Saturday, November 23, 2024
GCCIndiaTop Stories

ജൂൺ ഒന്ന് മുതൽ പറക്കുമെന്ന് എയർ ഇന്ത്യ; നിർദ്ദേശമില്ലാതെ ബുക്കിംഗ് ആരംഭിക്കരുതെന്ന് വ്യോമയാന മന്ത്രാലയം.

ന്യൂഡൽഹി: 2020 ജൂൺ 01 മുതൽ അന്താരാഷ്ട്ര റൂട്ടുകളിൽ പറന്നു തുടങ്ങുമെന്ന് എയർ ഇന്ത്യയുടെ പ്രസ്ഥാവന.

2020 ജൂൺ 1 മുതൽ ഉള്ള എയർ ഇന്ത്യയുടെ അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള ബുക്കിംഗ് ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. അതേസമയം മെയ് 04 മുതൽ തന്നെ ഇന്ത്യയിലെ ആഭ്യന്തര റൂട്ടുകളിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് സീറ്റുകൾ റിസർവ് ചെയ്യാം.

കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട ആഗോള ആരോഗ്യ പ്രശ്നങ്ങളുടെ വെളിച്ചത്തിൽ, 2020 മെയ് 31 വരെ എല്ലാ അന്താരാഷ്ട്ര വിമാനങ്ങളിലും ബുക്കിംഗ് സ്വീകരിക്കുന്നത് നിർത്തിവെച്ചതായാണ് ദേശീയ വിമാനക്കമ്പനിയുടെ പ്രസ്താവനയിൽ പറയുന്നത്.

എന്നാൽ 2020 മെയ് 03 വരെ മാത്രമേ എല്ലാ ആഭ്യന്തര വിമാനങ്ങളിലെയും സർവീസുകൾ മുടങ്ങൂ എന്നും, മെയ് 4 മുതൽ ആഭ്യന്തര സർവീസുകൾ പുനരാരംഭിക്കുമെന്നും പ്രസ്താവന തുടരുന്നു.

2020 മെയ് 04 മുതൽ തിരഞ്ഞെടുത്ത ആഭ്യന്തര വിമാന സർവീസുകൾ ആയിരിക്കും ഉണ്ടായിരിക്കുക. നിലവിൽ 2020 ജൂൺ 01 മുതൽ യാത്രയ്ക്കുള്ള അന്താരാഷ്ട്ര വിമാനങ്ങൾക്കുള്ള ബുക്കിംഗ് തുറന്നിട്ടുണ്ടെന്നും, എയർലൈൻ കൂട്ടിച്ചേർത്തു. 

നിലവിലെ സ്ഥിതി നിരന്തരം അവലോകനം ചെയ്യുകയാണെന്നും, പുതിയ മാറ്റങ്ങൾ അറിയിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.

എന്നാൽ നിർദ്ദേശമില്ലാതെ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കരുതെന്ന് വ്യോമയാന മന്ത്രാലയം വിമാന കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

അന്താരാഷ്ട്ര യാത്രകൾ രണ്ട് രാജ്യങ്ങൾക്ക് ഇടയിലുള്ളതായതിനാൽ ഇരു രാജ്യങ്ങളുടേയും അനുമതി യാത്രകൾക്ക് ആവശ്യമാണ്. അതുകൊണ്ട് തന്നെ ജൂൺ ഒന്ന് മുതൽ നാട്ടിലേക്കോ തിരിച്ചോ ഉള്ള യാത്രകൾ എത്രത്തോളം നടക്കും എന്നത് കണ്ടറിയേണ്ടതാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa