കോവിഡ് 19: സൗദിയിൽ രോഗം സുഖമായവരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ്; ആകെ രോഗികളുടെ എണ്ണം 30,000 കടന്നു.
ജിദ്ദ: സൗദിയിൽ കോവിഡ് രോഗത്തിൽ നിന്നും മുക്തരായവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. 955 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തരായത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 5,431ആയി.

കുറച്ച് ദിവസങ്ങളായി ഓരോ ദിവസവും സൗദിയിൽ ആയിരത്തിന് മുകളിൽ രോഗബാധ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും, ആദ്യമായിട്ടാണ് ആയിരത്തിനടുത്ത് രോഗികൾക്ക് ഒറ്റ ദിവസം രോഗം സുഖപ്പെടുന്നത്.
ഇതിനിടെ സൗദിയിൽ കൊറോണ ബാധിതരുടെ എണ്ണം 30,000 കടന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,595 പേർക്ക് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സൗദിയിൽ ആകെ രോഗികളുടെ എണ്ണം 30,251 ആയി. എട്ട് വിദേശികളും ഒരു സ്വദേശിയുമടക്കം 9 പേരാണ് ഇന്ന് മരണപ്പെട്ടത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 200 ആയി.

ജിദ്ദയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തത്, 385 പുതിയ കേസുകൾ ജിദ്ദയിൽ റിപ്പോർട്ട് ചെയ്തു. മക്കയിൽ 337 കേസുകളും ,റിയാദിൽ 230 കേസുകളും, ദമ്മാമിൽ 141 കേസുകളും പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടു.
365,093 പേരിൽ ഇതുവരെ കോവിഡ് ടെസ്റ്റ് നടത്തി. 24,620 രോഗികളാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 143 പേരുടെ നില ഗുരുതരമാണ്. രോഗികളുടെ എണ്ണം ഓരോ ദിവസവും കൂടി വരുന്നുണ്ടെങ്കിലും, രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വർദ്ധനവ് രേഖപ്പെടുത്തുന്നത് ആശ്വാസം നൽകുന്നതാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
