ഒരു ഹിന്ദുവാണെന്ന് കരുതി ഇന്ന് വരെ എന്നോട് വിവേചനം കാണിച്ചിട്ടില്ല; അറബ് രാജ്യങ്ങൾ ഒരു അമുസ് ലിമിനെയും പുറത്താക്കിയിട്ടില്ല; ജിദ്ദയിലെ മലയാളി ഡോക്ടറുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു
ജിദ്ദ : ജിദ്ദയിലെ ഷറഫിയയിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി സേവനം ചെയ്യുന്ന ഡോക്ടർ. വിനീത പിള്ള പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ചു കൊണ്ട് സോഷ്യൽ മിഡിയയിൽ പോസ്റ്റ് ചെയ്‌ത കുറിപ്പ് ശ്രദ്ധേയമാകുന്നു. വിനീത പിള്ളയുടെ കുറിപ്പ് ഇങ്ങനെ വായിക്കാം.
‘ഞാൻ അഭിമാനത്തോടെയും അന്തസ്സോടെയും കഴിഞ്ഞ 13 വർഷമായി ജിദ്ദയിൽ പ്രാക്ടീസ് ചെയ്യുന്ന ഒരു ഹിന്ദു ഡോക്ടറാണ്. തീർത്തും ഒരു ഇസ്‌ലാമിക രാജ്യത്ത് പുണ്യ നഗരമായ മക്കക്ക് സമീപത്തുള്ള ഒരു നഗരത്തിലാണ് ഞാൻ ഉള്ളത്.
ഇന്നുവരെ ഒരു ഹിന്ദുവാണെന്ന് കരുതി ഒരു പദവിയിലോ സൗകര്യത്തിലോ ഞാൻ ഒരിക്കലും അകറ്റപ്പെട്ടിട്ടില്ല. മറിച്ച് വളരെക്കാലമായി എന്റെ ഇവിടെയുള്ള നിലനിൽപ്പിൽ ഒരു വലിയ പങ്ക് വഹിച്ച എന്റെ മുസ്‌ലിം സുഹൃത്തുക്കളിൽ നിന്ന് വളരെയധികം പിന്തുണയും അളവറ്റ സ്നേഹവും എനിക്ക് ലഭിച്ചു.
എന്നെപ്പോലെ വിവിധ രാജ്യങ്ങളിൽ നിന്നും വിവിധ മതങ്ങളിൽ നിന്നുമുള്ള നിരവധി ആളുകൾക്ക് എല്ലാ ഇസ്ലാമിക രാജ്യങ്ങളിലും ഉടനീളം സമാധാനപരമായ രീതിയിൽ അന്നം നേടാൻ അനുവാദമുണ്ട്.
കാരണം ഇസ്‌ലാമിക രാജ്യങ്ങൾ ഒരിക്കലും മതപരമായ വിവേചനത്തിന് ശ്രമിച്ചിട്ടില്ല. അല്ലാത്തപക്ഷം ഇസ്‌ലാമിക രാജ്യങ്ങൾക്ക് മുസ്ലിംകൾക്ക് മാത്രം വിസ നൽകിയാൽ മതിയായിരുന്നു.
ഈ ഉയർന്ന ആഗോള സാമ്പത്തിക പ്രതിസന്ധിയിലും സ്വദേശിവത്ക്കരണത്തിലും പോലും ആളുകളെ അവരുടെ മതത്തിന്റെ അടിസ്ഥാനത്തിൽ ഇസ്ലാമിക രാജ്യങ്ങളിൽ നിന്ന് പുറത്താക്കുന്നില്ല എന്നത് പ്രത്യേകം ഓർക്കുക.
അങ്ങനെ സംഭവിക്കുകയാണെങ്കിൽ നിരവധി ഹിന്ദുക്കൾ, പ്രത്യേകിച്ച് കേരളത്തിൽ തൊഴിൽരഹിതരായി വീട്ടിൽ ഇരിക്കേണ്ടി വരുമായിരുന്നു.
കാര്യങ്ങൾ ഇങ്ങനെയാണെന്നിരിക്കെ ലോകത്തിലെ ഏറ്റവും വലിയ മതേതരത്വത്തിന് ഉദാഹരണമായ രാജ്യത്ത്, മതപരമായ വിവേചനത്തെയും ഇന്ത്യയെ അസ്ഥിരപ്പെടുത്തുന്നതിനെയും പ്രോത്സാഹിപ്പിക്കുന്ന ഇപ്പോഴത്തെ ഈ നിയമത്തെ നമുക്ക് എങ്ങനെ പിന്തുണക്കാൻ സാധിക്കും ?
എൻ ആർ സി യെയും സി എ ബി യെയും ഞാൻ ശക്തമായി അപലപിക്കുകയും വിമർശിക്കുകയും ചെയ്യുന്നതോടൊപ്പം ഏത് പ്രതികൂല സാഹചര്യങ്ങളിലും ഞങ്ങളുടെ പിന്തുണ എല്ലാ മുസ്‌ലിം സഹോദരി സഹോദരന്മാർക്കും ഒപ്പമുണ്ടെന്നും ഉറപ്പ് നൽകുകയും ചെയ്യുന്നു. ഇന്ത്യ നിങ്ങളുടെ രാജ്യമാണ്, ഇന്ത്യ നിങ്ങളുടെ അവകാശമാണ്, ഇന്ത്യ നിങ്ങളുടെ സ്വത്താണ്! ”
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa