കുടുംബത്തിന്റെ അത്താണികളായിരുന്നവരുടെ മരവിച്ച ശരീരങ്ങൾ; പ്രവാസിയുടെ ഹൃദയസ്പർശിയായ കുറിപ്പ്.
രാവിലെ കേട്ട ദുഃഖ വാർത്തയുടെ വിവരങ്ങൾ അറിയുന്നതിനായി ഞങ്ങൾ നേരെ പോയത് ഹമദ് ഹോസ്പിറ്റലിലേക്ക്. മോർച്ചറി ലക്ഷ്യമാക്കി നടന്നു നീങ്ങി. നേരെ എത്തിയത് മോർച്ചറിയുടെ അടുത്തുള്ള കൗണ്ടറിൽ ഇരിക്കുന്ന ആളുടെ മുന്നിൽ.
കുറച്ചു പേർ അവിടെ ദുഖത്തോടെ കയ്യും കെട്ടി നിൽക്കുന്നത് കാണാമായിരുന്നു.. കൗണ്ടറിൽ ഞാൻ അന്വേഷിച്ചു. “ലക്ഷ്മണൻ എന്നയാളുടെ”….?
മുഴുമിപ്പിക്കുന്നതിന് മുമ്പേ ജീവനക്കാരൻ പറഞ്ഞു. ഒരു മണിക്കൂർ മുമ്പ് ഇവിടെ കൊണ്ടു വന്നതേയുള്ളൂ. രേഖകളൊന്നും എത്തിയില്ല. കൗണ്ടറിന് മുന്നിലുള്ള ഒരു ചെറിയ മുറി കാണിച്ചു തന്നു. നിങ്ങൾ അവിടെ പോയി ഇരുന്നോളൂ എന്നും പറഞ്ഞു.
കുറച്ചു കഴിഞ്ഞു മരിച്ച ആളുടെ കൂടെ ജോലി ചെയ്യുന്ന ഒരാൾ വന്നു അവരുടെ ഐഡി/പാസ്പ്പോർട്ട് കോപ്പി കൗണ്ടറിൽ ഏൽപ്പിച്ചു.
മരിച്ച ലക്ഷ്മണൻ എന്ന ആളെ കാണാൻ പറ്റുമോ എന്ന് ഞങ്ങൾ ചോദിച്ചു. കുറച്ചു പേർ മാത്രം ആയത് കൊണ്ട് പെട്ടെന്ന് കാണാൻ അനുവാദം നൽകി. മോർച്ചറിയുടെ വാതിൽ തുറന്നതും ഞാൻ സ്തംഭിച്ചു പോയി.
ശിഥീകരിച്ച റൂം മുഴുവൻ അടുക്കിവെച്ച തട്ടുകളുള്ള ഇരുമ്പിന്റെ അലമാരകൾ, ഓരോന്നിലും സ്റ്റിക്കർ പതിച്ചിട്ടുണ്ട്, കുടുംബത്തിന്റെ അത്താണികളായിരുന്നു അതിനകത്തു മരവിച്ച ശരീരങ്ങൾ, അതിൽ ഒന്ന് വലിച്ചു തുറന്നു കാണിച്ചു തന്നു. ശരിക്കും കണ്ണ് നിറഞ്ഞു പോയി.
തിരിച്ചു വരുമ്പോഴേക്കും ആളുകൾ പുറത്തു കൂടികൂടി വന്നു. അന്വേഷിച്ചപ്പോഴാണ് അറിയുന്നത്. ഇന്ന് രാവിലെ എത്തിയത് ഹാർട്ട് അറ്റാക്ക് മൂലം മരണമടഞ്ഞ മൂന്ന് മൃതദേഹങ്ങൾ.
ഒന്ന് ഇവിടെ മിലിട്ടറിയിൽ ജോലി ചെയ്തിരുന്ന എടപ്പാൾ സ്വദേശി 31 വയസ്സുള്ള ‘നൗഫൽ’. രണ്ടാമത്തേത് അൽ തായിഫ് സൂപ്പർമാർക്കറ്റിൽ ഇലക്ട്രിഷ്യൻ ആയി ജോലി ചെയ്തിരുന്ന 60 വയസ്സുള്ള കാഞ്ഞങ്ങാട് സ്വദേശി ‘ലക്ഷ്മണൻ’.
സ്ഥിരമായി രാവിലെ 6 മണിക്ക് എഴുന്നേൽക്കുന്ന ലക്ഷ്മണൻ, സമയം കഴിഞ്ഞിട്ടും എഴുന്നേൽക്കാതെ ആയപ്പോൾ കൂടെയുള്ളവർ വിളിച്ചു നോക്കിയപ്പോൾ ചലനമറ്റു കിടക്കുകയായിരുന്നു.
മൂന്നാമത്തെയാൾ മലപ്പുറം കോഡൂർ സ്വദേശി 27 വയസ്സുള്ള മുനവർ ഫൈറൂസ്. ടെറസ്സിന് മുകളിൽ ഫോൺ ചെയ്തു കൊണ്ടിരുന്ന മുനവർ കുറെ കഴിഞ്ഞിട്ടും തിരിച്ചു വരാതായപ്പോൾ അന്വേഷിച്ചു ചെന്നവർ കണ്ടത് തറയിൽ വീണു കിടക്കുന്ന നിലയിൽ.
ഉറ്റവരുടെ പ്രാരാബ്ധങ്ങളുടെയും പ്രതീക്ഷകളുടെയും കോട്ടകൾ കെട്ടാൻ ഒരുപാട് പ്രതീക്ഷകളുമായി പെട്ടിയും തൂക്കിവന്ന നമ്മുടെ സഹോദരങ്ങൾ.
നാളെ അവരെ പെട്ടിയിലാക്കി തിരിച്ചയക്കുമ്പോൾ, പാവം പ്രവാസികളായ നമ്മുടെ കൂട്ടത്തിലുള്ള ഓരോരുത്തരും അവസാനം പ്രവാസത്തോടും ദുനിയാവിലെ ഈ ജീവിതത്തോടും യാത്ര പറയേണ്ടവരാണെന്നുള്ള സത്യാവസ്ഥ മറന്നു കൊണ്ടുള്ള പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിന്നു കൊണ്ട് പരസ്പരം സ്നേഹത്തോടെയും ഐക്യത്തോടെയും ഒന്നിച്ചു കഴിയാൻ നമുക്കാവട്ടെ.
സലാം ഹബീബി കാഞ്ഞങ്ങാട്
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa