കൊറോണ; ഇന്ത്യയടക്കം 7 രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് കുവൈത്തിലേക്ക് വിലക്ക്
കുവൈത്ത് സിറ്റി: കൊറോണ വൈറസ് പ്രതിരോധത്തിൻ്റെ നടപടികളുടെ ഭാഗമായി കുവൈത്തിലേക്കുള്ള 7 രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്ക്. ഒരാഴ്ചത്തേക്കാണു വിലക്ക്.
ഇന്ത്യ, ശ്രീലങ്ക, ഫിലിപൈൻസ്, ബംഗ്ളാദേശ്, സിറിയ, ലെബനാൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാനങ്ങളാണു കുവൈത്ത് സിവിൽ ഏവിയേഷൻ റദ്ദാക്കിയത്.
ഇതിനു പുറമെ ഈ പരാമർശിക്കപ്പെട്ട 7 രാജ്യങ്ങളിൽ കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ സന്ദർശനം നടത്തിയവർക്ക് കുവൈത്തിലേക്ക് പ്രവേശന വിലക്കുമുണ്ട്.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചും ഈ രാജ്യങ്ങളിൽ നിന്ന് സർവീസ് നടത്തുന്ന വിമാനക്കംബനികൾക്ക് ഇത് സംബന്ധിച്ച് സിവിൽ ഏവിയേഷൻ സർക്കുലർ നൽകിക്കഴിഞ്ഞു.
അതേ സമയം ഈ രാജ്യങ്ങളിൽ നിന്നുള്ള കുവൈത്തി പൗരന്മാർക്ക് കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കും. ഇവർക്ക് കൊറോണ ബാധിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തും.
ഈ മാസം 8 മുതൽ കുവൈത്തിലേക്ക് പോകുന്ന ഇന്ത്യയടക്കമുള്ള 10 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കൊറോണ ടെസ്റ്റ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്ന തീരുമാനം കുവൈത്ത് സർക്കാർ കാൻസൽ ചെയ്തിരുന്നു.
പ്രവാസികൾക്ക് വലിയ ആശ്വാസം നൽകിയിരുന്ന ആ വാർത്ത വന്നതിനു പിറകേയാണു ആയിരക്കണക്കിനു പ്രവാസികൾക്ക് ആശങ്ക സൃഷ്ടിച്ച് കൊണ്ട് വിമാനങ്ങൾ തന്നെ കാൻസൽ ചെയ്ത് കൊണ്ട് അധികൃതർ ഉത്തരവിട്ടിട്ടുള്ളത്.
കുവൈത്ത് നേരത്തെ ചൈന, ഹോങ്കോംഗ്, ഇറാൻ, സൗത്ത് കൊറിയ, തായ് ലാൻ്റ്, ഇറ്റലി, സിംഗപ്പൂർ, ജപാൻ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലേക്കും തിരിച്ചും യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
വെള്ളിയാഴ്ച വരെ കുവൈത്തിൽ 58 കൊറോണ വൈറസ് കേസുകളാണു റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വൈറസ് വ്യാപനം തടയുന്നതിൻ്റെ ഭാഗമായാണു കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കിയിരിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa