പ്രവാസികൾക്ക് മടങ്ങാൻ കോവിഡ് ടെസ്റ്റ്; പ്രതീക്ഷ നൽകി മന്ത്രി കെ ടി ജലീലിൻ്റെ പ്രതികരണം
ജിദ്ദ: പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങുന്നതിനു കോവിഡ് ടെസ്റ്റ് റിസൽറ്റ് നിർബന്ധമെന്ന നിബന്ധന കേരള സർക്കാർ മുന്നോട്ട് വെച്ചതോടെ ആശങ്കയിലായ നിരവധി പ്രവാസികൾക്ക് ആശ്വാസമായി മന്ത്രി കെ ടി ജലീലിൻ്റെ പ്രതികരണം.
ജിദ്ദയിലെ മാധ്യമ പ്രവർത്തകൻ ‘നാസർ കരുളായി’ മന്ത്രി കെ ടി ജലീലിനെ നേരിട്ട് വിളിക്കുകയും സൗദിയിലെയും മറ്റു ഗൾഫ് രാജ്യങ്ങളിലെയും നിലവിലെ സാഹചര്യങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്തപ്പോഴാണു പ്രവാസികളുടെ ആശങ്ക ഇല്ലാതാക്കുന്ന തരത്തിൽ മന്ത്രി പ്രതികരിച്ചത്. മന്ത്രിയുമായി സംസാരിച്ച കാര്യങ്ങൾ മാധ്യമ പ്രവർത്തകൻ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചതിങ്ങനെ വായിക്കാം:
പ്രവാസികളുടെ_മടങ്ങിപ്പോക്ക്-സന്തോഷ വാർത്ത ! രണ്ടു ദിവസത്തിനകം ഉചിതമായി പരിഹരിക്കപ്പെടുമെന്ന് മന്ത്രി കെ.ടി ജലീലിൽ നിന്നുള്ള ഉറപ്പ്. മന്ത്രി ജലീലിനെ ഇന്നു രാവിലെ അപ്രതീക്ഷിതമായി ഫോണിൽ കിട്ടി. ഇവിടുത്തെ, സൗദിയിലെ ദൈന്യത വിശദീകരിച്ചു കൊടുത്തു. സർക്കാറിന്റെ നിബന്ധനകളുടെ ഉദ്ദേശം നൻമ ആയിരിക്കാം. പക്ഷേ സൗദിയിലൊന്നും യാത്രക്കാർക്ക് കോവിഡ് എന്നത് പ്രായോഗികമേ അല്ല എന്നും ഫലത്തിൽ ആർക്കും യാത്ര ചെയ്യാൻ പറ്റാത്ത സ്ഥിതിയുണ്ടാകുമെന്നും ബോധ്യപ്പെടുത്തിക്കൊടുത്തു.
48 മണിക്കൂറിനുള്ളിൽ കോവിഡ് ടെസ്റ്റ് നടത്തുക, റിസൽറ്റ് കിട്ടുക എന്നത് സൗദി പോലുള്ള രാജ്യങ്ങളിൽ സാധിക്കുന്നതേ അല്ല. ടെസ്റ്റിനു പകരം യാത്രക്കാർ PPE or fabric gown ധരിച്ച് വന്നാൽ പോരേ എന്നു നിർദ്ദേശിച്ചു. അതാകുമ്പോൾ ചെലവും കുറവാകും. dress നു മുകളിൽ അതു ധരിച്ചാൽ യാത്രക്കാർ സമ്പൂർണ്ണ സുരക്ഷിതരുമാകും’ എന്നും വിശദീകരിച്ചു കൊടുത്തു.
ഈ നിർദ്ദേശം ഇന്നു തന്നെ മുഖ്യമന്ത്രിയുടെ മുമ്പിൽ വയ്ക്കാമെന്നും, എല്ലാവരുടേയും സുരക്ഷ മാത്രമാണ് ലക്ഷ്യമെന്നും അതിനുതകുന്ന എല്ലാ നിർദ്ദേശങ്ങളും അനുഭാവപൂർവ്വം പരിഗണിക്കുമെന്നും ഉറപ്പു തന്നാണ് ഫോൺ വെച്ചത്.
ഇപ്പോൾ മന്ത്രിയുടെ updates വന്നു. PPE കിറ്റ്/Gown നിർദ്ദേശം സർക്കാരിന്റെ പരിഗണനയിലുണ്ട് എന്നും, അതൊഴിവാക്കി N95 മാസ്ക്കും ഗ്ലൗവും ആക്കി ചുരുക്കുന്നതും സജീവ ചർച്ചയിലുണ്ടെന്നും മന്ത്രി പറഞ്ഞു. എന്നാൽ ഗൾഫിൽ നിന്ന് test നടത്തുന്നതിനു പകരം നാട്ടിലെത്തിയ ശേഷം എല്ലാർക്കും test നടത്താനും ആലോചിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
മന്ത്രിയുടെ ഉറപ്പ് വളരെ പ്രതീക്ഷയോടെയാണു ഞങ്ങൾ കാണുന്നത്. കാരണം അത്രയും ബുദ്ധിമുട്ടനുഭവിക്കുന്ന പതിനായിരങ്ങളാണ് വിമാനവും വരുന്നത് നോക്കി കണ്ണുനട്ടിരിക്കുന്നത്. പ്രസവമടുത്ത ഗർഭിണികൾ, ജോലി നഷ്ടപെട്ട് മാസങ്ങളായി വരുമാനമില്ലാതെ മുറിക്കുള്ളിലിരിക്കുന്നവർ, മറ്റു രോഗ പീഢകളാൽ കഴിച്ചോണ്ടിരിക്കുന്ന മരുന്നു പോലും തീർന്നത് കിട്ടാതെ മാനസിക പിരിമുറുക്കമനുഭവിക്കുന്നവർ.എത്രയും പെട്ടന്ന് പരിഹരിച്ചേ മതിയാകൂ. പ്രവാസികൾ നാടിന്റെ എല്ലാമെല്ലാമാണ്.
ഗവൺമെന്റിന്റെ ഉദ്ദശ ലക്ഷ്യങ്ങളും നിർദ്ദേശങ്ങളുമെല്ലാം ഞങ്ങൾക്കറിയാം നല്ലതിനു തന്നെയാണ്. ലോകത്ത് മുൻ മാതൃകകളില്ലാത്ത മഹാ വിപത്തിനെയാണ് നാം നേരിട്ടു കൊണ്ടിരിക്കുന്നത്. അമേരിക്ക തോറ്റു. യൂറോപ്പു തോറ്റു. വൻശക്തികളെല്ലാം തോറ്റിടത്താണ് കേരളം പിടിച്ചു നിൽക്കാൻ ശ്രമിക്കുന്നതെന്നും അറിയാം. നമ്മുടെ രാജ്യം ഇന്ത്യയും കോവിഡിനു മുമ്പിൽ മുട്ടുമടക്കി. ഇപ്പോൾ റഷ്യക്കു പിറകേ നാലാം സ്ഥാനത്താണ്. അവിടെയാണ് കൊച്ചു കേരളം പിടിച്ചു നിൽക്കാൻ അവസാന കച്ചിത്തുരുമ്പും അന്വേഷിക്കുന്നത്.
അതിനു വേണ്ടി ഓരോ പുതിയ പരീക്ഷണങ്ങൾ നടത്തുകയാണ് ഗവൺമെന്റ് എന്നും അറിയാം. എന്നാൽ അത്തരം പുതിയ നിലപാടുകൾ രൂപപ്പെടുത്തുമ്പോൾ പ്രവാസ ലോകത്തെ ഒരുപാട് സാധുക്കളെ അതു ബാധിക്കുന്നതാകുമ്പോൾ ഞങ്ങൾ ഉണർത്തുന്നു എന്നു മാത്രം.
ഇവിടെ തുടരാൻ ഒരു രക്ഷയുമില്ലാത്തവരെ മാത്രമാണ് അങ്ങോട്ടു പറഞ്ഞു വിടുന്നത്. ഭാരിച്ച സമ്മർദ്ദം താങ്ങാനാകാതെ ഇവിടെ കിടന്ന് അന്ത്യശ്വാസം വലിക്കുന്നതിനു മുമ്പ് എത്രയും വേഗം അവർക്ക് നാട്ടിലെത്താൻ വേണ്ട മാറ്റത്തിരുത്തലുകൾ പുതിയ നിബന്ധനകളിൽ വരുത്തുക. കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ പ്രവാസ ലോകത്തെ എല്ലാവരുടേയും ആവശ്യം തന്നെയാ ഇത്.
മന്ത്രി ഇപ്പോൾ പറഞ്ഞ നിർദ്ദേശങ്ങൾ ഞങ്ങൾക്ക് 100 വട്ടം സ്വീകാര്യമാണ്. താമസം വിനാ അത് അന്തിമമാക്കി നടപ്പാക്കാൻ വേണ്ട നിർദ്ദേശങ്ങൾ നൽകുക. പ്രതീക്ഷയോടെയാണ് ഞങ്ങളുടെ കാത്തിരിപ്പ്. വൈകുന്തോറും ഞങ്ങളുടെ നെഞ്ചിടിപ്പ് കൂടും.ഞങ്ങളെ നിരാശരാക്കില്ലെന്ന ധൈര്യത്തോടെ നിർത്തുന്നു.
”സൗദിയിലേക്കുള്ള വന്ദേ ഭാരത് വിമാനങ്ങളുടെ എണ്ണം വളരേ കുറവാണ്. 4th phase ൽ അത് വർധിപ്പിക്കേണ്ടതിനും ഇരു ഗവൺമെന്റുകളുടേയും കാരുണ്യം ഞങ്ങൾക്കു വേണ്ടതുണ്ട്”. എന്ന് കൂടി എഴുതി നാസർ കരുളായി കുറിപ്പ് അവസാനിക്കുന്നു. ഏതായാലും സർക്കാർ പ്രവാസികളുടെ പ്രയാസങ്ങൾ കണ്ടറിഞ്ഞ് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് തന്നെ പ്രതീക്ഷിക്കാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa