപ്പ് നൽകി
ജിദ്ദ: ജീവകാരുണ്യ പ്രവർത്തനരംഗത്ത് സാന്ത്വനത്തിന്റെ സ്നേഹ തണലുമായി ജിദ്ദ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന തണൽ ചാരിറ്റിയുടെ ഒക്ടോബർ മാസത്തെ ചെക്ക് വിതരണം വെള്ളിയാഴ്ച അൽ അബീർ മെഡിക്കൽ സെൻറർ ഓഡിറ്റോറിയത്തിൽ പ്രമുഖരുടെ സാന്നിധ്യത്തിൽ നടന്നു.
പ്രസ്തുത പരിപാടിയിൽ തണൽ ചാരിറ്റിക്ക് വർഷങ്ങളായി പിന്തുണയും ആശ്രയവുമായി പ്രവർത്തിക്കുന്ന അൽ അബീർ മെഡിക്കൽ സെന്ററിന് തണൽ ചാരിറ്റി നൽകിയ ഉപഹാരം ഗഫൂർ ചുങ്കത്തറ അബ്ദുൽജലീൽ ആലുങ്കലിനു കൈമാറി. അബ്ദുൽഹഖ് തിരൂരങ്ങാടി, അബ്ദുൽസലാം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മെമന്റൊ കൈമാറിയത്.
ഇൻറർനാഷണൽ ഇന്ത്യൻ സ്കൂൾ ജിദ്ദയിൽ വർഷങ്ങളായി സേവനമനുഷ്ഠിച്ചു വന്ന ലക്ഷദ്വീപ് സ്വദേശിയും ജിദ്ദയിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും തണൽ ചാരിറ്റി കോർഡിനേറ്ററുമായ റഹ്മത്തുള്ളയ്ക്കുള്ള യാത്രയയപ്പ് നൽകി. പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് യാത്രയാകുന്ന അദ്ദേഹത്തിനുള്ള മെമന്റോ അബ്ബാസ് ചെമ്പൻ കൈമാറി.
തണൽ ചാരിറ്റി യുടെ കീഴിൽ സ്തുത്യർഹ പ്രവർത്തനങ്ങൾ കാഴ്ചവച്ച ഹജ്ജ് വാളണ്ടിയർമാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ചടങ്ങിൽ നടന്നു. അലി ബാപ്പു, ബാവ പേങ്ങാടൻ എന്നിവരുടെ സാന്നിധ്യത്തിൽ ഷാജു ചാരുമൂട് വാളണ്ടിയർമാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
തുടർന്ന് ഇരുപതോളം കുടുംബങ്ങൾക്കുള്ള ഒക്ടോബർ മാസത്തെ ധനസഹായ വിതരണം നടന്നു. മാരക രോഗങ്ങൾ കൊണ്ടും ദുരിതങ്ങൾ കൊണ്ടും ബുദ്ധിമുട്ടുന്ന നാട്ടിൽ നിന്നുള്ള ഇരുപതോളം അപേക്ഷകർക്കാണ് സഹായം എത്തിക്കുന്നത്.
ഷാനവാസ് തളപ്പിൽ അധ്യക്ഷനായിരുന്ന പരിപാടിയിൽ അബ്ബാസ് ചെമ്പൻ, ഗോപി നെടുങ്ങാടി, ഇബ്രാഹിം ഷംനാട്, ജമാൽ നാസർ, ഹക്കീം പാറക്കൽ, നാണി മാസ്റ്റർ, റഷീദ് വരിക്കോടൻ, അബ്ദുൽ റഷീദ്, ഷംസു ഹാജി, യു എം ഹുസൈൻ, സക്കീറലി കണ്ണേത്ത്, ഷാനവാസ് സ്നേഹക്കൂട്, സമദലി, റഫീഖ്, മുസ്തഫ തൃത്താല എന്നിവർ ആശംസകൾ നേർന്നു. ബാവ പേങ്ങാടൻ സാംസ്കാരിക സമ്മേളനം നിയന്ത്രിച്ചു.
തണൽ ചാരിറ്റിയെ പറ്റിയുള്ള ലഘു വിവരണം ഗഫൂർ ചുങ്കത്തറ സദസ്സിനോട് പങ്കുവച്ചു. സിയാദ് അബ്ബാസിന്റെ പ്രാർത്ഥനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. കരീം മഞ്ചേരി സ്വാഗതവും ലുലു സൈനി നന്ദിയും പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa