കോവിഡ് ബാധിച്ച് സൗദിയിൽ രണ്ട് മലയാളികൾ കൂടി മരണപ്പെട്ടു.
ദമ്മാം: കോവിഡ് ബാധിച്ച് രണ്ടു മലയാളികൾ കൂടി സൗദിയിൽ മരണപ്പെട്ടു. മലപ്പുറം തിരൂർ തലക്കടത്തൂർ കോടശ്ശേരി മുഹമ്മദ് അഷ്റഫ് (51), കൊല്ലം കൊട്ടിയം കണ്ണനല്ലൂർ തൃക്കോവിൽ വട്ടം കടപ്പുരയിടം ശരീഫ് മീരാ സാഹിബ് (46) എന്നിവരാണ് ദമ്മാമിൽ വെച്ച് മരണപ്പെട്ടത്.
അൽ കോബാറിൽ 22 വർഷമായി സൂപ്പർ മാർക്കറ്റ് നടത്തി വന്നിരുന്ന മുഹമ്മദ് അഷ്റഫിനെ, ഒരാഴ്ച മുമ്പ് പനി കഠിനമായതിനെ തുടർന്ന് ദമ്മാം സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ന്യുമോണിയയെ തുടർന്ന് ഇദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു, കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്ന ഇദ്ദേഹം ഇന്ന് രാവിലെ 10 മണിയോടെ മരണപ്പെടുകയുമായിരുന്നു. ഭാര്യ: ആരിഫ. മക്കൾ: അഫീഫ, അസ്ല, മുഹമ്മദ് അർഷാദ്.
പത്തുവർഷമായി ദമാമിൽ പ്രമുഖ കമ്പനിയിൽ ഇലക്ട്രിക്കൽ എൻജിനീയർ ആയി ജോലി ചെയ്തുവരികയായിരുന്നു മരണപ്പെട്ട ശരീഫ് മീരാ സാഹിബ്. ഒരാഴ്ച മുമ്പ് ശ്വാസ തടസ്സവും ചുമയും കഠിനമായതിനെ തുടർന്ന് ഇദ്ദേഹത്തെ ദമാം സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് അന്ത്യം സംഭവിച്ചത്.
ഭാര്യ നാസില, മക്കൾ: സൈദാലി, ശഹ്ന, ഫാരിസ്. ദമാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ ഖബറടക്കുന്നതിനുള്ള നടപടി ക്രമങ്ങൾ സാമൂഹ്യ പ്രവർത്തകൻ ഇഖ്ബാൽ ആനമാങ്ങാടിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa