കൊറോണക്കൊപ്പം പ്രളയവും ദുരന്തം വിതക്കുന്നു; പൊരുതി ഒമാൻ
കൊറോണക്കൊപ്പം പ്രളയവും ഒമാനെ വലക്കുന്നു. ധോഫർ, അൽ വുസ്ത, സൗത്ത് അൽ ഷാർഖിയ ഗവർണേറ്റുകളിലാണ് മഴയും ശക്തമായ കാറ്റും നാശം വിതക്കുന്നത്. അതിനിടെ രാജ്യത്ത് ഇന്ന് മാത്രം പുതുതായി ആയിരത്തിലധികം കൊറോണ ബാധിതരാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ധോഫാർ മേഖലയിൽ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. തിങ്കളാഴ്ച വൈകുന്നേരം വരെ തൽസ്ഥിതി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്.
ധോഫാർ ഗവർണേറ്റിൽ 23 പേരെ ഒമാൻ വ്യോമ സേന രക്ഷപ്പെടുത്തുകയായിരുന്നു. മർമുൽ മേഖലയിൽ പേമാരിയെത്തുടർന്ന് ഒരു എണ്ണക്കമ്പനിയുടെ സൈറ്റിലെ കുടുങ്ങിക്കിടന്ന 23 പേരെയാണ് റോയൽ എയർഫോഴ്സ് രക്ഷപ്പെടുത്തിയത്.
അതിനിടെ ഇന്ന് രാജ്യത്ത് 1,014 പേർക്ക് കോവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. 371 ഒമാനികളും 643 വിദേശികളുമാണ് പുതുതായി ബാധിക്കപ്പെട്ടത്. ഒമാനിൽ ആദ്യമായാണ് ഒറ്റ ദിവസം ഇത്ര കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ഇതോടെ മൊത്തം പോസിറ്റീവ് കേസുകളുടെ എണ്ണം 11, 437 ആയി. രാജ്യത്ത് 46 പേർ മരണപ്പെട്ടു. 2,396 പേരാണ് ഇതുവരെ രോഗവിമുക്തരായത്.
മലയാളികൾ നിറയെ ഉള്ള സലാലയടക്കമുള്ള പ്രദേശങ്ങളിൽ ഇടിമിന്നലോടെയുള്ള ശക്തമായ കാറ്റും മഴയും തുടരുകയാണ്. പല സ്ഥലങ്ങളിലും വെള്ളപ്പൊക്കവും നാശനഷ്ടവും ഉണ്ട്. ഈ സമയം ആരും വാദി മുറിച്ചു കടക്കരുതെന്നും കടലിൽ ഇറങ്ങരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa