കോവിഡ്19 ഇത് വരെ എത്താത്ത രാജ്യങ്ങളും ഉണ്ട്
വെബ്ഡെസ്ക്: 2020 ജനുവരി 12 നു കൊറോണ കോവിഡ്19 വൈറസ് ചൈനയിൽ മാത്രം ഒതുങ്ങി നിന്ന ഒരു സംഭവമായിരുന്നു എന്ന് നമുക്കെല്ലാം അറിയാം. ചൈനക്ക് പുറത്ത് ഒരു രാജ്യത്തും ആ വൈറസിൻ്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നില്ല.
ജനുവരി 13 ൽ വൈറസ് തായ് ലാൻ്റിൽ എത്തിയതോടെ അതിനു അന്താരാഷ്ട്ര മുഖം കൈവന്നു. തുടർന്ന് ജപ്പാനിലും സൗത്ത് കൊറിയയിലും അമേരിക്കയിലും വൈറസ് വ്യാപിച്ചു. ക്രമേണ ഒരു മലവെള്ളപ്പാച്ചിൽ പോലെ വൈറസ് ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലേക്കും പകർന്നു.
ഇന്ന് ലോകത്തെ 15 ലക്ഷത്തിൽ പരം ആളുകൾക്ക് കോവിഡ്19 ബാധയേറ്റു കഴിഞ്ഞു. അതിൽ 92,000 പേർ മരണപ്പെടുകയും ചെയ്തു.
നേപാളും നികാരാഗ്വയും അടക്കമുള്ള രാജ്യങ്ങളിൽ പോലും കോവിഡ്19 സാന്നിദ്ധ്യം അറിയിച്ച സന്ദർഭത്തിൽ ഇപ്പോൾ ലോകത്ത് ഏതെങ്കിലും രാജ്യത്ത് കോവിഡ്19 എത്താത്തതായുണ്ടോ എന്ന ചോദ്യം പല കോണിൽ നിന്നും ഉയരുന്നുണ്ട്.
എന്നാൽ ഇപ്പോഴും കോവിഡ്19 വൈറസ് എത്താാത്ത രാജ്യങ്ങൾ ഉണ്ട് എന്നതാണു വാസ്തവം. 193 രാജ്യങ്ങളാണു ഐക്യരാഷ്ട്ര സംഘടനയിൽ രെജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 16 രാജ്യങ്ങളിലാണു ഇത് വരെ കോവിഡ്19 എത്തിപ്പെടാത്തത് എന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇത് വരെ കോവിഡ്19 സാന്നിദ്ധ്യം അറിയിക്കാത്ത 16 രാജ്യങ്ങൾ: യമൻ, തുർക്ക്മെനിസ്ഥാൻ , താജികിസ്ഥാൻ, നോർത്ത് കൊറിയ, കോമൊറോസ്, സോളമൻ ഐലൻ്റ്, ടൊങ്ക, തുവാലു, വനുവാതു, കിരിബാറ്റി, ലെസോതൊ, മാർഷൽ ഐലൻ്റ്സ്, മൈക്രോനേഷ്യ, നവുരു, പലവു, സമോഅ. എന്നിവയാണ്.
ഇതിൽ നോർത്ത് കൊറിയയിലെ റിപ്പോർട്ടുകൾ മൂടി വെക്കുന്നതിനാലും യമനിലേത് യുദ്ധ സാഹചര്യങ്ങൾ മൂലവുമായിരിക്കും കണക്കുകൾ പുറത്ത് വരാത്തത് എന്ന് ചിലർ അഭിപ്രായപ്പെടുന്നുണ്ട്. ഏതായാലും അവിടെയൊന്നും വൈറസ് ബാധിച്ചതായി ഔദ്യോഗിക സ്ഥിരീകരണം ഇത് വരെ വന്നിട്ടില്ല.
വൈറസ് ബാധയേൽക്കാത്ത അധിക രാജ്യങ്ങളും പുറത്ത് നിന്ന് അധികം ആളുകൾ സന്ദർശിക്കാത്ത ചെറു ദ്വീപ് രാജ്യങ്ങളാണെന്നത് ഐസൊലേഷൻ്റെ പ്രാധാന്യം കൂടി നമുക്ക് മനസ്സിലാക്കിത്തരുന്നുണ്ട്.
അതേ സമയം മുൻ കരുതലിൻ്റെ ഭാഗമായി ഈ ചെറു രാജ്യങ്ങളിൽ അധികവും ആവശ്യമായ പ്രതിരോധ നടപടികൾ എടുത്തിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa